Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒന്നര വർഷം മുന്നേ...

ഒന്നര വർഷം മുന്നേ താലിബാന്​ അമേരിക്ക ഉറപ്പുകൾ നൽകി​; 2020 ഫെബ്രുവരി 29ന്​ ദോഹയിൽ അമേരിക്കയും താലിബാനും ഒപ്പിട്ട കരാറിന്‍റെ പൂർണരൂപം

text_fields
bookmark_border
Doha Agreement taliban usa
cancel
camera_alt

യു.എസ് പ്രതിനിധി സൽമയ് ഖലീൽസാദ് (ഇടത്), താലിബാൻ പ്രതിനിധി അബ്ദുൽ ഗനി ബരദാർ (വലത്) എന്നിവർ ദോഹയിൽ വെച്ച് സമാധാന​ കരാറിൽ ഒപ്പിടുന്നു (ഫയൽ ചിത്രം)

കാബൂൾ: അഫ്​ഗാനിസ്​താനിലെ അഷ്​റഫ്​​ ഗനി സർക്കാറിനെ പൂർണമായും തഴഞ്ഞും താലിബാനെ അംഗീകരിച്ചുമായിരുന്നു 2020 ഫെബ്രുവരി 29ന്​ അമേരിക്കയും താലിബാനും തമ്മിൽ ദോഹയിൽ വെച്ച്​ സമാധാന കരാറിൽ ഒപ്പുവെച്ചത്​. അമേരിക്കൻ സൈന്യത്തെ അഫ്​ഗാനി​ൽനിന്ന് ഘട്ടംഘട്ടമായി​ പിൻവലിക്കുമെന്നും തടവുകാരെ മോചിപ്പിക്കുമെന്നും കരാറിൽ വ്യക്​തമാക്കിയിരുന്നു. ഇസ്​ലാമിക്​ എമിറേറ്റ്​ ഓഫ്​ അഫ്​ഗാനിസ്​ഥാനും (താലിബാൻ) യുനൈറ്റഡ്​ സ്​റ്റേറ്റ്​സ്​ ഓഫ്​ അമേരിക്കയും തമ്മിലാണ്​ കരാർ ഒപ്പുവെച്ചത്​.

പുതുതായി നിലവിൽ വരാൻ പോകുന്ന അഫ്ഗാൻ ഇസ്ലാമിക് ഗവൺമെൻറുമായി ചേർന്നുകൊണ്ട് അഫ്ഗാൻ പുനർനിർമിക്കാനുള്ള പദ്ധതിക്ക് അമേരിക്ക സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്നും ഈ കരാറിലുണ്ട്​.

അമേരിക്കയും താലിബാനും 2020 ഫെബ്രുവരി 29ന്​ തയാറാക്കിയ കരാറിന്‍റെ പൂർണരൂപം:

അഫ്ഗാനിസ്​താനിൽ സമാധാനം സ്ഥാപിക്കാൻ ഇസ്​ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനും, ഇസ്​ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടനയും യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും തമ്മിലുള്ള ഉടമ്പടി.

ഫെബ്രുവരി 29, 2020

ഹിജ്റ ലൂണാർ കലണ്ടർ പ്രകാരം റജബ് മാസം 5-ാം തീയതി, 1441-ാം വർഷം. ഹിജ്റ സോളാർ കലണ്ടർ പ്രകാരം ഹൂത് മാസം 10-ാം തീയതി, 1398-ാം വർഷം.

സമഗ്രമായ ഈ ഉടമ്പടി നാല് ഭാഗമായി വിഭജിച്ചിരിക്കുന്നു:

1. അമേരിക്കയുടെയും അമേരിക്കൻ സഖ്യകക്ഷികളുടെയും സുരക്ഷക്ക്​ ഭീഷണിയുയർത്തുന്ന യാതൊരു തരത്തിലുള്ള പ്രവർത്തനങ്ങൾക്കും അഫ്ഗാനിസ്​താൻ ഭരണകൂടത്തിന്‍റെ അധീനതയിലുള്ള പ്രദേശം വ്യക്തികളോ സംഘങ്ങളോ ഉപയോഗിക്കുകയില്ല എന്നും പ്രസ്തുത പ്രതിജ്ഞ ഉറപ്പുവരുത്താനായുള്ള നടപടികൾ കൈകൊള്ളേണ്ടതുമാണ്.

2. നിശ്ചിത സമയത്തിനുള്ളിൽ അഫ്ഗാനിസ്​താനിൽ നിലവിൽ നിലയുറപ്പിച്ചിരിക്കുന്ന മുഴുവൻ വിദേശ സൈന്യങ്ങളെയും പിൻവലിക്കുമെന്ന് ഉറപ്പുനൽകുകയും അവ പ്രഖ്യാപിക്കുകയും പ്രസ്തുത പ്രതിജ്ഞ സാധ്യമാക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളേണ്ടതുമാണ്.

3. അഫ്ഗാനിസ്​താനിൽ നിലവിലുള്ള എല്ലാ വിദേശ സൈന്യങ്ങളെയും നിശ്ചിത സമയത്തിനുള്ളിൽ പിൻവലിക്കുമെന്നും അഫ്ഗാനിസ്​താൻ ഭരണകൂടത്തിന് കീഴിലുള്ള പ്രദേശങ്ങൾ അമേരിക്കയുടെയോ അമേരിക്കൻ സഖ്യകക്ഷകളുടെയോ സുരക്ഷക്ക്​ ഭീഷണിയാകുന്ന യാതൊരു തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഉപയോഗികപ്പെടുകയില്ലെന്നും അന്താരാഷ്ട്ര സാക്ഷികൾക്കു മുമ്പാകെ ഉറപ്പു നൽകുകയും പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞാൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടന അഫ്ഗാനിസ്​താനിലെ വിവിധ വിഭാഗങ്ങളുമായി 2020 മാർച്ച് 10-ാം തീയതി മുതൽ, അഥവാ ഹിജ്റ ലൂണാർ കലണ്ടർ പ്രകാരം റജബ് മാസം 15-ാം തീയതി, 1441-ാം വർഷം, അഥവാ ഹിജ്റ സോളാർ കലണ്ടർ പ്രകാരം ഹൂത് മാസം 20-ാം തീയതി, 1398-ാം വർഷം ചർച്ചകൾ ആരംഭിക്കുന്നതാണ്.

4. സുസ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ കരാർ താലിബാനും അഫ്ഗാനിലെ ഇതര കക്ഷികളുമായുള്ള ചർച്ചയിലെ പ്രധാന വിഷയമാകും. പ്രസ്തുത ചർച്ചയിൽ സുസ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ കരാർ പ്രഖ്യാപനത്തിന്‍റെ തീയതിയെ സംബന്ധിച്ചും പ്രസ്തുത കരാർ സാധ്യമാക്കാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ചും അഫ്ഗാനിസ്​താന്‍റെ ഭാവി രാഷ്​ട്രീയഘടന സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ സ്വീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും.


മുകളിൽ പ്രസ്​താവിച്ച നാല് ഉപാധികളും പരസ്പര ബന്ധിതമാണ്. മാത്രമല്ല, പ്രസ്തുത ഉപാധികൾ മുൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സമയബന്ധിതമായും അഫ്ഗാനിലെ വിവിധ കക്ഷികളുമായി ചർച്ച ചെയ്തു തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടിക്രമങ്ങൾക്കനുസ്യൂതമായും നടപ്പാക്കുന്നതാണ്.

മുകളിൽ പ്രസ്​താവിച്ച ആദ്യത്തെ രണ്ട് ഉപാധികൾ നടപ്പിൽവരുത്താനുള്ള ഉടമ്പടിയുടെ വിശദാംശങ്ങളാണ് താഴെ പ്രസ്​താവിച്ചിട്ടുള്ളത്. ഉടമ്പടിയിൽ ഭാഗമായ ഇരുകക്ഷികളും മേൽ പ്രസ്​താവിച്ച ആദ്യത്തെ രണ്ട് ഉപാധികൾ പരസ്പര ബന്ധിതമാണ് എന്ന് അംഗീകരിക്കുന്നു. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താന്‍റെ കടമ എന്നത്, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടനയുടെ ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട ഉത്തരാവാദിത്വങ്ങൾ നിലവിൽ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ മാത്രം പരിമിതപ്പെട്ടു നിൽക്കുന്നതാണ്. മാത്രമല്ല അഫ്ഗാനിസ്​താനിലെ വിവിധ കക്ഷികളുമായി നടത്തിയ ചർച്ചകളിലൂടെ രൂപം കൊണ്ട, പുതുതായി നിലവിൽ വരാൻ പോകുന്ന അഫ്ഗാൻ ഇസ്ലാമിക് ഗവൺമെന്‍റ്​ നിലവിൽ വരുന്നത് വരെ മാത്രമേ താലിബാന് ഈ ഉടമ്പടിയോട് ബാധ്യത ഉണ്ടായിരിക്കുകയുള്ളൂ.

ഭാഗം ഒന്ന്

ഈ ഉടമ്പടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ അന്നു മുതൽ അടുത്ത 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്​താനിൽ നിലവിൽ വിന്യസിക്കപ്പെട്ട മുഴുവൻ അമേരിക്കൻ സൈനികരെയും അമേരിക്കൻ സഖ്യകക്ഷികളുടെ സൈന്യങ്ങളെയും നയതന്ത്ര പ്രതിനിധികൾ അല്ലാത്ത വ്യക്തികളെയും സ്വകാര്യ സുരക്ഷ കരാറുകാരെയും അവരുടെ പരിശീലകരെയും ഉപദേശകരെയും പിൻവലിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. അതിനായി താഴെ നിഷ്കർഷിച്ച നടപടികൾ കൈകൊള്ളുന്നതാണ്:

A. അമേരിക്കയും അമേരിക്കയുടെ സഖ്യകക്ഷികളും അടുത്ത 135 ദിവസത്തിനുള്ളിൽ താഴെ പറയുന്ന നടപടികൾ സ്വീകരിക്കുന്നതാണ്:

1) അഫ്ഗാനിസ്​താനിലുള്ള അമേരിക്കൻ സൈനികരുടെ എണ്ണം 8600 ആയി ചുരുക്കും. അതോടൊപ്പം അമേരിക്കൻ സഖ്യകക്ഷി സൈന്യങ്ങളുടെ എണ്ണവും ആനുപാതികമായി കുറക്കും.

2) അമേരിക്കയും അമേരിക്കൻ സഖ്യകക്ഷികളും അഞ്ച് മിലിട്ടറി ബേസുകളിൽനിന്നുള്ള തങ്ങളുടെ മുഴുവൻ സൈനികരെയും പിൻവലിക്കും.

B. ഇസ്​ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശ രാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്ന് ഈ ഉടമ്പടിയുടെ രണ്ടാം ഭാഗത്ത് അറിയപ്പെടുന്ന സംഘടനയുമായുള്ള ഉടമ്പടിയുടെ പൂർത്തീകരണത്തിനായി, അമേരിക്കയും അമേരിക്കൻ സഖ്യകക്ഷികളും താഴെ പറയുന്ന നടപടികൾ നിറവേറ്റുന്നതായിരിക്കും:

1) ശേഷം വരുന്ന 9.5 മാസം കൊണ്ട് അമേരിക്കയും അമേരിക്കയുടെ സഖ്യകക്ഷികളും തങ്ങളുടെ മുഴുവൻ സൈനികരെയും അഫ്ഗാൻ മണ്ണിൽനിന്ന് പിൻവലിക്കുന്നതായിരിക്കും.

2) അമേരിക്കയും അമേരിക്കൻ സഖ്യകക്ഷികളും ബാക്കിയുള്ള മുഴുവൻ മിലിട്ടറി ബേസുകളിൽനിന്നും തങ്ങളുടെ മുഴുവൻ സൈനികരെയും പിൻവലിക്കുന്നതായിരിക്കും.

C. അഫ്ഗാനിലെ യുദ്ധ തടവുകാരുടെയും രാഷ്ട്രീയ തടവുകാരുടെയും മോചനത്തിനായി അഫ്ഗാനിലെ മുഴുവൻ കക്ഷികളുമായും ബന്ധപ്പെടാനും ചർച്ച ചെയാനും അതുവഴി എല്ലാവർക്കും സ്വീകാര്യമായ ഒരു ഉടമ്പടിയിലൂടെ പ്രസ്തുത മോചനം സാധ്യമാക്കാനും അതുവഴി ഭാവി അഫ്ഗാനിസ്​താനിലെ മുഴുവൻ കക്ഷികൾക്കും ഇടയിൽ പരസ്പര വിശ്വാസവും സഹവർത്തിത്വവും സാധ്യമാക്കാൻ വേണ്ടി പ്രവർത്തിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്.

കരാറിലെ ഭാഗങ്ങൾ

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടനയുടെ അയ്യായിരത്തോളം വരുന്ന തടവകാരുടെയും ആയിരത്തോളം വരുന്ന മറു വിഭാഗത്തിന്‍റെ തടവുകാരെയും അഫ്ഗാനിസ്​താനിലെ വിവിധ കക്ഷികൾ തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുന്ന ദിനമായ മാർച്ച് 10, 2020 അഥവാ ഹിജ്റ ലൂണാർ കലണ്ടർ പ്രകാരം റജബ് മാസം 15-ാം തീയതി, 1441-ാം വർഷം, അഥവാ ഹിജ്റ സോളാർ കലണ്ടർ പ്രകാരം ഹൂത് മാസം 20-ാം തീയതി, 1398-ാം വർഷം മോചിപ്പിക്കുന്നതായിരിക്കും.

ഈ ഉടമ്പടിയിൽ കക്ഷികളായ പ്രസക്ത വിഭാഗങ്ങൾക്ക് മാർച്ച് പത്തിന് ശേഷം വരുന്ന മൂന്ന് മാസങ്ങൾക്കുള്ളിൽ തങ്ങളുടെ തടവിലുള്ള മുഴുവൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാനുള്ള ലക്ഷ്യമുണ്ട്. അമേരിക്ക പ്രസ്തുത ലക്ഷ്യത്തോട് പ്രതിജ്ഞാബദ്ധമാണ്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടന പ്രസ്തുത ഉടമ്പടിയെ അംഗീകരിക്കുകയും തങ്ങളുടെ മോചിപ്പിക്കപ്പെടുന്ന തടവുകാർ ഈ ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിക്കുകയും തൽഫലമായി അവർ അമേരിക്കക്കോ അമേരിക്കൻ സഖ്യകക്ഷികൾക്കോ യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും ഉയർത്തുകയില്ല എന്നും പ്രതിജ്ഞ ചെയ്തിരിക്കുന്നു.

D. അഫ്ഗാനിലെ ആഭ്യന്തര വിഭാഗങ്ങളുമായുള്ള ചർച്ചകൾ ആരംഭിക്കുന്നതോടെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെതിരെ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടനക്കെതിരായും പ്രസ്തുത സംഘത്തിലെ അംഗങ്ങൾക്കെതിരായും യുനൈറ്റഡ് സ്റ്റേറ്റ്സ് ചുമത്തിയ വിലക്കുകൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി യുനൈറ്റഡ് സ്റ്റേറ്റ്സ് ഭരണതലത്തിലും നയതന്ത്ര തലത്തിലും പുനരാലോചനകൾ നടത്തുകയും 2020 ആഗസ്റ്റ് 27-ാം തീയതിയോടു കൂടി, അഥവാ ഹിജ്റ ലൂണാർ കലണ്ടർ പ്രകാരം മുഹറം മാസം 8-ാം തീയതി, 1442-ാം വർഷം, അഥവാ ഹിജ്റ സോളാർ കലണ്ടർ പ്രകാരം സൗൺബോലാ മാസം 6-ാം തീയതി, 1399-ാം വർഷത്തോടു കൂടി പ്രസ്തുത വിലക്കുകൾ നീക്കം ചെയ്യുകയും ചെയ്യുന്നതായിരിക്കും.

E. അഫ്ഗാനിലെ ആഭ്യന്തര ശക്തികൾ തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുന്നതോടെ, യുനൈറ്റഡ് സ്റ്റേറ്റ്സ് ഐക്യരാഷ്​ട്ര സഭയുടെ സുരക്ഷ സമിതിയിലെ മറ്റ് അംഗരാജ്യങ്ങളുമായും അഫ്ഗാനിസ്​താനുമായും നയതന്ത്ര ചർച്ചകൾ ആരംഭിക്കുകയും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടനയുടെ അംഗങ്ങൾക്കെതിരെ ചുമത്തപ്പെട്ട വിലക്കുകൾ നീക്കം ചെയ്യാൻ പരിശ്രമിക്കുകയും 2020 മെയ് 29-ാം തീയതി, അഥവാ ഹിജ്റ ലൂണാർ കലണ്ടർ പ്രകാരം ശവ്വാൽ മാസം 6-ാം തീയതി, 1441-ാം വർഷം, അഥവാ ഹിജ്‌റ സോളാർ കലണ്ടർ പ്രകാരം ജവസ മാസം 9-ാം തീയതി, 1399-ാം വർഷത്തോടുകൂടി പ്രസ്തുത ലക്ഷ്യം നേടിയെടുക്കാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്യും.

F. അമേരിക്കയും അമേരിക്കൻ സഖ്യകക്ഷികളും അഫ്ഗാനിസ്​താനിന്‍റെ ഭൗമ അതിർത്തിക്കുള്ളിൽ ഏത് തരത്തിലുമുള്ള സൈനിക ബല പ്രയോഗത്തിൽനിന്നും അഫ്ഗാനിസ്​താന്‍റെ രാഷ്​ട്രീയ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിൽനിന്നും അഫ്ഗാനിസ്​താന്‍റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽനിന്നും സ്വയം അകന്നുനിൽക്കും എന്നും സ്വയം സാക്ഷ്യപ്പെടുത്തുന്നു.


ഭാഗം രണ്ട്

ഈ ഉടമ്പടിയുടെ പ്രഖ്യാപനത്തെയും അവയുടെ ലക്ഷ്യങ്ങളെയും സാധൂകരിച്ചുകൊണ്ട്, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടില്ലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടന, അഫ്ഗാനിസ്​താന്‍റെ ഭൗമ അതിർത്തിക്കുള്ളിൽ അൽ-ഖ്വയ്ദ അടക്കമുള്ള ഒരു സംഘടനയെയും വ്യക്തികളെയും അമേരിക്കയുടെയോ അമേരിക്കൻ സഖ്യകക്ഷികളുടെയൊ സുരക്ഷക്ക്​ ഭീഷണിയുയർത്തുന്ന തരത്തിലുള്ള യാതൊരുവിധ പ്രവർത്തനങ്ങൾക്കും അനുവദിക്കുകയില്ല എന്ന് പ്രതിജ്ഞ എടുക്കുന്നതിനൊപ്പം അവ ഉറപ്പുവരുത്താൻ താഴെ പറയുന്ന നടപടികൾ കൈകൊള്ളുമെന്ന് ഉറപ്പുനൽകുന്നു:

1. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടില്ലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടന, അഫ്ഗാനിസ്​താന്‍റെ ഭൗമ അതിർത്തിക്കുള്ളിൽ താലിബാന്‍റെ പ്രവർത്തകർക്കോ അൽ-ഖ്വയ്ദ അടക്കമുള്ള ഒരു സംഘടനക്കോ വ്യക്തികൾക്കോ അമേരിക്കയുടെയോ അമേരിക്കൻ സഖ്യകക്ഷികളുടെയൊ സുരക്ഷക്ക്​ ഭീഷണിയുയർത്തുന്ന തരത്തിലുള്ള യാതൊരുവിധ പ്രവർത്തനങ്ങൾക്കും അനുവദിക്കുകയില്ല.

2. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടന, അമേരിക്കയുടെയോ അമേരിക്കൻ സഖ്യകക്ഷികളുടെയോ സുരക്ഷക്ക്​ ഭീഷണി ഉയർത്തുന്നവർക്ക് അഫ്ഗാനിൽ ഇടമില്ല എന്ന കൃത്യവും ശക്തവുമായ സന്ദേശം കൈമാറുമെന്നും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനിലെ അംഗങ്ങൾ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടില്ലത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടനയിലെ അംഗങ്ങൾ അമേരിക്കയുടെയോ അമേരിക്കൻ സഖ്യകക്ഷികളുടെയോ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന വൃക്തികളുമായോ സംഘങ്ങളുമായോ സഹരികരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം എന്ന കണിശമായ ഉത്തരവ് നൽകും.

3. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശ രാഷ്ട്രമായി അമേരിക്ക അംഗീകരിച്ചിട്ടില്ലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടന അഫ്ഗാനിൽ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയുടെയും സംഘടനയുടെയും, അമേരിക്കയുടെയും അമേരിക്കൻ സഖ്യകക്ഷികളുടെയും രാജ്യ സുരക്ഷയെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുമെന്നും അത്തരത്തിലുള്ള സംഘങ്ങൾ അനുയായികളെ ചേർക്കുന്നതിൽനിന്നും ധനസമാഹരണം നടത്തുന്നതിൽനിന്നും സായുധ പരിശീലനം നേടുന്നതിൽനിന്നും തടയുമെന്നും ഈ ഉടമ്പടിയിൽ അംഗീകരിച്ചതിന് വിരുദ്ധമായി അവരെ ഒരു തരത്തിലും അഫ്ഗാനിസ്​താന്‍റെ അതിർത്തിക്കുള്ളിൽ തുടരാൻ അനുവദിക്കില്ല.

4. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടില്ലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടന, രാഷ്ട്രീയ അഭയം തേടുന്നവരെയും അഭയാർത്ഥികളെയും അന്താരാഷ്ട്ര അഭയാർത്ഥി നിയമമനുസരിച്ചും ഈ ഉടമ്പടിയുടെ താൽപ്പര്യങ്ങളെ റദ്ദു ചെയ്യാത്ത വിധത്തിലും സ്വീകരിക്കുമെന്നും അതുവഴി അഭയം തേടുന്ന വ്യക്തി ഒരു തരത്തിലും അമേരിക്കയുടെയോ അമേരിക്കൻ സഖ്യകക്ഷികളുടെയോ സുരക്ഷയെ ഭീഷണിയിലാക്കില്ല എന്നും വ്യക്തമാക്കുന്നു.

5. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടന, അമേരിക്കയുടെയോ അമേരിക്കൻ സഖ്യകക്ഷികളുടെയോ സുരക്ഷയെ ഭീഷണിയിലാക്കുന്ന വ്യക്തികൾക്കോ സംഘടനയിലെ അംഗങ്ങൾക്കോ അഫ്ഗാനിസ്​താനിൽ പ്രവേശിക്കാൻ അനുവദിച്ചുകൊണ്ട് വിസയോ പാസ്പോർട്ടുകളോ യാത്രാനുമതികളോ നിയമപ്രബല്യമുള്ള മറ്റു രേഖകളോ നൽകുകയില്ല.

ഭാഗം മൂന്ന്

1. അമേരിക്ക ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിക്കു മുമ്പാകെ ഈ ഉടമ്പടിക്ക് അംഗ രാജ്യങ്ങളുടെ അംഗീകാരവും പിന്തുണയും അഭ്യർത്ഥിക്കും.

2. അമേരിക്കയും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്​താനെ ഒരു ദേശരാഷ്​ട്രമായി അമേരിക്ക അംഗീകരിച്ചിട്ടിലാത്തതിനാൽ താലിബാൻ എന്നറിയപ്പെടുന്ന സംഘടനയും ഗുണപരമായ പരസ്​പര ബന്ധം സാധ്യമാക്കാൻ പരിശ്രമിക്കുകയും അഫ്ഗാനിലെ രാഷ്​ട്രീയ ശക്തികൾ തമ്മിലുള്ള ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും ശേഷം രൂപംകൊള്ളാൻ പോകുന്ന പുതിയ അഫ്ഗാൻ ഇസ്ലാമിക് ഗവൺമെന്‍റുമായുള്ള അമേരിക്കയുടെ ബന്ധം അഫ്ഗാനിലെ ആഭ്യന്തര ശക്തികൾ തമ്മിലുള്ള ചർച്ചയിൽ തീരുമാനിച്ചതുപോലെ ഗുണപരമാവും എന്ന് പ്രതീക്ഷിക്കുന്നു.

3. അഫ്ഗാനിലെ ആഭ്യന്തര രാഷ്​ട്രീയ ശക്തികളുമായുള്ള ചർച്ചയിൽ തീരുമാനിച്ചതു പോലെ പുതുതായി നിലവിൽ വരാൻ പോകുന്ന അഫ്ഗാൻ ഇസ്ലാമിക് ഗവൺമെൻറുമായി ചേർന്നുകൊണ്ട് അഫ്ഗാൻ പുനർനിർമിക്കാനുള്ള പദ്ധതിക്ക് അമേരിക്ക സാമ്പത്തിക സഹകരണം ആഗ്രഹിക്കുന്നു. മുൻ നിശ്ചയിച്ചതു പ്രകാരം അഫ്ഗാനിസ്​താന്‍റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ല.

ഫെബ്രുവരി 29-ാം തീയതി, 2020, അഥവാ ഹിജ്റ ലൂണാർ കലണ്ടർ പ്രകാരം റജബ് മാസം 5-ാം തീയതി, 1441-ാം മാസം, അഥവാ ഹിജ്‌റ സോളാർ കലണ്ടർ പ്രകാരം ഹൂത്ത് മാസം 10-ാം തീയതി, 1398-ാം മാസം, ഖത്തർ തലസ്ഥാനമായ ദോഹയിൽ വച്ച് നടന്ന സമ്മേളനത്തിൽ ​െവച്ച് എല്ലാ കക്ഷികളും പ്രസ്തുത ഉടമ്പടിയുടെ പഷ്ത്തോ, ധാരി, ഇംഗ്ലീഷ് ഭാഷകളിലുള്ള പകർപ്പുകളിൽ ഉടമ്പടിയിൽ ഔദ്യോഗികമായി ഒപ്പിട്ടു. എല്ലാ ഭാഷകളിലുള്ള പകർപ്പുകളും ആധികാരികമാണ്.

വിവർത്തനം: സിബ്​ഹത്തുള്ള

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanAfghanistan
News Summary - The full text of the agreement signed by the United States and the Taliban in Doha on February 29, 2020
Next Story