ബാൾട്ടിമോർ പാലത്തിലിടിച്ച കപ്പലിൽ അപകടസാധ്യതയുള്ള സാമഗ്രികൾ; രാസവസ്തുക്കൾ നദീജലത്തിൽ കലർന്നു
text_fieldsബാൾട്ടിമോർ: യു.എസ് സംസ്ഥാനമായ മേരിലാൻഡിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ (എൻ.ടി.എസ്.ബി) റിപ്പോർട്ട് പുറത്ത്. കപ്പലിൽ അതീവ അപകട സാധ്യതയുള്ള സാമഗ്രികളടങ്ങിയ 56 കണ്ടെയ്നറുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
രാസവസ്തുക്കളും വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും ലിഥിയം അയൺ ബാറ്ററികളും അടക്കമുള്ളവ കപ്പലിൽ ഉണ്ടായിരുന്നു. കപ്പൽ പാലത്തിലിടിച്ചതിന് പിന്നാലെ ചില കണ്ടെയ്‍നറുകൾ തകരുകയും രാസവസ്തുക്കൾ നദിയിൽ കലരുകയും ചെയ്തിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ച 1.30നാണ് മേരിലാൻഡിലെ നീളമേറിയ ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലം ചരക്ക് കപ്പലിടിച്ച് തകർന്നത്. ബാൾട്ടിമോർ തുറമുഖത്തു നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ പതാകയുള്ള ദാലി എന്ന ചരക്കുകപ്പലാണ് പറ്റാപ്സ്കോ പുഴക്ക് കുറുകെ 56 മീറ്റർ ഉയരത്തിൽ നിർമിച്ച ഇരുമ്പ് പാലത്തിൽ ഇടിച്ചത്.
2.6 കിലോമീറ്റർ നീളമുള്ള വമ്പൻ പാലത്തിന്‍റെ 800 മീറ്ററോളം ഭാഗം തകർന്ന് തവിടുപൊടിയായി നദിയിൽ പതിച്ചു. പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അപകടത്തിൽ ഒന്നൊന്നായി നദിയിലേക്ക് പതിക്കുകയും ചെയ്തു. നിരവധി പേരെ രക്ഷിച്ചു. പാലത്തിൽ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്ന ആറു പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിന് ആക്രമണസ്വഭാവമില്ലെന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) പ്രാഥമിക വിലയിരുത്തൽ. ബാൾട്ടിമോറിലെ സീഗ്രിറ്റ് മറൈൻ ടെർമിനലിൽ നിന്ന് ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം 12.24ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനു ശേഷം ഗതിമാറി വേഗം കുറഞ്ഞു. തുടർന്ന് കപ്പലിലെ പുറംഭാഗത്തെ വെളിച്ചം പൂർണമായി അണഞ്ഞു. പുക ഉയരുകയും ചെയ്തു. പിന്നീടാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്‍റെ തൂണിലിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.