ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ലെബനാൻ അതിർത്തിയിലും ഏറ്റുമുട്ടൽ
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം കനത്ത ആക്രമണം തുടരുന്ന ഗസ്സയിൽ 313 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 2000ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന്‍റെ ഭാഗമായാണ് ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടക്കുന്നത്. വൈദ്യസഹായം പോലും നൽകാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്‍റ് സൊസൈറ്റി പറയുന്നു. ഇസ്രായേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.
അതിനിടെ, ഇസ്രായേൽ-ലെബനാൻ അതിർത്തിയിലും ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ലെബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല, ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനയായ ഹമാസിന് പിന്തുണയുമായി ഇസ്രായേൽ സൈന്യത്തിന് നേരെ ഷെല്ലാക്രമണം നടത്തി. ഇസ്രായേലിന്‍റെ റഡാർ സ്റ്റേഷനുകളേയും വടക്കൻ പ്രദേശങ്ങളെയും ലക്ഷ്യമിട്ടാണ് ഷെല്ലാക്രമണം. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്രായേൽ സൈന്യം പ്രത്യാക്രമണം നടത്തുകയാണ്.
സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സുരക്ഷാ അവലോകന യോഗം വിളിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തെൽ-അവിവിലെത്തി സാഹചര്യങ്ങൾ വിശകലനം ചെയ്യുകയാണ്. ഗസ്സക്ക് സമീപത്തെ ഇസ്രായേൽ ടൗണുകളിൽ കഴിയുന്നവരെ 24 മണിക്കൂറിനകം ഒഴിപ്പിക്കുമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിന് മുന്നോടിയായാണിത്.
ഇന്നലെ ഇസ്രായേലിന് നേരെ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ രംഗത്തെത്തി. അൽ അഖ്‌സ മസ്ജിദിന്‍റെ കാര്യത്തിൽ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് ഹനിയ്യ പറഞ്ഞു. ഹമാസിന്‍റെ ഉടമസ്ഥതയിലുള്ള അൽ അഖ്സ ടെലിവിഷനാണ് ഹനിയ്യയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്തത്.
ഇസ്രായേലിൽ കടന്നുകയറി ഹമാസ് ഇന്നലെ നടത്തിയ മിന്നലാക്രമണത്തിൽ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്. 750ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്‍റെ പേരിൽ എണ്ണൂറോളം ഇസ്രായേലി കുടിയേറ്റക്കാരും ജൂത പുരോഹിതരും കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹമാസിന്‍റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്. ‘അൽ അഖ്സ ഫ്ലഡ്’എന്ന പേരിട്ട് ശനിയാഴ്ച രാവിലെ 6.30 മുതൽ ആരംഭിച്ച ആക്രമണത്തിൽ ഗസ്സയിൽനിന്ന് രണ്ടായിരത്തിലേറെ റോക്കറ്റുകൾ ഇസ്രായേൽ പ്രദേശങ്ങളിൽ പതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.