ആണവ പദ്ധതി വീണ്ടും ചർച്ചയാവുന്നു; ഐ.എ.ഇ.എ ഇറാനിലേക്ക്
text_fieldsവിയന: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദ ചർച്ച നടത്താൻ ഒരുങ്ങി ഐക്യരാഷ്ട്രസഭ. ഇതിനായി യു.എന്നിന്റെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) തലവൻ മരിയാനോ ഗ്രോസി ഇറാൻ സന്ദർശിക്കും. ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമാകുകയും ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയുമാണ് യു.എൻ നീക്കം.
ഇറാൻ പ്രസിഡന്റ് അടക്കമുള്ള നേതാക്കളുമായും ആണവ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുമായും മരിയാനോ ഗ്രോസി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബറിൽ യു.എൻ പൊതുസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഐ.എ.ഇ.എ അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ചിൽ ഇറാനും ഐ.എ.ഇ.എയും തമ്മിൽ അംഗീകരിച്ച സംയുക്ത കരാർ സംബന്ധിച്ചാണ് ചർച്ച ചെയ്യുക. സംയുക്ത കരാർ നടപ്പാക്കുന്നതിൽ പുരോഗതി കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാൽ, സന്ദർശനത്തിൽ ഏറെ പ്രാധാന്യമുണ്ടെന്നും ഗ്രോസി പറഞ്ഞു.
രഹസ്യ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഐ.എ.ഇ.എ പരിശോധകരുടെ സംശയങ്ങൾ തീർക്കുക, കൂടുതൽ പരിശോധനകളും നിരീക്ഷണങ്ങളും നടത്താൻ ഐ.എ.ഇ.എയെ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ അംഗീകരിച്ചത്.
അന്താരാഷ്ട്ര നിർദേശങ്ങൾക്ക് വിരുദ്ധമായി ഇറാൻ ആണവ പദ്ധതി അതിവേഗം മുന്നോട്ടുപോകുകയാണെന്നും ആണവായുധം നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിച്ചതായും ഏറ്റവുമൊടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഐ.എ.ഇ.എ ചൂണ്ടിക്കാട്ടിയിരുന്നു.
സമാധാനപരമായ ആവശ്യങ്ങൾക്കാണ് ആണവ പദ്ധതിയെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 2015ലെ ആണവ കരാറിന് പിന്നാലെ നിരവധി ഉപരോധങ്ങൾ യു.എസ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. 2018ൽ ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാനുമായുള്ള കരാറിൽനിന്ന് യു.എസ് പിന്മാറി. ഇതോടെ ആണവ പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇറാന് കഴിഞ്ഞു.
ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നത് ഇറാനുമായി യുദ്ധത്തിന് തുടക്കമിടുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, ഉത്തര കൊറിയയുമായി അപ്രതീക്ഷിത ചർച്ച നടത്തിയതുപോലെ ഇറാനുമായി ട്രംപ് സംവാദത്തിന് തയാറാകുമെന്നാണ് മറ്റൊരു പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.