നർഗീസ്: ഭരണകൂടത്തിന്റെ കണ്ണിലെ കരട്
text_fieldsതെഹ്റാൻ: പഠന കാലത്തുതന്നെ ഇറാൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിട്ടുണ്ട് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇറാൻ സാമൂഹിക പ്രവർത്തക നർഗീസ് മുഹമ്മദി. 13 തവണ തടവിലാക്കപ്പെട്ടത് ഇവരോടുള്ള ഭരണകൂട സമീപനത്തിന്റെ തെളിവാണ്.
പരിഷ്‍കരണ വാദ പ്രസിദ്ധീകരണങ്ങളിൽ മാധ്യമപ്രവർത്തകയായി നർഗീസ് നടത്തിയ ഇടപെടലുകൾ അധികൃതരെ പ്രകോപിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇറാനിലെ നിരോധിത ‘ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്റർ’ വൈസ് പ്രസിഡന്റായിരുന്നു. ഇതിന്റെ സ്ഥാപക ഷിറിൻ ഇബാദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ വർഷം 22കാരിയായ കുർദ് വനിത മഹ്‌സ അമീനി ധാർമിക പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെച്ചൊല്ലി നടന്ന വൻ പ്രതിഷേധങ്ങളുടെ പേരിലും നർഗീസ് ജയിലിലായിരുന്നു. 2018ൽ നർഗീസിന് അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ ആന്ദ്രേ സഖറോവ് പുരസ്കാരം ലഭിച്ചു. പെൻ അമേരിക്ക അവാർഡും ലഭിച്ചിട്ടുണ്ട്. പർവതാരോഹണത്തിൽ തൽപരയായിരുന്നുവെങ്കിലും രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നാനായിരുന്നു നർഗീസിന്റെ തീരുമാനം. പാശ്ചാത്യൻ മാധ്യമങ്ങൾ നർഗീസിന്റെ നേട്ടത്തിന് വലിയ പ്രാധാന്യം നൽകി.
ഇറാനിലെ പ്രക്ഷോഭത്തിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കാൻ നർഗീസിന്റെ നേട്ടം വഴിയൊരുക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. സമാധാന നൊബേലിനോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.