തകർന്നത് ‘കാഖോവ്ക കടൽ’; പിന്നിലാരെന്ന് അവ്യക്തം
text_fieldsകിയവ്: തെക്കൻ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ പ്രദേശത്തുള്ള വൻ അണക്കെട്ടിെന്റ തകർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കുമെന്ന് ആശങ്ക. യുക്രെയ്ൻ സൈന്യവും നാറ്റോയും റഷ്യയെ കുറ്റപ്പെടുത്തുമ്പോൾ റഷ്യ തിരിച്ചും ആരോപണമുന്നയിക്കുകയാണ്. സമീപ പ്രദേശങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളെയാണ് ഇതിനകം മാറ്റിപ്പാർപ്പിച്ചത്.
റഷ്യൻ അധിനിവേശത്തിന് കീഴിലുള്ള കേഴ്സൺ മേഖലയിലെ നോവ കാഖോവ്കയിലാണ് ‘കാഖോവ്ക ഹൈഡ്രോഇലക്ട്രിക് പവർ പ്ലാന്റ്’ സ്ഥിതിചെയ്യുന്നത്. സോവിയറ്റ് കാലഘട്ടത്തിൽ നിർമിച്ച ഈ ഡാം, ഡിനിപ്രോ നദിയിലെ ആറ് ഡാമുകളിലൊന്നാണ്. ചില ഭാഗങ്ങളിൽ മറുകര കാണാൻ സാധിക്കാത്തതിനാൽ ‘കാഖോവ്ക കടൽ’ എന്നാണ് ആളുകൾ ഈ അണക്കെട്ടിനെ വിളിക്കുന്നത്. അമേരിക്കയിലെ ഊട്ടയിലുള്ള ഗ്രേറ്റ് സാൾട്ട് ലേക്കിലേതിന് തുല്യമായ വെള്ളം ഈ അണക്കെട്ടിലുണ്ട്.
അണക്കെട്ടിൽ ഭീകരമായ വിള്ളലുണ്ടായതായി ചിത്രങ്ങളിലും വിഡിയോ ദൃശ്യങ്ങളിലും കാണാം. ഇതിലൂടെ വെള്ളം പുറത്തേക്ക് കുത്തിയൊഴുകുകയായിരുന്നു. ദിവസങ്ങൾകൊണ്ടുണ്ടായ തകർച്ചയാണ് ഇതെന്ന് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. അണക്കെട്ടിന് കുറുകെയുള്ള ഒരു റോഡ് ജൂൺ രണ്ടിന് തകർന്നതായി ചിത്രങ്ങളിൽ വ്യക്തമാണ്. എന്നാൽ, ചൊവ്വാഴ്ച വരെ വെള്ളത്തിെന്റ ഒഴുക്കിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. റോഡ് തകർച്ചയും അണക്കെട്ടിലെ വിള്ളലും തമ്മിൽ ബന്ധമുണ്ടോയെന്നും വ്യക്തമല്ല.
റഷ്യ മനഃപൂർവം അണക്കെട്ട് തകർത്തതാണെന്നാണ് യുക്രെയ്ൻ സൈന്യം ആരോപിക്കുന്നത്. പ്രത്യാക്രമണത്തിനായി അണക്കെട്ട് വഴിയുള്ള റോഡിലൂടെ യുക്രെയ്ൻ സൈനികർ തങ്ങളുടെ നിയന്ത്രണ മേഖലയിൽ എത്തിയേക്കുമെന്ന് റഷ്യ ആശങ്കപ്പെടുന്ന സാഹചര്യത്തിൽ ഇതിന് സാധ്യത കൂടുതലുമാണ്. എന്നാൽ, 2014ൽ തങ്ങൾ പിടിച്ചെടുത്ത ക്രീമിയൻ ഉപദ്വീപിലേക്ക് വെള്ളം തടയുന്നതിനുവേണ്ടി യുക്രെയ്ൻ നടത്തിയ അട്ടിമറിയാണ് അണക്കെട്ട് തകർച്ചയെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.
കർഷകർ ഉൾപ്പെടെ വലിയൊരു ജനവിഭാഗം ആശ്രയിക്കുന്നതാണ് ഈ അണക്കെട്ടിലെ വെള്ളം. 100 മീ. അകലെ റഷ്യൻ നിയന്ത്രണത്തിലുള്ള സപോരിഷിയ ആണവോർജ നിലയത്തിലേക്ക് ശീതീകരണ വെള്ളം എത്തിക്കുന്നതും ഇവിടെനിന്നാണ്. അടിയന്തര ആണവ സുരക്ഷ ഭീഷണിയൊന്നുമില്ലെന്നും എന്നാൽ, സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും ഇന്റർനാഷനൽ ആറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ) അറിയിച്ചു. അണക്കെട്ടിൽനിന്ന് സപോരിഷിയയിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന ഏറ്റവും താഴ്ന്ന ജലനിരപ്പായ 12.7 മീറ്ററിൽ താഴെയായാൽ ആണവ നിലയത്തെ തണുപ്പിക്കാൻ ബദൽ ജലസ്രോതസ്സുകൾ ഉണ്ടെന്ന് പിന്നീട് ഒരു പ്രസ്താവനയിൽ ഏജൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.