ഗസ്സ ചർച്ചിലെ കൂട്ടക്കൊല: ഇസ്രായേലിനെതിരെ ഓർത്തഡോക്സ് സഭ
text_fieldsജറുസലേം: ഫലസ്തീനിലെ ഗസ്സയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെയും കൂട്ടക്കൊലയെയും ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് ശക്തമായി അപലപിച്ചു. ഗസ്സയുടെ സമീപ നഗരമായ അൽ സെയ്തൂനിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ വഴിയാധാരമായവർക്ക് അഭയം നൽകുന്ന ചർച്ചുകളെയും ആശുപത്രികളെയും ഇസ്രായേൽ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഓർത്തഡോക്സ് പാത്രിയർക്കീസ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ ആക്രമണത്തിൽ വീട് നഷ്ടപ്പെട്ട പൗരന്മാർക്ക് -പ്രത്യേകിച്ച് നിരപരാധികളായ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർക്ക്- അഭയം നൽകിയ സ്ഥാപനങ്ങളാണ് ഇവയെന്നും പ്രസ്താവനയിൽ പറഞ്ഞു.
‘ജറൂസലേമിലെ ഓർത്തഡോക്‌സ് പാത്രിയർക്കീസിന് കീഴിലുള്ള പള്ളികളും അഭയകേന്ദ്രങ്ങൾ അടക്കമുള്ള സൗകര്യങ്ങളും ജറുസലേം എപ്പിസ്‌കോപ്പൽ സഭയുടെ ആശുപത്രി, ദേവാലയം, സ്‌കൂളുകൾ എന്നിവയും ഉൾപ്പെടെ വിവിധ സഭകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന അക്രമം അംഗീകരിക്കാനാവില്ല. പൗരൻമാർക്ക് അഭയവും അടിയന്തര സഹായവും ഉൾപ്പെടെ മതപരവും സാമൂഹികവുമായ ബാധ്യത നിറവേറ്റുന്നതാണ് ഈ സ്ഥാപനങ്ങൾ. ഇവ ഒഴിപ്പിക്കാൻ സഭകൾക്ക് മേൽ ഇസ്രായേൽ ചെലുത്തുന്ന നിരന്തര സമ്മർദ്ദങ്ങൾക്കിടയിലും സാമൂഹിക സേവനത്തിൽ ഈ സ്ഥാപനങ്ങൾ വ്യാപൃതരാണ്. യുദ്ധവേളയിലായാലും സമാധാന കാലത്തായാലും ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച് നിന്ന് മതപരവും മാനുഷികവുമായ കടമ തങ്ങൾ നിറവേറ്റും’ -പാത്രിയാർക്കീസ് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ഇസ്രായേൽ സേന ആക്രമിക്കുന്ന വേളയിൽ മുസ്‍ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള നിരവധി അഭയാർഥികൾ ചർച്ചിനകത്ത് ഉണ്ടായിരുന്നു. ബോംബ് ആക്രമണത്തിൽ പള്ളി പൂർണമായും തകർന്നതായി ഫലസ്തീൻ ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
നൂറുകണക്കിനു ഫലസ്തീൻകാർക്ക് അഭയം നൽകുന്ന ഗാസ മുനമ്പിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ദേവാലയം ഒറ്റരാത്രികൊണ്ട് ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നതായി സഭയും ഫലസ്തീൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.
എന്നാൽ, തീവ്രവാദി കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പള്ളിയുടെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതാണെന്നും സംഭവം അവലോകനം ചെയ്യുകയാണെന്നും ഇസ്രായേൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.