ശ്രീലങ്കയിൽ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് പ്രവർത്തനം ഇന്ന് പുനരാരംഭിക്കും
text_fieldsകൊളംബോ: ജൂലൈ ആദ്യം സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ഇരച്ചുകയറിയ ശ്രീലങ്കൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് കനത്ത സുരക്ഷയിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള ഗല്ലെ റോഡ് ഗതാഗതത്തിനായി സുരക്ഷസേന തുറന്നു.
പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് പഴയപടിയാക്കാനുള്ള ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിനിടെ കനത്ത നാശനഷ്ടങ്ങളാണ് സെക്രട്ടേറിയറ്റിനുണ്ടായത്. 100 ദിവസത്തിലേറെയായി പ്രക്ഷോഭകർ ഉപരോധിച്ച സെക്രട്ടേറിയറ്റിൽ ജൂലൈ ഒമ്പതിനാണ് പ്രതിഷേധക്കാർ ഇരച്ചുകയറിയത്. ഇതേത്തുടർന്ന് ഗോടബയ രാജപക്‌സ രാജ്യം വിടാനും പ്രസിഡന്റ് സ്ഥാനം രാജിവെക്കാനും നിർബന്ധിതനായി.
വെള്ളിയാഴ്‌ച നിരവധി സർക്കാർ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ഗല്ലെ ഫെയ്‌സിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കുനേരെ ശ്രീലങ്കൻ സുരക്ഷസേന ആക്രമണം നടത്തിയിരുന്നു.
ശനിയാഴ്ച പ്രതിഷേധക്കാർ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് 100 മീറ്റർ അകലെയാണ് തങ്ങിയത്. പകൽ പ്രതിഷേധമൊന്നും അരങ്ങേറിയില്ല. ശ്രീലങ്കൻ പ്രസിഡൻഷ്യൽ പാലസിലും ടെമ്പിൾ ട്രീസിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആയിരത്തിലധികം വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്നാണ് റിപ്പോർട്ട്. നഷ്ടപ്പെട്ടവ കൃത്യമായി തിട്ടപ്പെടുത്താൻ പുരാവസ്തു വകുപ്പിന്റെ അടക്കം സഹകരണത്തോടെ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വക്താവ് നിഹാൽ താൽദുവ പറഞ്ഞു.
പ്രതിഷേധം സമാധാനപരമായി നടത്താനുള്ള അവകാശത്തെ താൻ മാനിക്കുന്നുവെന്നും എന്നാൽ പ്രസിഡൻഷ്യൽ പാലസോ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയോ പോലെയുള്ള സർക്കാർ കെട്ടിടം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും പുതിയ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു.
അതിനിടെ, പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ അതിക്രമിച്ചുകടന്ന കുറ്റത്തിന് പൊലീസ് അന്വേഷണം ആരംഭിച്ചതായി കൊളംബോ പേജ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.