മുന്നേറ്റം ഭയന്ന് അസദിന്റെ സൈന്യം പിന്തിരിഞ്ഞോടി; അനുഭവം പങ്കുവെച്ച് വിമതർ
text_fieldsഡമസ്കസ്: സിറിയയിൽ വിമത സായുധ വിഭാഗത്തിന്റെ മുന്നേറ്റം ഭയന്ന് ബശ്ശാറുൽ അസദിന്റെ സൈന്യം പിന്തിരിഞ്ഞോടുകയായിരുന്നെന്ന് റിപ്പോർട്ട്.
സൈന്യം പിന്മാറുകയും ചെക്ക്പോസ്റ്റുകൾ ഒഴിഞ്ഞുപോകുകയും ചെയ്തതോടെയാണ് മിന്നൽവേഗത്തിൽ ഡമസ്കസ് പിടിച്ചെടുക്കാൻ ഹൈഅതു തഹ്രീർ അശ്ശാമിന് കഴിഞ്ഞതെന്നും ഗാർഡിയൻ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിമത പോരാളികളെയും സിറിയൻ സൈനികരെയും ഉദ്ധരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
വിമതർക്കെതിരെ പ്രതിരോധ സേനയെ മുന്നിൽനിന്ന് നയിച്ചത് ഹിസ്ബുല്ലയുടെയും ഇറാൻ പിന്തുണയുള്ള പോരാളികളുമായിരുന്നു. ഇവർ വളരെ ശക്തമായ പ്രതിരോധമാണ് തീർത്തത്. പരാജയപ്പെടുത്തുകയെന്നത് കടുത്ത വെല്ലുവിളിയായിരുന്നു. എന്നാൽ, ഹിസ്ബുല്ലയുടെയും ഇറാന്റെയും പോരാളികൾ വിമതർക്ക് മുന്നിൽ കീഴടങ്ങിയതോടെ ഔദ്യോഗിക സിറിയൻ സേന പിന്തിരിഞ്ഞോടിയെന്നും വടക്കുപടിഞ്ഞാർ സിറിയയിലെ വിമത സേനയുടെ പോരാളിയായ അബൂ ബിലാൽ പറഞ്ഞു.
വിമത മുന്നേറ്റം കണ്ടിട്ടും അസദ് ഭരണകൂടം മിണ്ടാതിരിക്കുകയായിരുന്നു. അലപ്പോ അടക്കമുള്ള നഗരങ്ങളിലേക്ക് വിമതർ കടന്നുവരുന്ന ദൃശ്യങ്ങൾ ആസൂത്രിതമായി നിർമിച്ചതാണെന്നായിരുന്നു സർക്കാർ മാധ്യമങ്ങളുടെ റിപ്പോർട്ട്. എങ്കിലും, ഒന്നിന് പിന്നാലെ മറ്റൊന്നായി ഓരോ നഗരങ്ങളും വിമതർ പിടിച്ചടക്കി.
ആയുധംവെച്ച് കീഴടങ്ങാൻ സിറിയൻ സൈനികർക്ക് വിമതർ മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പിനൊപ്പം നൽകിയ മൊബൈൽ നമ്പറിലേക്ക് 5000 സൈനികരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് വിളിച്ചതെന്ന് വിമത കമാൻഡർ അബൂ ഹംസ പറഞ്ഞു. കീഴടങ്ങാൻ കുടുംബം നിർബന്ധിച്ചെന്നാണ് പലരും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡമസ്കസിനെ ലക്ഷ്യമിട്ട് വിമതർ മുന്നേറുമ്പോഴും അസദിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമുണ്ടായിരുന്നില്ല. അസദ് ഓഫിസിൽ തിരക്കിട്ട ജോലിയിലാണെന്നാണ് അപ്പോഴും മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. അസദിനെ ദിവസങ്ങളോളം കാണാതിരുന്നതോടെ സൈനികർക്ക് നേതാവില്ലാതായി. മറ്റുള്ളവരെല്ലാം സ്ഥലംവിട്ടതോടെ താൻ മാത്രമാണ് സൈനിക താവളത്തിൽ ബാക്കിയുണ്ടായിരുന്നതെന്ന് ഡമസ്കസിനടുത്തുള്ള അൽ നബകിൽ ജോലി ചെയ്തിരുന്ന സിറിയൻ സൈനിക ജനറൽ സിയാദ് സൂഫ് പറഞ്ഞു. അസദ് രാജ്യം വിട്ടെന്ന് ഒരു സംഘം വഴിയാത്രക്കാർ പറഞ്ഞതോടെ പുലർച്ച രണ്ടിന് താൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും അദ്ദേഹം അനുഭവം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.