സെൻ നദിയിൽ നീന്തി മന്ത്രിയും മേയറും
text_fieldsപാരിസ്: ഒളിമ്പിക്സ് വേദികളിൽപ്പെടുന്ന സെൻ നദിയിൽ നീന്തി കായിക മന്ത്രിയും മേയറും. നദിയിലെ വെള്ളം ഉപയോഗിക്കാമെന്ന് തെളിയിക്കാൻ ശനിയാഴ്ചയാണ് മന്ത്രി അമേലി ഔഡിയ കാസ്റ്റേര ഇറങ്ങിയത്. ബുധനാഴ്ച പാരിസ് മേയർ ആന്‍ ഹിഡാല്‍ഗോ മന്ത്രിയുടെ പാത പിന്തുടർന്നു. മലിനമായി കിടന്നിരുന്ന നദി വൃത്തിയാക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ മേയർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വൃത്തിയാക്കി മത്സര യോഗ്യമാക്കാനായിട്ടില്ലെന്ന് മാധ്യമങ്ങൾ ആശങ്ക പ്രകടപ്പിച്ചതോടെയാണ് മന്ത്രിയും മേയറും പുഴയിലിറങ്ങി നീന്തിയത്. ഉദ്ഘാടനച്ചടങ്ങുകളുടെയും മാരത്തണടക്കം ചില നീന്തൽ മത്സരങ്ങളുടെയും വേദിയാണ് സെൻ നദി.
ഇകോളി ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിച്ചതിനാൽ നൂറ്റാണ്ടിലധികമായി ഈ നദിയില്‍ നീന്തലിന് വിലക്കുണ്ടായിരുന്നു. വടക്കന്‍ ഫ്രാന്‍സിലൂടെ ഒഴുകുന്ന സെന്നിന്റെ നീളം 777 കിലോമീറ്ററാണ്. പാരിസ് നഗരത്തിന്റെ മാലിന്യങ്ങൾ ഏറ്റുവാങ്ങുന്ന പുഴയുമാണിത്. അഴുക്കുചാലുകള്‍ ശാസ്ത്രീയമല്ലാത്തതിനാലാണ് മാലിന്യം നേരിട്ട് നദിയിലെത്തുന്നത്. ഒളിമ്പിക്സ് പ്രമാണിച്ച് സെൻ മാലിന്യമുക്തമാക്കുന്നതിനും അഴുക്കുചാല്‍ നവീകരണത്തിനും ശതകോടികളുടെ പദ്ധതി അഞ്ചുവർഷം മുമ്പ് ആവിഷ്കരിച്ചു.
കൂറ്റന്‍ ജലസംഭരണിയും നിർമിച്ചു. അതേസമയം, നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വിദഗ്ധർക്ക് പോലും വലിയ അറിവില്ലെന്നും മാധ്യമങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.