കൊല്ലപ്പെട്ട അൽജസീറ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ട യു.എസിന് കൈമാറി
text_fieldsജറൂസലം: ഇസ്രായേൽ വെടിവെച്ചു കൊന്ന അൽജസീറ മാധ്യമപ്രവർത്തക ശിർറീൻ അബു ആഖിലയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട പരിശോധിക്കാൻ ഫലസ്തീൻ അധികൃതർ യു.എസിനു കൈമാറി. ശിർറീൻ ആഖിലയെ ഇസ്രായേൽ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് ഫലസ്തീൻ അധികൃതരും ചില മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും വിശ്വസിക്കുന്നത്.
അവരുടെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ട ഇസ്രായേൽ സൈന്യത്തിന്റെ എം 4 തോക്കിൽ നിന്നാണെന്നതിന് വിവരം ലഭിച്ചതായി യു.എൻ ഹ്യൂമൻ റൈറ്റ്സ് ഓഫിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ശിർറീന്റെ തലയ്ക്കാണ് വെടിയേറ്റത്. 3ഡി മോഡൽസ് വഴിയാണ് ബുള്ളറ്റ് പരിശോധിച്ചത്. 5.56 മില്ലീമീറ്റർ കാലിബർ ഉള്ളതാണ് ബുള്ളറ്റ് എന്നും ഇത് ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തിയിരുന്നു. വൃത്തത്തിലുള്ള വെടിയുണ്ടയുടെ രൂപകൽപനയും നിർമാണവും യു.എസിലാണെന്നും മനസിലായി. അതിനിടെ, യു.എസ് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെടിയുണ്ട പരിശോധിക്കുമെന്ന് അറിയിച്ച് ഇസ്രായേലും രംഗത്തുവന്നിട്ടുണ്ട്.
മാധ്യമപ്രവർത്തകയെ വധിച്ചത് ഫലസ്തീൻ അധികൃതർ ആണെന്നാണ് ആദ്യം ഇസ്രായേൽ അധികൃതർ അവകാശപ്പെട്ടത്. പിന്നീട് വാദത്തിൽ നിന്ന് മലക്കം മറിഞ്ഞ ഇസ്രായേൽ അധികൃതർ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിലാകാം ശിർറീൻ ആഖില കൊല്ലപ്പെട്ടതെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കുകയുണ്ടായി.
കൊലപാതകത്തിൽ സംയുക്ത അന്വേഷണം നടത്താമെന്ന ഇസ്രായേലിന്റെ നിർദേശം ഫലസ്തീൻ അധികൃതർ തള്ളിയിരുന്നു. മേയ് 11 നാണ് വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിൽ ശിർറീൻ ആഖില കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.