കൊള്ളയടിച്ച പുരാവസ്തുക്കൾ ശ്രീലങ്കക്കും ഇന്തോനേഷ്യക്കും നെതർലൻഡ്സ് തിരിച്ച് നൽകും
text_fieldsഹേഗ്: തങ്ങളുടെ കോളനിയായിരുന്ന കാലത്ത് ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് കൊള്ളയടിച്ച നൂറുകണക്കിന് പുരാവസ്തുക്കളും കരകൗശല വസ്തുക്കളും രണ്ട് ഡച്ച് മ്യൂസിയങ്ങൾ തിരിച്ചുനൽകും. കൊള്ളയടിച്ച 478 വസ്തുക്കൾ തിരിച്ചു നൽകുമെന്ന് നെതർലൻഡ്സ് സർക്കാർ വ്യാഴാഴ്ച അറിയിച്ചു.
കൊളോണിയൽ കാലത്തെ സാംസ്കാരിക വസ്തുക്കൾ തിരിച്ചു നൽകുന്നതിനുള്ള ഉപദേശക സമിതി നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നെതർലൻഡ്സ് സാംസ്കാരിക-മാധ്യമ വകുപ്പ് സെക്രട്ടറി ഗുനയ് ഉസ്ലു പറഞ്ഞു. ശ്രീലങ്കയിലെ കാൻഡി രാജാവിന്റെ ആചാരവെടി മുഴക്കുന്ന പീരങ്കിയാണ് തിരിച്ചു നൽകുന്നവയിൽ പ്രധാനപ്പെട്ടത്. സ്വർണം, വെള്ളി, വെങ്കലം എന്നിവയാൽ നിർമിച്ച പീരങ്കിയിൽ മാണിക്യക്കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. 1800 മുതൽ റിജ്ക്സ് ദേശീയ മ്യൂസിയത്തിൽ ഇതുണ്ട്. 1765ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കാൻഡി ഉപരോധിച്ച സമയത്ത് കൊള്ളയടിച്ചതാണ് ഇത്.
ഇന്തോനേഷ്യയിലെ ലൊമ്പോക് ദ്വീപിൽ നിന്ന് മോഷ്ടിച്ച ‘ലൊമ്പോക്ക് നിധി’ എന്നറിയപ്പെടുന്ന രത്നങ്ങളാണ് ഇന്തോനേഷ്യക്ക് തിരിച്ചു നൽകുന്നതിൽ പ്രധാനപ്പെട്ടത്. ജൂലൈ 10ന് ലൈയ്ഡനിലെ വൊകെൻകുൻഡെ മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇവ ഔദ്യോഗികമായി കൈമാറും. കഴിഞ്ഞ വർഷം കോംഗോ സ്വാതന്ത്ര്യസമര നായകൻ പാട്രിക് ലുമുംമ്പയുടെ സ്വർണപ്പല്ല് ബെൽജിയം തിരിച്ചു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.