സൈനികരുടെ പിൻമാറ്റം, അറൂറിയുടെ വധം, ഹിസ്ബുല്ലയുടെ തിരിച്ചടി; യുദ്ധത്തിന്‍റെ ഗതിയെങ്ങോട്ട്?
text_fieldsസൈനികരെ പിൻവലിക്കുന്നത് യുദ്ധത്തിന്‍റെ ദീർഘമായ മൂന്നാംഘട്ടം ആരംഭിക്കുന്നതിന്‍റെ നാന്ദിയാണെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. അതെന്തായാലും വലിയ ആൾനാശമാണ് ഐ.ഡി.എഫിന് നേരിടേണ്ടിവന്നതെന്ന വസ്തുത നിലനിൽക്കുന്നു
നൂറാംദിനത്തിലേക്ക് അടുക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ ഗതിയെങ്ങോട്ടെന്ന ആശങ്ക ഉയർത്തുന്നതാണ് പുതുവർഷത്തിലെ ആദ്യവാരത്തിലെ സംഭവങ്ങൾ. ഗസ്സക്ക് അപ്പുറത്ത് ചെങ്കടലിലേക്കും ലെബനാനിലേക്കും അങ്ങകലെ തെഹ്റാനിലേക്കും വരെ യുദ്ധത്തിന്‍റെ ഉഷ്ണം എത്തിയിരിക്കുന്നു.
ഗസ്സയെ വ്യോമാക്രമണം വഴി നിരപ്പാക്കുന്നതിനൊപ്പം ഒക്ടോബർ 27 ന് ആരംഭിച്ച കരയുദ്ധത്തിൽ പ്രതീക്ഷിച്ചതിലുമധികം ക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഐ.ഡി.എഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്) വലിയ തോതിൽ സൈനികരെ പിൻവലിക്കുന്നുവെന്ന വാർത്തയുമായാണ് പുതുവർഷം പുലർന്നത്. തുടക്കത്തിൽ രണ്ടു ബ്രിഗേഡുകളെയും പിന്നീട് മൂന്നു ബ്രിഗേഡുകളെയും തിരിച്ചയക്കുമെന്നായിരുന്നു അറിയിപ്പ്. അഞ്ച് ബ്രിഗേഡുകളിലുമായി കുറഞ്ഞത് 20,000 ലേറെ സൈനികരാണ് മടങ്ങുന്നത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ മൂന്നുലക്ഷത്തോളം റിസർവ് സൈനികരെയാണ് ഐ.ഡി.എഫ് വിളിച്ചുവരുത്തിയത്.
സിവിൽ ജീവിതത്തിൽ മറ്റുജോലികൾ ചെയ്തിരുന്ന ഇത്രയും പേർ സൈനിക സേവനത്തിലേക്ക് എത്തിയതോടെ, യുദ്ധം കൊണ്ട് ദുർബലമായ ഇസ്രയേലിന്‍റെ സമ്പദ്ഘടന പിന്നെയും മെലിഞ്ഞു. പ്രതിദിനം 220 ദശലക്ഷം ഡോളറാണ് യുദ്ധത്തിന്‍റെ ചെലവും. സൈനികരെ പിൻവലിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഐ.ഡി.എഫ് വക്താവ് ഡാനിയൽ ഹഗാരിയുടെ പ്രസ്താവനയിൽ ഇക്കാര്യം തെളിഞ്ഞുനിന്നു. ചില റിസർവിസ്റ്റുകൾ വീടുകളിലേക്കും സിവിലിയൻ ജോലിയിലേക്കും ഈയാഴ്ച തന്നെ തിരിച്ചെത്തുമെന്ന് പറഞ്ഞ ഹഗാരി, സമ്പദ്ഘടനക്ക് അത് വലിയ ആശ്വാസം നൽകുമെന്നും കൂട്ടിച്ചേർത്തു.
സൈനികരെ പിൻവലിക്കുന്നത് യുദ്ധത്തിന്‍റെ ദീർഘമായ മൂന്നാംഘട്ടം ആരംഭിക്കുന്നതിന്‍റെ നാന്ദിയാണെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. അതെന്തായാലും വലിയ ആൾനാശമാണ് ഐ.ഡി.എഫിന് നേരിടേണ്ടിവന്നതെന്ന വസ്തുത നിലനിൽക്കുന്നു. കരയുദ്ധത്തിൽ മാത്രം 175 ലേറെ സൈനികരാണ് കൊല്ലപ്പെട്ടത്. 5,000 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രകോപനമായിഅറൂറി വധം
സൈനികരുടെ പിൻമാറ്റം ആരംഭിച്ചതിന് തൊട്ടടുത്ത ദിവസം, ജനുവരി രണ്ടിനാണ് ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഹമാസ് ഉന്നതനേതാക്കളിലൊരാളായ സാലിഹ് അറൂറിയെ ഇസ്രയേൽ വധിക്കുന്നത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ദാഹിയ മേഖലയിൽ പ്രവർത്തിക്കുന്ന ഹമാസിന്‍റെ ഓഫീസിന് നേർക്ക് ഉണ്ടായ ഡ്രോൺ ആക്രമണത്തിലാണ് അറൂറി കൊല്ലപ്പെടുന്നത്.
ഒരേസമയം ഹിസ്ബുല്ലക്കും ഹമാസിനുമുള്ള സന്ദേശമായിരുന്നു അത്. സൂക്ഷ്മമായ ഡ്രോൺ ആക്രമണം ഹമാസിന്‍റെ കെട്ടിടത്തിനും അതിന്‍റെ നേതാക്കൾക്കും മാത്രമാണ് ആഘാതമുണ്ടാക്കിയത്. ആക്രമണത്തിന് പിന്നാലെ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും തങ്ങളുടെ പോരാട്ടം ഹമാസിനെതിരെയാണെന്ന് വ്യക്തമാക്കുക വഴി വടക്കൻ മേഖലയിൽ വലിയ സംഘർഷത്തിന് തൽകാലം താൽപര്യമില്ലെന്ന സൂചനയും നൽകി. പക്ഷേ, 2006 മുതൽ നിലനിൽക്കുന്ന ‘പെരുമാറ്റ മര്യാദ’യുടെ ലംഘനമാണ് ഇസ്രയേലിൽ നിന്നുണ്ടായതെന്ന് ഹിസ്ബുല്ലക്ക് നന്നായി അറിയാം.
തങ്ങൾക്ക് നേരിട്ട് ക്ഷതമൊന്നും സംഭവിച്ചില്ലെങ്കിലും തങ്ങളുടെ തിണ്ണയിൽ കയറിയുള്ള ഇസ്രയേലിന്‍റെ കളിയോട് ഹിസ്ബുല്ല എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്. അറൂറി വധത്തോടുള്ള പ്രാഥമിക പ്രതികരണമെന്ന നിലയിൽ ശനിയാഴ്ച വലിയ തോതിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം ഉണ്ടായെങ്കിലും അതിന്‍റെ വ്യാപ്തിയും ലക്ഷ്യവും ശ്രദ്ധേയമാണ്. 2006 ലെ യുദ്ധത്തിൽ തുറമുഖ നഗരമായ ഹൈഫ വരെ ഉന്നം വെച്ച ഹിസ്ബുല്ല ശനിയാഴ്ച പക്ഷേ, കണക്കുകൂട്ടിയുള്ള ആക്രമണമാണ് നടത്തിയത്. അതിർത്തിക്കടുത്തുള്ള മെറോൺ എയർ കൺട്രോൾ ബേസിലേക്ക് 62 റോക്കറ്റുകളാണ് തൊടുത്തത്.
ലെബനാൻ, സിറിയ, തുർക്കി, സൈപ്രസ്, മെഡിറ്റേറേനിയൻ കടലിന്‍റെ വടക്ക്-കിഴക്കൻ കരമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള ഇസ്രയേലി വ്യോമസേനയുടെ ഓപറേഷനുകൾ ഏകീകരിക്കുന്ന ദൗത്യവും ഇലക്ട്രോണിക് യുദ്ധസന്നാഹങ്ങൾക്ക് അടിത്തറയാകുന്നതും മെറോൺ ബേസാണ്. സമീപ ദിവസങ്ങളിൽ ഹിസ്ബുല്ലക്കെതിരെ വലിയൊരു സൈനിക നീക്കമുണ്ടായാൽ തന്ത്രപ്രധാന കേന്ദ്രമാകേണ്ടതും ഇവിടമാണ്.
ജനവാസ മേഖലകൾ ഒഴിവാക്കി സൈനിക കേന്ദ്രം ഉന്നംവെച്ചതിലൂടെ ഒറ്റയടിക്ക് വലിയൊരു സംഘർഷത്തിലേക്ക് നീങ്ങാൻ താൽപര്യമില്ലെന്നും ഹിസ്ബുല്ല പരോക്ഷമായി സൂചിപ്പിക്കുന്നു. പക്ഷേ, ഇത്രയും നിർണായകമായ സൈനിക കേന്ദ്രത്തിന് നേർക്കുണ്ടായ ആക്രമണത്തോട് ഇസ്രയേൽ എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി അറിയാനുള്ളത്.
കുഴയുന്ന ആഭ്യന്തരം
അതിനൊപ്പമാണ് ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയം കുഴഞ്ഞുമറിയുന്നത്. വ്യാഴാഴ്ച രാത്രി വൈകി നടന്ന മന്ത്രിസഭായോഗത്തിൽ വലിയ വാക്കേറ്റമുണ്ടായതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐ.ഡി.എഫ് മേധാവി ഹെർസി ഹലേവിയും തീവ്രവലതുപക്ഷ മന്ത്രിമാരും തമ്മിൽ നേരത്തെ നിലനിൽക്കുന്ന അഭിപ്രായഭിന്നതയാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഹമാസ് ആക്രമണത്തോടുള്ള ഐ.ഡി.എഫിന്‍റെ പ്രതികരണം സംബന്ധിച്ച് ഹലേവി പ്രഖ്യാപിച്ച അന്വേഷണമാണ് തീവ്രവലതുപക്ഷക്കാരനായ ദേശസുരക്ഷ വകുപ്പ് മന്ത്രി ഇതമർ ബെൻഗ്വിർ ഉൾപ്പെടെ മന്ത്രിമാരെ ചൊടിപ്പിച്ചത്. ഇവർക്കൊപ്പം നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിക്കാരും കൂടി.
പശ്ചിമേഷ്യൻ സംഘർഷം പുതുവർഷത്തിലെ ആദ്യ ആഴ്ചയിൽ
ജനുവരി 4
ഇസ്രായേൽ ഭരണകൂടത്തിൽ ഗസ്സയെച്ചൊല്ലി ആഭ്യന്തരത്തർക്കം
ജനുവരി 3
അമേരിക്ക വധിച്ച മുൻ ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികാചരണത്തിന് ഒത്തുകൂടിയവർക്കിടയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 103 മരണം.
ജനുവരി 2
അഞ്ച് ബ്രിഗേഡുകളെ പിൻവലിച്ച് ഇസ്രായേൽ; വ്യോമാക്രമണം കനപ്പിക്കാൻ തീരുമാനം. വെസ്റ്റ് ബാങ്കിൽ ആക്രമണം ശക്തമാക്കുമെന്നും പ്രഖ്യാപനം ഇസ്രായേൽ ആക്രമണങ്ങളിൽ ഒരാഴ്ചക്കിടെ 800ലധികം മരണം; നിരവധി അഭയാർഥി ക്യാമ്പുകളും ആക്രമിക്കപ്പെട്ടു
ജനുവരി 2
ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഹമാസ് ഉ ന്നതനേതാക്കളിലൊരാളായ സാലിഹ് അറൂറിയെ ഇസ്രയേൽ വധിക്കുന്നു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ദാഹിയയിൽ ഹമാസ് ഓഫീസിനു നേരെ ഡ്രോൺ ആക്രമണം നടത്തിയാണ് വധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.