ആക്രമണം സെൻട്രൽ ബൈറൂത്തിലേക്കും
text_fieldsബൈറൂത്: പോരാട്ടം ഹിസ്ബുല്ലയും ഇസ്രായേലും തമ്മിൽ മാത്രമായി ഒതുങ്ങില്ലെന്നും ലബനാൻ ഔദ്യോഗിക സൈന്യം കൂടി വലിച്ചിഴക്കപ്പെടുമെന്നും വിലയിരുത്തൽ. സെൻട്രൽ ബൈറൂത്തിലേക്ക് കൂടി ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നത് ലബനാൻ -ഇസ്രായേൽ നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കും. സർക്കാറിതര സായുധ സംഘമായ ഹിസ്ബുല്ലയുടെ സ്വാധീന മേഖലയായ ദക്ഷിണ ലബനാനിലാണ് ഇതുവരെ കാര്യമായ ആക്രമണം നടന്നിരുന്നത്.
ലബനാൻ സൈന്യം പ്രത്യാക്രമണത്തിൽ പങ്കുവഹിച്ചിരുന്നില്ല. എന്നാൽ, ബഷൂറയിൽ ലബനാൻ പ്രധാനമന്ത്രിയുടെ ഓഫിസിന് ഒരു കിലോമീറ്റർ അകലെയാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഇതിൽ ആറുപേർ കൊല്ലപ്പെട്ടു. സെൻട്രൽ ബൈറൂത്തിൽ ഏഴ് ആരോഗ്യ പ്രവർത്തകരും രക്ഷാപ്രവർത്തകരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ ലബനാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. രണ്ട് ലബനാൻ സൈനികർ വ്യാഴാഴ്ച കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടയിലാണ് ഇവരുടെ മരണം. ഇസ്രായേൽ സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടുന്നത് ഹിസ്ബുല്ല പോരാളികളാണ്. രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തിനും യുദ്ധരംഗത്തേക്ക് ഇറങ്ങേണ്ടി വരുന്ന നിലയിൽ സംഭവങ്ങൾ വികസിക്കുകയാണ്. അതിനിടെ ലബനാനിൽ കടന്നുകയറാൻ ശ്രമിച്ച ഇസ്രായേൽ സൈന്യത്തിന് ഹിസ്ബുല്ല കനത്ത തിരിച്ചടി നൽകി. എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സമ്മതിക്കുന്നു.
എന്നാൽ, ചുരുങ്ങിയത് 14 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരയുദ്ധത്തിൽ തിരിച്ചടി ശക്തമായതോടെ, വ്യോമാക്രമണത്തിലാണ് ഇസ്രായേൽ ഇപ്പോൾ ശ്രദ്ധയൂന്നുന്നത്. ഹിസ്ബുല്ല വ്യാഴാഴ്ച ഇസ്രായേലിലേക്ക് 200ലേറെ റോക്കറ്റുകൾ തൊടുത്തു. സംഘടന തലവൻ ഹസൻ നസ്റുല്ലയും മുതിർന്ന കമാൻഡർമാരും കൊല്ലപ്പെട്ടിട്ടും ഹിസ്ബുല്ലയുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി ആരോപണം
ബൈറൂത്: ദക്ഷിണ ലബനാനിൽ ആക്രമണത്തിന് ഇസ്രായേൽ നിരോധിത വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി ആരോപണം. നേരത്തെ ഗസ്സയിലും ഇത്തരം സ്ഫോടക വസ്തു ഉപയോഗിച്ചതായി ആരോപണമുയർന്നിരുന്നു. ഇസ്രായേൽ സൈന്യം ഇതിനോട് പ്രതികരിച്ചില്ല. അന്തര്‍ദേശീയ യുദ്ധനിയമം ജനവാസ മേഖലയില്‍ ഇത്തരം ബോംബുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നു. അന്തരീക്ഷത്തില്‍ എത്തിയാല്‍ 800 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2500 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ കത്തിജ്ജ്വലിക്കുന്നതാണ് വൈറ്റ് ഫോസ്ഫറസ്. ചെറിയ പോറല്‍ പോലും ആന്തരികാവയവങ്ങളെ പോലും നശിപ്പിച്ചുകളയുന്ന അതിമാരക ആയുധം ഉപയോഗിക്കുന്നതിനെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.