മൂന്നാം ലോക യുദ്ധത്തിന്‍റെ സാധ്യതകൾ തള്ളികളയാനാകില്ല; മുന്നറിയിപ്പുമായി റഷ്യൻ വിദേശകാര്യ മന്ത്രി
text_fieldsമോസ്കോ: യുക്രെയ്നുമായുള്ള സമാധാന ചർച്ചകൾ തുടരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യഥാർതത്തിൽ മൂന്നാം ലോക യുദ്ധത്തിന്‍റെ സാധ്യത നില നിൽക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ വാർത്ത ഏജൻസികൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സമാധാന ചർച്ചകളോടുള്ള യുക്രെയ്ന്‍റെ സമീപനത്തെ ലാവ്റോവ് രൂക്ഷമായി വിമർശിച്ചു. "നല്ല മനസിന് അതിന്‍റേതായ പരിമിതികളുണ്ട്. രണ്ട് രാജ്യങ്ങളും തമ്മിൽ പരസ്പരം ബന്ധപ്പെടുന്നില്ലെങ്കിൽ അത് ചർച്ചയെ സഹായിക്കില്ല"- ലാവ്റോവ് പറഞ്ഞു.
എന്നാൽ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി നിയോഗിച്ച സംഘവുമായി റഷ്യ ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. "മുമ്പ് ഒരു നടൻ കൂടെയായിരുന്ന സെലൻസ്കി ചർച്ചകൾക്ക് വേണ്ടി ഓടികൊണ്ടിരിക്കുന്നത് പോലെ അഭിനയിക്കുകയാണ്. അദ്ദേഹം ഒരു നല്ല നടനാണ്"- ലാവ്റോവ് വിമർശിച്ചു.
സെലൻസ്കി പറയുന്നത് ശ്രദ്ധയോടെ വീക്ഷിക്കുകയാണെങ്കിൽ ആയിരം വൈരുധ്യങ്ങൾ അതിൽ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ പിരിമുറുക്കങ്ങൾ കാണുമ്പോൾ മൂന്നാം ലോക യുദ്ധത്തിന്‍റെ അപകടം കാണാം. അതൊരിക്കലും തള്ളിക്കളയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിൽ തുടരുന്ന യുദ്ധം ഇരു രാജ്യങ്ങളും തമ്മിൽ ഒരു കരാറിൽ ഒപ്പ് വെക്കുന്നതോടെ അവസാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ലാവ്റോവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.