മൂന്നാം ഡോസ് വാക്സിനെടുത്തവരുടെ ശരീരത്തിലെ ആന്‍റിബോഡി അഞ്ചു മുതൽ പത്തുവരെ മടങ്ങ് വർധിച്ചെന്ന് വാക്സിൻ കമ്പനി
text_fieldsവാഷിങ്ടൺ: കോവിഡ് വാക്സിന്റെ മൂന്നാം ഡോസിന് അമേരിക്കയിൽ അനുമതി തേടാൻ ഔഷധ നിർമാണ കമ്പനിയായ ഫൈസർ. ഒരു വർഷത്തിനുള്ളിൽ മൂന്നാം ഡോസ് സ്വീകരിച്ചാൽ പ്രതിരോധ ശേഷി വളരെയധികം കൂടുമെന്നും കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദത്തെ വരെ തടയുമെന്നും കമ്പനി അവകാശപ്പെട്ടു. ലോകത്ത് അതിവേഗം പടരുന്ന ഡെൽറ്റ വകഭേദത്തിന് ഉൾപ്പെടെ വിവിധ കമ്പനികളുടെ കോവിഡ് വാക്സിനുകൾ ശക്തമായ സംരക്ഷണം തീർക്കുന്നതായി നിരവധി രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. നിശ്ചിത കാലത്തിന് ശേഷം ആന്‍റിബോഡി പതുക്കെ കുറയുന്നതായും ഇത് വർധിപ്പിക്കാൻ എപ്പോഴാണ് പുതിയ ഡോസ് നൽകേണ്ടതെന്ന പഠനവും നടക്കുന്നുണ്ട്.
രണ്ടാം ഡോസുമായി താരതമ്യപ്പെടുത്തുേമ്പാൾ മൂന്നാം ഡോസ് വാക്സിനെടുത്തവരുടെ ശരീരത്തിലെ ആന്‍റിബോഡി അഞ്ചു മുതൽ പത്തുവരെ മടങ്ങ് വർധിച്ചതായി ഫൈസർ കമ്പനിയുടെ ഗവേഷണ വിഭാഗം തലവൻ ഡോ.മൈക്കൽ ഡോൽസ്റ്റൺ പറഞ്ഞു. മൂന്നാം ഡോസ് വാക്സിന് അടിയന്തിര അനുമതി നൽകണമെന്ന് ആഗസ്റ്റിൽ അമേരിക്കൻ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മൂന്നാം ഡോസ് ആവശ്യമുണ്ടോ എന്ന് പൊതുജനാരോഗ്യ വകുപ്പിലെ വിദഗ്ധരാണ് തീരുമാനിക്കേണ്ടതെന്ന് വാൻഡെർബിൽറ്റ് യൂനിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലെ രാക്സിൻ വിദഗ്ധൻ ഡോ.വില്യം ഷാഫ്നർ പറഞ്ഞു.
ഡെൽറ്റ വകഭേദത്തിലൂടെ ആന്‍റിബോഡി കുറയുേമ്പാൾ പ്രതിരോധശേഷിയെ ബാധിച്ച് നേരിയ അണുബാധയുണ്ടാകുന്നുണ്ട്. വാക്സിൻ നൽകുന്നതിലൂടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യം കൂടി ഒഴിവാക്കുകയാണ് ലക്ഷ്യം. ആദ്യ ഡോസ് തന്നെ പൂർത്തിയാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ മൂന്നാം ഡോസ് വാക്സിൻ നൽകുക എന്നത് വലിയ പരിശ്രമം ആവശ്യമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ജനസംഖ്യയിൽ 48 ശതമാനമാണ് പൂർണമായി വാക്സിനെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.