ഗസ്സയിലും ലബനാനിലും കൂട്ടക്കൊല തുടരുന്നു; ഇസ്രായേലിൽ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം
text_fieldsഗസ്സ സിറ്റി/ബൈറൂത്: ഇസ്രായേൽ വ്യോമാക്രമണത്തിൽ ബുധനാഴ്ച ഗസ്സയിൽ 46 പേരും ലബനാനിൽ 33 പേരും കൊല്ലപ്പെട്ടു. ഗസ്സക്ക് അടിയന്തര സഹായം എത്തിക്കാൻ യു.എസ് നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ച ശേഷമായിരുന്നു ഇസ്രായേൽ ആക്രമണം.
വടക്കൻ ഗസ്സയിലെ ബൈത് ഹനൂനിലെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. കമാൽ അദ്‌വാൻ ആശുപത്രിയിലെ സന്നദ്ധ ഡോക്ടർ ദമ്പതികളും മകളും കൊല്ലപ്പെട്ടതായി ഡയറക്ടർ ഹുസാം അബൂ സഫിയ പറഞ്ഞു.
മുവാസിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേരെയും വധിച്ചു. ശേഷിക്കുന്ന 20 പേർ മധ്യ, തെക്കൻ ഗസ്സയിലുണ്ടായ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ വിഭാഗം അറിയിച്ചു.
വടക്കൻ ഗസ്സയിലെ ജബലിയയിൽ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്. ഇസ്രായേൽ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇവിടെ ജനവാസം ഇല്ലാതാക്കാനാണ് നീക്കമെന്നാണ് ഫലസ്തീനികളുടെ ആശങ്ക. വീടുകളിൽനിന്നും ഷെൽട്ടറുകളിൽനിന്നും ആളുകളെ സൈന്യം പുറത്താക്കുകയാണ്.
ലബനാനിൽ ബൈറൂത്തിന് സമീപം അപ്പാർട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. മധ്യ ലബനാനിൽ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, വടക്കൻ ഇസ്രായേലിലെ നഹാരിയയിൽ റോക്കറ്റ് പൊട്ടിത്തെറിച്ച് രണ്ടുപേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈഫ നഗരത്തിലേക്കും ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ഉണ്ടായി. 2023 ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 43,712 ആയി; ലബനാനിൽ 3287 പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.