ഫെബ്രുവരിയിൽ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
text_fieldsഇസ്ലാമാബാദ്: അടുത്ത വർഷം ഫെബ്രുവരിയിൽ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാകിസ്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ. മണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കുന്നതിനും വോട്ടർ പട്ടിക പുതുക്കുന്നതിനും ഒരുക്കങ്ങൾ നടക്കുന്നതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പാകിസ്താൻ മുസ്‍ലിംലീഗ് (എൻ) വിഭാഗത്തിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പു നൽകിയത്.
വെള്ളിയാഴ്ച തിരഞ്ഞെടുപ്പു സംബന്ധിച്ച് പി.എം.എൽ-എൻ വിഭാഗം തെരഞ്ഞെടുപ്പു കമീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബറിൽ പുനർനിർണയ പ്രക്രിയ അവസാനിച്ചതിന് ശേഷം മാത്രമേ വോട്ടർപട്ടിക പുതുക്കാനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ എന്ന ഊഹാപോഹങ്ങൾ അദ്ദേഹം നിഷേധിച്ചു. രണ്ട് ജോലികളും ഒരേസമയം പൂർത്തിയാക്കുമെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉറപ്പുനൽകിയതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് യോഗത്തിന് ശേഷം പി.എം.എൽ-എൻ നേതാക്കളായ അഹ്‌സൻ ഇഖ്ബാൽ, അസം നസീർ തരാർ, സാഹിദ് ഹമീദ് എന്നിവരും അറിയിച്ചു. തിരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമാകുമെന്നും എല്ലാ പാർട്ടികൾക്കും തുല്യ അവസരങ്ങൾ ലഭിക്കുമെന്നും ചീഫ് ഇലക്ഷൻ കമീഷണർ ഉറപ്പ് നൽകി. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.