പാകിസ്താനിൽ പാർലമെന്റ് ഉപരിസഭയുടെ സമ്മേളനം വിളിച്ച് പ്രസിഡന്റ്
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിൽ പാർലമെന്റ് ഉപരിസഭയുടെ സമ്മേളനം വിളിച്ച് പ്രസിഡന്റ് ആസിഫലി സർദാരി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനത്തിൽ സെനറ്റ് ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും തെരഞ്ഞെടുക്കുന്നതിനൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റർമാർ സത്യപ്രതിജ്ഞ ചെയ്യും. ഖൈബർ പഖ്തൂൺഖ്വയിലെ 11 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ മാറ്റിവെച്ചതിനാൽ 96 അംഗ സഭയിൽ 85 സെനറ്റർമാരും സത്യപ്രതിജ്ഞ ചെയ്യും.
ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) ഭരിക്കുന്ന ഖൈബർ പഖ്തൂൺഖ്വ ഒഴികെയുള്ള പ്രവിശ്യകളിൽ സെനറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞയാഴ്ചയാണ് നടന്നത്. സംവരണ സീറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാത്തതിനെ തുടർന്ന് പ്രവിശ്യാ നിയമസഭ അപൂർണമായതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കമീഷന്റെ തീരുമാനം വോട്ടെടുപ്പ് കൊള്ളയാണെന്ന് പി.ടി.ഐ ആരോപിച്ചു. പാർലമെന്റിന്റെ ഉപരിസഭയിൽ ഭൂരിപക്ഷം ലഭിക്കാനുള്ള ഭരണകക്ഷികളുടെ ഗൂഢാലോചനയാണിതെന്നും പാർട്ടി പറഞ്ഞു.
മുൻ പ്രധാനമന്ത്രി സയ്യിദ് യൂസഫ് റാസ ഗിലാനിയെയാണ് സെനറ്റ് ചെയർമാനായി പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) നാമനിർദേശം ചെയ്തത്. ഗിലാനിക്ക് 24 പി.പി.പി സെനറ്റർമാരുടെയും പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസിന്റെ (പി.എം.എൽ-എൻ) 19, ബലൂചിസ്താൻ അവാമി പാർട്ടിയുടെ നാല്, അവാമി നാഷനൽ പാർട്ടിയുടെ മൂന്ന്, മൂന്ന് സ്വതന്ത്രർ, നാഷനൽ പാർട്ടിയുടെ ഒരു സെനറ്റർ പേരുടെയും പിന്തുണയുണ്ട്.
പി.ടി.ഐക്ക് 20 സെനറ്റർമാരുടെയും ബി.എൻ.പിയിൽനിന്നും പി.എം.എൽ-ക്യുവിൽനിന്നും ഒരാൾ വീതവും ഉൾപ്പെടെ 22 പേരുടെ പിന്തുണ മാത്രമേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.