ബൈഡനെ കാത്തിരിക്കുന്നു; കാലവും ബഹുസ്വര ലോകവും
text_fieldsവാഷിങ്ടൺ: ലോകരാഷ്ട്രങ്ങളോടും ദുർബല ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നിലപാടുകൾ, യുദ്ധവെറി, പരിസ്ഥിതിയോടും കാലാവസ്ഥയോടുമുള്ള കരുതൽ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ തെൻറ എതിരാളി പുലർത്തിയിരുന്ന നയങ്ങളിൽനിന്ന് കാതലായ മാറ്റമുണ്ടാകും എന്ന് പ്രഖ്യാപിച്ചാണ് പുതിയ പ്രസിഡൻറ് ജോ ബൈഡൻ വോട്ടർമാരെ സമീപിച്ചിരുന്നത്.
കോവിഡ് ബാധിച്ച് സ്വന്തം ജനങ്ങൾ ഒന്നൊന്നായി മരിച്ചുവീഴുന്നത് വിഷയമേ അല്ലെന്ന് നടിച്ച ട്രംപിൽനിന്ന് വ്യത്യസ്തമായി ശാസ്ത്രീയ ശ്രമങ്ങളിലൂന്നി കോവിഡിനെതിരായ പ്രയത്നങ്ങൾക്കുള്ള ആലോചനകൾക്ക് തുടക്കമിട്ട ബൈഡൻ അടുത്ത ദിവസം ഇതിനായി ഒരു വിദഗ്ധ സമിതിക്ക് രൂപംനൽകും.
വംശീയ പൊലീസിെൻറ ബൂട്ടടികളിൽ ശ്വാസംമുട്ടിയ കറുത്തവർഗക്കാരെൻറ മരണഞരക്കങ്ങൾ പോലും പരിഹസിക്കപ്പെട്ട നാളുകളിൽനിന്നൊരു മാറ്റം അമേരിക്കയുടെ മാത്രമല്ല ലോകത്തിെൻറ മുക്കുമൂലകളിലുള്ള അനേകായിരം കരളുകൾക്കുള്ളിൽ തുടിക്കുന്ന സ്വപ്നമാണ്. കറുത്തവർക്കും ജീവിക്കണം എന്ന മുദ്രാവാക്യവും മുന്നേറ്റവും ബൈഡനിൽ പ്രതീക്ഷ അർപ്പിച്ചതും അതുകൊണ്ടുതന്നെ. വിജയത്തിന് ആഫ്രിക്കൻ സമൂഹം വഹിച്ച പങ്കിനെ ആദ്യ അവസരത്തിൽതന്നെ സമ്മതിച്ചിരിക്കുന്നു അദ്ദേഹം. ആഫ്രിക്കൻ- അമേരിക്കൻ സമൂഹം തനിക്ക് പൂർണ പിന്തുണയുമായി ഒപ്പം നിന്നുവെന്നും അവർക്കൊപ്പം താൻ എന്നുമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
13 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നും ആഫ്രിക്കൻ നാടുകളിൽനിന്നുമുള്ള മനുഷ്യർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയ ട്രംപിെൻറ തീരുമാനം പ്രസിഡൻറ് പദത്തിലേറുന്ന ആദ്യ ദിനംതന്നെ റദ്ദാക്കുമെന്നാണ് ബൈഡെൻറ പ്രഖ്യാപനം. ആ ഉത്തരവ് പുറത്തുവരുന്നതിന് കാത്തിരിക്കുന്നുണ്ട് പതിനായിരങ്ങൾ. വ്യവസായ താൽപര്യത്തിന് കുടപിടിച്ച് പാരിസ് കാലാവസ്ഥ കരാറിൽനിന്ന് അമേരിക്ക പിന്മാറിയിരുന്നു. ട്രംപ് ഭരണകൂടം നേരത്തേ പ്രഖ്യാപിച്ച പിന്മാറ്റം പ്രാബല്യത്തിൽ വന്നത് വോട്ടെണ്ണൽ തുടരുന്ന ഘട്ടത്തിലാണ്. 77 ദിവസങ്ങൾക്കുള്ളിൽ അമേരിക്ക വീണ്ടും കരാർ പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകിയിരിക്കുന്നു ബൈഡൻ. അത് സമാശ്വാസം പകരുക ഭൂലോക വാസികൾക്ക് മാത്രമാവില്ല ഈ ഭൂഗോളത്തിന് ഒട്ടാകെത്തന്നെയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.