ഓർത്തഡോക്സ് സാംസ്കാരിക കേന്ദ്രം ഇസ്രായേൽ ബോംബിട്ട് തകർത്തു; ഇസ്രായേലിനെ സങ്കീർത്തനം 34:18 ഓർമിപ്പിച്ച് സഭ
text_fieldsജറൂസലം: ഓർത്തഡോക്സ് സഭ ജറൂസലം പാത്രിയാർക്കീസിന് കീഴിൽ ഗസ്സ സിറ്റിയിലെ സാംസ്കാരിക കേന്ദ്രം ഇസ്രായേൽ ബോംബിട്ട് തകർത്തു. അക്രമണത്തെ സഭ അപലപിച്ചു. സാംസ്കാരിക കേന്ദ്രം തകർത്തത് ന്യായീകരിക്കാനാവാത്ത കുറ്റകൃത്യമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
സങ്കീർത്തനം 34ാം അധ്യായത്തിലെ 18ാം വചനം ഇസ്രായേലിനെ ഓർമിപ്പിച്ചാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്. ‘പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും നാം ‘ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു..' എന്ന സങ്കീർത്തനത്തിലെ 34:18 വചനത്തിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. ഗസ്സയിലെ ദുരിതങ്ങൾ വേഗത്തിൽ അവസാനിക്കാനും സമാധാനത്തിനും നീതിക്കും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു” -പാത്രിയർക്കീസ് പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിലെ തെൽ അൽ ഹവ പരിസരത്തുള്ള ഓർത്തഡോക്സ് കൾച്ചറൽ സെന്ററിന് നേരെയാണ് ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയത്. “ഉപരോധം കൊണ്ടുവീർപ്പുമുട്ടുന്ന ഗസ്സയിലെ അഭയകേന്ദ്രങ്ങളും പൊതുകെട്ടിടങ്ങളും സേവന കേന്ദ്രങ്ങളും നശിപ്പിക്കാനുള്ള ഇസ്രായേലിന്റെ അന്യായതീരുമാനത്തിന്റെ തെളിവാണ് ഈ ആക്രമണം. റെസിഡൻഷ്യൽ ഏരിയകളെ ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ വ്യോമാക്രമണത്തിന് ഇരയായവർക്ക് സുരക്ഷിത താവളങ്ങളായിരുന്നു ഇവ” -സഭ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഗസ്സയിലെ മസ്ജിദുകളും ചർച്ചുകളും ഉൾപ്പെടെ 19 ആരാധനാലയങ്ങൾ ഇസ്രായേൽ സൈന്യം തകർത്തതിൽ പാത്രിയാർക്കീസ് ആശങ്ക രേഖപ്പെടുത്തി. ‘സാധാരണക്കാർക്കെതിരെ -പ്രത്യേകിച്ച് കുട്ടികൾക്കെതിരെ- നടക്കുന്ന ആക്രമണങ്ങൾ, പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ എന്നിവ യുക്തിസഹമോ മാനുഷികമോ ആയി ന്യായീകരിക്കാനാവില്ല. ഏറ്റവും അടിസ്ഥാനപരമായ ധാർമ്മിക മൂല്യങ്ങൾക്ക് പോലും വിരുദ്ധമാണത്. ഗസ്സ മുനമ്പിൽ ഉടനടി വെടിനിർത്തണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണ്. ഈ ലക്ഷ്യം നിറവേറ്റാൻ അന്താരാഷ്ട്ര തലത്തിലുള്ള ശ്രമം എത്രയും വേഗം തുടരുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു’ -സഭ വ്യക്തമാക്കി.
നേരത്തെ ഗസ്സയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഗസ്സയുടെ സമീപ നഗരമായ അൽ സെയ്തൂനിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം നടത്തിയത്. കൂട്ടക്കൊലയെയും അക്രമത്തെയും ഓർത്തഡോക്സ് പാത്രിയർക്കീസ് ശക്തമായി അപലപിച്ചിരുന്നു.
വ്യോമാക്രമണത്തിൽ വഴിയാധാരമായവർക്ക് അഭയം നൽകുന്ന ചർച്ചുകളെയും ആശുപത്രികളെയും ഇസ്രായേൽ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും വീടുകൾ നഷ്ടപ്പെട്ട നിരപരാധികളായ കുട്ടികളും സ്ത്രീകളും അടക്കമുള്ള പൗരന്മാർക്ക് അഭയം നൽകിയ സ്ഥാപനങ്ങളാണ് ഇസ്രായേൽ ആക്രമിക്കുന്നതെന്നും സഭ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.