35,000 അടി ഉയരത്തിൽ പറക്കവെ ഐസ് വീണ് ചില്ല് തകർന്നു; വിമാനം അടിയന്തരമായി നിലത്തിറക്കി
text_fieldsലണ്ടൻ: 200 യാത്രികരുമായി 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിെൻറ വിൻഡ്സ്ക്രീൻ മഞ്ഞുകട്ട വീണ് തകർന്നു. എമർജൻസി ലാൻഡിങ് നടത്തിയ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ വിമാനത്തിന് 1000 അടി ഉയരത്തിൽ പറക്കുകയായിരുന്ന മറ്റൊരു വിമാനത്തിൽനിന്നാണ് മഞ്ഞുകട്ട വീണത്. ദശലക്ഷത്തിൽ ഒന്നുമാത്രം സാധ്യതയുള്ള അപകടമാണ് സംഭവിച്ചതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഡിസംബർ 24നായിരുന്നു അപകടം. ലണ്ടനിലെ ഗാറ്റ്വിക്കിൽനിന്ന് കോസ്റ്റാ റികയിലെ സാൻജോസിലേക്ക് പോകുകയായിരുന്നു ബ്രിട്ടീഷ് എയർവേസിെൻറ ബോയിങ് 777 വിമാനം. രണ്ട് ഇഞ്ച് കനത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് സമാനമായ കരുത്തുള്ള ഗ്ലാസാണ് വിമാനങ്ങളുടെ വിൻഡ്സ്ക്രീനിന് ഉപയോഗിക്കാറ്. അടിയന്തര ലാൻഡിങ്ങിന് വിധേയമായ വിമാനം തകരാർ പരിഹരിച്ച് 50 മണിക്കൂറിന് ശേഷമാണ് സർവിസ് തുടരാൻ സാധിച്ചത്. ക്രിസ്മസ് ആഘോഷിക്കാൻ പുറപ്പെട്ടവരായിരുന്നു യാത്രക്കാരിൽ കൂടുതലും.
ഇവരുടെ ആഘോഷം അലങ്കോലമായതിലും അപകടം സംഭവിച്ചതിലും ബ്രിട്ടീഷ് എയർവേസ് മാപ്പപേക്ഷ നടത്തി. പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയേ വിമാനം പറത്താനാകൂവെന്നും അതിനാലാണ് ഇത്ര വൈകിയതെന്നും കമ്പനി വ്യക്തമാക്കി. വിമാനയാത്രാ തുക തിരിച്ചുനൽകുമെന്നു പറഞ്ഞ ബ്രിട്ടീഷ് എയർവേസ് യാത്ര വൈകിയതിന് 520 പൗണ്ട് വീതം നഷ്ടപരിഹാരമായി നൽകുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.