സിംഹളരുടെയും തമിഴരുടെയും മുസ്‌ലിംകളുടെയും എല്ലാ ലങ്കക്കാരുടെയും ഐക്യമാണ് വിജയത്തിന്‍റെ അടിത്തറ -ദിസനായകെ
text_fieldsകൊളംബോ: എല്ലാ ശ്രീലങ്കക്കാരുടെയും ഐക്യമാണ് തെരഞ്ഞെടുപ്പിലെ തന്‍റെ വിജയത്തിന്‍റെ അടിത്തറയെന്ന് നിയുക്ത പ്രസിഡന്‍റും ഇടത് നേതാവുമായ അനുര കുമാര ദിസനായകെ. സിംഹളരുടെയും തമിഴരുടെയും മുസ്‌ലിംകളുടെയും, എല്ലാ ശ്രീലങ്കക്കാരുടെയും ഐക്യമാണ് ഈ പുതിയ തുടക്കത്തിന്‍റെ അടിത്തറ. നൂറ്റാണ്ടുകളായി നാം വളർത്തിയെടുത്ത സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. ഈ വിജയം ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവർത്തനത്തിന്‍റെ ഫലമല്ല. ആയിരങ്ങളുടെ ഒന്നിച്ചുള്ള പ്രയത്നത്തിന്‍റെ ഫലമാണ്. നിങ്ങളുടെ പ്രതിബദ്ധതയാണ് ഞങ്ങളെ ഇത്രയും ദൂരം എത്തിച്ചത്. അതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ വിജയം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ് -ദിസനായകെ പറഞ്ഞു.
ഈ ലക്ഷ്യത്തിലേക്കെത്തുന്നതിനായി വിയർപ്പും കണ്ണീരും സ്വന്തം ജീവിതവും പോലും ബലിയർപ്പിച്ച നിരവധി പേരുണ്ട്. അവരുടെ ത്യാഗമാണ് ഈ യാത്രയ്ക്ക് വഴിയൊരുക്കിയത്. അത് മറക്കില്ല. അവരുടെ പ്രതീക്ഷകളുടെയും പോരാട്ടങ്ങളുടെയും ചെങ്കോൽ ഞങ്ങൾ ഉയർത്തിപ്പിടിക്കും. അതിലുള്ള ഉത്തരവാദിത്തം തിരിച്ചറിയുന്നു. പ്രതീക്ഷ നിറഞ്ഞ ദശലക്ഷക്കണക്കിന് കണ്ണുകൾ ഞങ്ങളെ മുന്നോട്ട് നയിക്കുന്നു, ഒപ്പം ശ്രീലങ്കൻ ചരിത്രം തിരുത്തിയെഴുതാൻ ഞങ്ങൾ തയാറാണ്. ഒരു പുതിയ തുടക്കത്തിലൂടെ മാത്രമേ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയൂ. സിംഹളരുടെയും തമിഴരുടെയും മുസ്‌ലിംകളുടെയും, എല്ലാ ശ്രീലങ്കക്കാരുടെയും ഐക്യമാണ് ഈ പുതിയ തുടക്കത്തിന്‍റെ അടിത്തറ. ഒരുമിച്ചുള്ള ഈ കരുത്തിൽ നിന്നും കാഴ്ചപ്പാടിൽ നിന്നും നാം തേടുന്ന നവോത്ഥാനം ഉയരും. നമുക്ക് കൈകോർത്ത് ഒരുമിച്ച് ഭാവിയെ രൂപപ്പെടുത്താം -ദിസനായകെ പറഞ്ഞു.
ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) വിശാല മുന്നണി സ്ഥാനാർഥിയായാണ് അനുര കുമാര ദിസനായകെ വിജയിച്ചത്. മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയായ ജെ.വി.പി (ജനത വിമുക്തി പെരമുന) നേതാവാണ് ദിസനായകെ. തിങ്കളാഴ്ച പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 42.31 ശതമാനം വോട്ടുകൾ നേടിയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ദിസനായകെ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.