അധിനിവേശം ഒഴിഞ്ഞു; സ്വതന്ത്ര അഫ്ഗാൻ
text_fieldsകാബൂൾ: അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് വിരാമമിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്ഗാനിസ്താന് സ്വാതന്ത്ര്യം. 20 വർഷത്തിനുശേഷം അഫ്ഗാൻ സ്വതന്ത്ര പരമാധികാര രാജ്യമായതായി താലിബാൻ പ്രഖ്യാപിച്ചു. ഇത് ചരിത്ര നിമിഷമാണെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് മാധ്യമങ്ങളോട് പറഞ്ഞു.
െചാവ്വാഴ്ച പുലർെച്ച രണ്ടിനായിരുന്നു അമേരിക്കൻ സേന പിന്മാറ്റം പൂർത്തിയായത്. ശേഷിച്ച സൈനികരേയും വഹിച്ച് അവസാന അമേരിക്കൻ സേന വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്ന് യാത്രയായതോടെ പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിയുതിർത്തും താലിബാൻ സേന ആഹ്ലാദം പ്രകടിപ്പിച്ചു. കാബൂൾ വിമാനത്താവളത്തിെൻറ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. സേന പിൻമാറ്റം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനം തെരുവിലിറങ്ങി ആഘോഷിച്ചു.
താലിബാൻ ഭരണത്തിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അഫ്ഗാനിസ്താൻ അറിയപ്പെടുക. ആഗസ്റ്റ് 31നുള്ളിൽ സേനപിന്മാറ്റം പൂർത്തിയാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
യു.എസ്, സഖ്യകക്ഷി സേന 1,23,000 പേരെയാണ് രാജ്യത്ത് നിന്ന് ഒഴിപ്പിച്ചത്. താലിബാൻ കാബൂൾ പിടിച്ച ആഗസ്റ്റ് 14നാണ് രക്ഷാദൗത്യം തുടങ്ങിയത്. അഫ്ഗാനിസ്താനുമായുള്ള അമേരിക്കയുടെ പുതിയ അധ്യായം തുടങ്ങിയതായി യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ അറിയിച്ചു. യു.എസിെൻറ പരാജയം എല്ലാവർക്കും പാഠമാണെന്നും ലോക രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാൻ വ്യക്തമാക്കി. അതേസമയം, നൂറിൽ താഴെ ബ്രിട്ടീഷ് പൗരന്മാർ അഫ്ഗാനിലുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
2001 സെപ്റ്റംബർ 11ന് അൽഖാഇദ ഭീകരർ അമേരിക്കയിൽ നടത്തിയ ആക്രമണത്തിന് പിറകെ അതേ വർഷം ഒക്ടോബർ ഏഴിനാണ് യു.എസ്,നാറ്റോ സഖ്യസേന അഫ്ഗാനിലിറങ്ങുന്നത്. അൽഖാഇദയെ തകർക്കുകയും അഫ്ഗാനിൽ ജനാധിപത്യ സർക്കാർ സ്ഥാപിക്കുകയുമായിരുന്നു യു.എസ് നേതൃത്വം നൽകുന്ന സഖ്യസേനയുടെ ലക്ഷ്യം. 1996 മുതൽ അഫ്ഗാൻ ഭരിക്കുന്ന താലിബാനെ അട്ടിമറിച്ച അമേരിക്ക, അൽ ഖാഇദ തലവൻ ഉസാമ ബിൻലാദിനെ പിടികൂടി വധിക്കുകയും ചെയ്തു. എന്നാൽ, ലക്ഷ്യം പാതി നേടിയ അമേരിക്കയും നാറ്റോ സേനയും അഫ്ഗാനിൽ തുടരുകയായിരുന്നു.
ഏറ്റുമുട്ടൽ തുടർന്ന താലിബാനുമായി ഒടുവിൽ സമാധാന ഉടമ്പടിയുണ്ടാക്കിയാണ് അമേരിക്കയും നാറ്റോ സഖ്യസേനയും അഫ്ഗാൻ വിട്ടത്. നാറ്റോ സഖ്യത്തിൽപെട്ട മറ്റു രാജ്യങ്ങൾ സൈനികരെ കഴിഞ്ഞ ദിവസം തന്നെ പൂർണമായി ഒഴിപ്പിച്ചു. കാബൂളിലെ യു.എസ് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എംബസി പ്രവർത്തനം ദോഹയിലേക്ക് മാറ്റിയതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
വിമാനങ്ങളും കവചിത വാഹനങ്ങളും ഉപേയാഗശൂന്യമാക്കി മടക്കം
കാബൂൾ/വാഷിങ്ടൺ: അഫ്ഗാനിസ്താെൻറ പൂർണ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിനു മുമ്പ് അമേരിക്ക കാബൂൾ വിമാനത്താവളത്തിലുണ്ടായിരുന്ന നിരവധി വിമാനങ്ങളും കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കി. 73 വിമാനങ്ങൾ, 97 കവചിത വാഹനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനം എന്നിവയാണ് പ്രവർത്തനരഹിതമാക്കിയത്.
ആ വിമാനങ്ങൾ പറത്താനോ പ്രവർത്തിപ്പിക്കാനോ കഴിയില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ കെന്നെത്ത് മെക്കൻസി പറഞ്ഞു. ഒരു കവചിത വാഹനത്തിന് 10 ലക്ഷം ഡോളർ വിലവരും. തിങ്കളാഴ്ച കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട് ഐ.എസ് ഭീകരർ അഞ്ചു തവണ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇത് മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യു.എസ് സേന തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.