സൗരക്കാറ്റിൽ വാനം ദീപ്തം
text_fieldsകേപ് കനാവരൽ (യു.എസ്): സൂര്യനിൽ രൂപപ്പെട്ട അതിഭീമൻ സൗരകളങ്കത്തോടനുബന്ധിച്ചുണ്ടായ സൗരകാന്തിക കാറ്റ് ഭൂമിയുടെ അന്തരീക്ഷത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ഉപഗ്രഹങ്ങളെ ബാധിക്കുമെന്നതിനാൽ വാർത്താവിനിമയവും ഊർജ പ്രവാഹമുണ്ടാകുമെന്നതിനാൽ വൈദ്യുതി വിതരണ ശൃംഖലയും തകരാറിലാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ നോവ (നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ) ഉൾപ്പെടെ ഏജൻസികൾ അറിയിച്ചു.
സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണ് സൗരകളങ്കങ്ങൾ. ഭൂമിയുടെ 17 മടങ്ങ് വലിപ്പമുള്ള സൗര കളങ്കമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. ഇതിൽനിന്ന് ചാർജ് കണങ്ങളുടെ വൻ പ്രവാഹമുണ്ടാകും. സൗര കാന്തിക വാതമായി മേയ് ഒമ്പതിന് ഇത് ഭൂമിയുടെ നേർക്ക് പുറപ്പെട്ടതായി നോവ പറയുന്നു. അമേരിക്കയിൽ പലയിടത്തും ഇതിന്റെ ഫലമായി അന്തരീക്ഷത്തിൽ വർണാഭമായ ധ്രുവദീപ്തികൾ (അറോറ) പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. സൗരക്കാറ്റിൽനിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുകയും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിക്കുകയും ചെയ്യുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.
ചരിത്രത്തിലെ ഏറ്റവും ശക്തമായ സൗരക്കാറ്റുണ്ടായത് 1859ലാണ്. മധ്യഅമേരിക്കയിലും ഹവായിയിലും ഇതിന്റെ ഭാഗമായി അറോറ പ്രത്യക്ഷപ്പെട്ടിരുന്നു. 2003ലുണ്ടായ സൗരക്കാറ്റിൽ സ്വീഡനിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ദക്ഷിണാഫ്രിക്കയിൽ ട്രാൻസ്ഫോമറുകൾ തകരാറിലാവുകയും ചെയ്തിരുന്നു. ജി.പി.എസ് ഉപഗ്രഹങ്ങളും ഭൂമിയിലെ സ്വീകരണികളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാൻ സൗരക്കാറ്റിന് ശക്തിയുള്ളതിനാൽ നാവിഗേഷൻ സംവിധാനങ്ങളും ഫലപ്രദമായി പ്രവർത്തിക്കാനിടയില്ല. ബഹിരാകാശ യാത്രികർക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും സൗരക്കാറ്റ് വലിയ വെല്ലുവിളി സൃഷ്ടിക്കാനിടയില്ലെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.