മഹ്സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക അറസ്റ്റിൽ
text_fieldsതെഹ്റാൻ: മഹ്സ അമിനിയെന്ന യുവതി ധാർമിക പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചത് പുറത്തുവിട്ട മാധ്യമപ്രവർത്തക നിലൂഫർ ഹമീദിയെ ഇറാൻ അറസ്റ്റ് ചെയ്തു. നിലൂഫറിനെ തടവിലാക്കിയ കുപ്രസിദ്ധമായ എവിൻ ജയിലിലാണ് കഴിഞ്ഞദിവസം വെടിവെപ്പും തീവെപ്പുമുണ്ടായത്. ഇതോടെ, കുടുംബം സുരക്ഷയെക്കുറിച്ച് ആശങ്കയറിയിച്ചിട്ടുണ്ട്.
ജയിലിലെ അക്രമത്തിൽനിന്ന് രക്ഷപ്പെട്ടതായി നിലൂഫർ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 16നാണ് മഹ്സ അമിനിയുടെ മരണവാർത്ത ട്വിറ്ററിലൂടെ നിലൂഫർ ഹമീദി ലോകത്തെ അറിയിച്ചത്.
ഇറാനെതിരെ ഉപരോധത്തിന് ഇ.യു
ലക്സംബർഗ്: ഹിജാബിനെതിരായ സമരക്കാരെ അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച് ഇറാനെതിരെ ഉപരോധനീക്കവുമായി യൂറോപ്യൻ യൂനിയൻ. 11 ഇറാൻ അധികൃതർക്കെതിരെയും നാല് സ്ഥാപനങ്ങൾക്കെതിരെയുമാണ് ഉപരോധനീക്കം. യൂറോപ്യൻ യൂനിയൻ അംബാസഡർമാരും വിദേശകാര്യ മന്ത്രിമാരും പട്ടികക്ക് അംഗീകാരം നൽകി. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലേക്ക് വിസവിലക്കും ആസ്തികൾ മരവിപ്പിക്കലുമാണ് ഉദ്ദേശിക്കുന്നത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാരെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിന് നേരെ കണ്ണടക്കാനാകില്ലെന്ന് ജർമൻ വിദേശകാര്യമന്ത്രി അന്നലെന ബെയർബോക് പറഞ്ഞു.
ഇറാൻ ജയിൽ കലാപം; മരണം എട്ടായി
ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ എവിൻ ജയിലിൽ വെടിവെപ്പിലും കലാപത്തിലും മരണം എട്ടായി. ഒരുസംഘം തടവുകാർ കലാപമുയർത്തുകയായിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും മനുഷ്യാവകാശ പ്രവർത്തകർ ഇതിൽ സംശയം പ്രകടിപ്പിക്കുന്നു. വിദേശികൾ ഉൾപ്പെടെ രാഷ്ട്രീയ തടവുകാരെ പാർപ്പിച്ച് കുപ്രസിദ്ധി നേടിയതാണ് എവിൻ ജയിൽ.
മരണസംഖ്യ കൂടുതലാകാമെന്നും അവർ പറയുന്നു. നാലുപേർ വെടിയേറ്റും നാലുപേർ തീവെപ്പിൽ പുക ശ്വസിച്ചുമാണ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്. രാഷ്ട്രീയ തടവുകാരല്ല, കവർച്ചക്കേസിൽ പിടിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന അധികൃത ഭാഷ്യത്തിലും മനുഷ്യാവകാശ കൂട്ടായ്മകൾ സംശയം പ്രകടിപ്പിച്ചു. ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി (22) മരിച്ചതിനെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.