അവിശ്വാസം പാസായതിനെ തുടർന്ന് ഫ്രഞ്ച് സർക്കാർ നിലംപതിച്ചു; പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്ത്
text_fieldsപാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്ക് എതിരായി പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ബാർണിയറെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ സർക്കാർ നിലംപതിച്ചു. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായതോടെയാണ് ബാർണിയ പുറത്താകുന്നത്.
1962 നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ സര്‍ക്കാറുമാണ് ബാര്‍ണിയറുടേത്. ഏറ്റവും കുറഞ്ഞകാലം ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായ ആൾ എന്ന റെക്കോഡും ബാർണിയർക്കാണ്. മൂന്ന് മാസം മുൻപാണ് ബാർണിയർ ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 331 എംപിമാരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. അടുത്ത സര്‍ക്കാറിനെ നിയമിക്കുംവരെ ബാര്‍ണിയര്‍ കാവല്‍പ്രധാനമന്ത്രിയായി തുടരും. ജൂലൈയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എൽ.ആര്‍ പാര്‍ട്ടി നേതാവായ മിഷല്‍ ബാര്‍ണിയറെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇടതുപാർട്ടികളുടെ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് തെരഞ്ഞെടുപ്പിൽ 190 സീറ്റും മാക്രോണിന്‍റെ എൻസെംബിൾ സഖ്യം 160 സീറ്റും മരീൻ ലെ പെന്നിന്‍റെ തീവ്ര വലതുപാർട്ടിയായ നാഷനൽ റാലി 140 സീറ്റുമാണ് നേടിയത്.
സർക്കാർ രൂപീകരണത്തിന് ക്ഷണം ലഭിക്കേണ്ട ഇടതുസഖ്യത്തെ മാക്രോൺ തഴയുകയായിരുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷ സഖ്യത്തെ തഴഞ്ഞ് ബാർണിയയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ കടുത്ത വിമർശനം ഉയർന്നിരുന്നു.
ഫ്രാന്‍സിന്‍റെ ധനക്കമ്മി കുറക്കാന്‍ ലക്ഷ്യമിട്ട ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാര്‍ലമെന്‍റില്‍ വോട്ടെടുപ്പില്ലാതെ നിയമനിര്‍മാണം നടത്താന്‍ അനുവദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 49.3 ആണ് പ്രധാനമന്ത്രി പ്രയോഗിച്ചത്. ഇടതു സഖ്യത്തിന്‍റെ പ്രമേയത്തെ തീവ്ര വലതുപക്ഷ വിഭാഗവും പിന്തുണയ്ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.