പ്രേതങ്ങളെ പേടിച്ച കോടീശ്വരന്‍റെയോ ഫോട്ടോഷോപ്പ് നിർമിതിയോ അല്ല 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട' ഈ വീട്
text_fieldsപച്ചപുതച്ചൊരു കൊച്ചുദ്വീപ്. ചുറ്റും പരന്നുകിടക്കുന്ന നീലക്കടല്‍. ദ്വീപിൽ വെള്ള നിറത്തിലുള്ളൊരു വീടും. 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ വീടിന്‍റെ ചിത്രം. അതോടെ ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള കഥകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഐസ്ലൻഡിന്റെ തെക്കുഭാഗത്തുള്ള എല്ലിഡേയ് ദ്വീപിലാണ് ഈ വീട്. വെസ്റ്റ്മണെയർ ദ്വീപസമൂഹത്തിൽപ്പെട്ട 18ഓളം ദ്വീപുകളിൽ ഒന്നാണ് എല്ലിഡേയ്. ഒരുകാലത്ത് അഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നെന്നും 1930ല്‍ കുടുംബങ്ങളെല്ലാം ഇവിടെ നിന്നും മാറിത്താമസിച്ചതോടെ ദ്വീപ് ശൂന്യമായതാണെന്നും 'ദി മിറർ' റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏകാന്തമായ വീട് എന്ന വിവരണത്തോടെ ഹൊർദുർ എന്നയാളാണ് ഈ വീടിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ലോകത്തെ ഏറ്റവും അന്തര്‍മുഖനായ മനുഷ്യന്‍റെ വീട് എന്നൊക്കെയാണ് സമൂഹമാധ്യമങ്ങളിൽ പലരും ഈ വീടിനെ വിശേഷിപ്പിച്ചത്.
ഐസ്‌ലന്‍ഡിലെ പ്രശസ്ത ഗായകനായ ബ്യർക്കിന്‍റെ വീടാണ് ഇതെന്ന പ്രചാരണങ്ങളുമുണ്ടായി. രക്തദാഹികളായ സോംബികളില്‍ നിന്ന് (മൃതദേഹങ്ങൾ ജീവൻ വെച്ച ശേഷം മനുഷ്യരെ കൊല്ലാൻ നടക്കുമെന്ന ആശയത്തിലുണ്ടാക്കിയ സാങ്കൽപിക കഥാപാത്രങ്ങളാണ് സോംബികൾ) രക്ഷപ്പെടാന്‍ ഒരു കോടീശ്വരന്‍ നിര്‍മിച്ചതാണ് ഈ വീടെന്നും പ്രചരിച്ചതായി 'ദി സൺ' റിപ്പോർട്ട് ചെയ്തു. ഇങ്ങനെയൊരു വീട് തന്നെ ഇല്ലെന്നും ഇത് ഫോേട്ടാഷോപ്പിൽ കൃത്രിമമായി നിർമിച്ചെടുത്തതാണെന്നും ചിലർ ആരോപിച്ചു.
യഥാര്‍ഥത്തില്‍ എല്ലിഡേയ് ദ്വീപില്‍ ഇങ്ങിനെയൊരു വീടുണ്ടെന്നും എല്ലിഡേയ് ഹണ്ടിങ് അസോസിയേഷന്‍റെ ഉടമസ്ഥതയിലാണ് ഇതെന്നും 'ദി മിറർ' റിപ്പോർട്ട് ചെയ്യുന്നു. 1950ലാണ് ഇത് പണികഴിപ്പിച്ചത്. അസോസിയേഷനിലെ അംഗങ്ങളുടെ ഹണ്ടിങ് കാബിനായാണ് ഇത് ഉപയോഗിച്ചിരുന്നത്. മത്സ്യബന്ധനത്തിനും പഫിൻ പക്ഷികളെ വേട്ടയാടുന്നതിനും എത്തിയിരുന്ന അസോസിയേഷൻ അംഗങ്ങളാണ് വൈദ്യുതിയോ വെള്ളമോ ലഭ്യമല്ലാത്ത ഈ വീട്ടില്‍ ഇടക്കിടെ എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.