ആർക്കും വഴങ്ങാതെ വളർന്ന പുടിൻ; റഷ്യയുടെ മുൻ 'സൂപ്പർ ചാരൻ' രാഷ്ട്രം 'പിടിച്ചെടുത്ത' കഥ
text_fieldsമോസ്കോ: ജൂഡോ ക്ലാസിൽ വെച്ച് സഹപാഠിയായ വാസ്സിലി ഷെസ്തകോവിനെ നിലത്തടിക്കാനായി എടുത്തുയർത്തി നിൽക്കുന്ന കൗമാരക്കാരനായ വ്ലാദിമിർ പുടിന്റെ ചിത്രത്തിൽ തന്നെ ആ സ്വഭാവമുണ്ട്. കണ്ണുകളിൽ കത്തുന്ന തീയും കീഴടങ്ങാൻ ഒരുക്കമല്ലെന്ന് വിളിച്ചുപറയുന്ന ശരീരഭാഷയും. ജൂഡോ അടക്കമുള്ള ആയോധനകലകളുടെ ലോകത്തേക്കിറങ്ങിയ കൗമാരകാലത്തും റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സി ഏജന്റായിരുന്ന യൗവനകാലത്തും രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ കാലത്തുമെല്ലാം പുടിന്റെ കണ്ണുകളിലെ തീഷ്ണതക്കും ആർക്കും വഴങ്ങില്ലെന്ന ഭാവത്തിനും മാറ്റമൊന്നും വന്നതുമില്ല. ജൂഡോയിലായാലും രാഷ്ട്രീയത്തിലായാലും നയതന്ത്രത്തിലായാലും ആരെയും വകവെക്കാത്ത പുടിന്റെ തീരുമാനങ്ങളാണ് ഇപ്പോൾ യുക്രെയ്നിൽ അശാന്തി തീർത്തിരിക്കുന്നത്. 'നായകന്റെ മാനറിസങ്ങളെല്ലാമുള്ള വില്ലന്റെ കഥ' എന്ന ടാഗ് ലൈനിടാം പുടിന്റെ ജീവിതത്തിന്.
1952 ഒക്ടോബറില്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ (ലെനില്‍ഗ്രാഡ്) ഒരു ഫാക്ടറി തൊഴിലാളി കുടുംബത്തിലാണ് വ്ലാദിമിർ വ്ലാദിമിറോവിച് പുടിന്‍ എന്ന വ്ലാദിമിർ പുടിൻ ജനിച്ചത്. മാതാപിതാക്കള്‍ക്ക് വൈകി ലഭിച്ച കുട്ടിയായിരുന്നു പുടിൻ. ചെറുപ്പം മുതലേ ആയോധന കലകളിലുള്ള താല്‍പര്യവും പ്രാവീണ്യവും പഠനത്തിലെ മികവുമാണ് പുടിനെ അന്നത്തെ സോവിയറ്റ് യൂണിയനിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹൈസ്‌കൂളിലെത്തിച്ചത്. ജൂഡോ, ജൂഡോയുടേയും ഗുസ്തിയുടേയും 'റഷ്യന്‍ സംഗമ'മായ സാംബോ, കൊറിയന്‍ ആയോധന കലകളിലെ ഡാന്‍, ഡാന്‍ ക്യോകുഷിന്‍ എന്നിവയിലെല്ലാം പ്രാവീണ്യം നേടാൻ പുടിനായി. കായിക മേഖലക്കൊപ്പം തന്നെ ജീവശാസ്ത്രത്തിലേക്കും കലകളിലേക്കും താൽപര്യങ്ങൾ മാറിമറിഞ്ഞൊരു പുടിനെയും സ്കൂൾ പഠനകാലത്ത് കാണാം. സ്‌കൂളിലെ റേഡിയോ സ്‌റ്റേഷനിലൊക്കെ പുടിന്‍ സജീവമായിരുന്നെന്ന് ജീവചരിത്രകാരന്മാർ പറയുന്നു. വനിതാ സുഹൃത്തിനൊപ്പം ചിരിച്ചുനിൽക്കുന്ന ചിത്രത്തിലൊക്കെ കാർക്കശ്യം വെടിഞ്ഞൊരു ഭാവവും കാണാം.
പുടിന്റെ കുടുംബ ജീവിതത്തെകുറിച്ച് അവ്യക്തതകൾ നിറഞ്ഞതാണ് പല റിപ്പോർട്ടുകളും. 1983 ലാണ് പുടിനും ലൂഡ്മില ഷ്രക്ബനേവയും വിവാഹതിരാകുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. 2014 ൽ ഇവർ ഔദ്യോഗികമായി വിവാഹ മോചിതരായി. എന്നാൽ 2008 ൽ, ഇരുവരും പിരിഞ്ഞിട്ടുണ്ടെന്നും ഒളിമ്പിക് ജേതാവായ അലിന കബേവയുമായി പുടിന് ബന്ധമുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഈ വിവരം റിപ്പോർട്ട് ചെയ്ത പത്രം പിന്നീട് അടച്ചു പൂട്ടുന്നതാണ് റഷ്യ കണ്ടത്. അലിനയുമായുള്ള ബന്ധത്തിൽ പുടിന് മക്കളുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. എന്നാൽ, പുടിൻ ഇതുവരെയും അതൊന്നും സ്ഥിരീകരിച്ചിട്ടില്ല.
1973ല്‍ പുടിൻ സാംബോയില്‍ സ്‌പോര്‍ട്‌സ് മാസ്റ്ററായി. രണ്ടുവര്‍ഷത്തിന് ശേഷം ജൂഡോ മാസ്റ്ററും. എല്ലാ വെല്ലുവിളികളെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ നേരിടാൻ പുടിന് സാധിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ലെന്ന് വ്യക്തം. വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. 1991ല്‍ പാർട്ടി തകരുന്നതുവരെ തുടരുകയും ചെയ്തു. ലെനിന്‍ഗ്രാഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് നിയമ ബിരുദത്തിന് ചേർന്നത്. പെരിസ്‌ട്രോയിക്ക കാലഘട്ടത്തിലെ പ്രമുഖ രാഷ്‌ട്രീയ നവോഥാന നേതാവ് അനാറ്റൊലി സോബ്‌ചെക് അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു. പുടിന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ അടിത്തറ പാകുന്നത് ഈ കാലഘട്ടത്തിലാണ്.
യൂനിവേഴ്‌സിറ്റി പഠനകാലത്തുതന്നെ റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ കെ.ജി.ബിയിൽ ചേരുകയെന്നത് പുടിന്റെ സ്വപ്നമായിരുന്നു. കെ.ജി.ബിയില്‍ 15 വര്‍ഷമാണ് സേവനമനുഷ്ഠിച്ചത്. ഇതില്‍ ആറുവര്‍ഷം ജര്‍മനിയിലായിരുന്നു. 1990ൽ ലഫ്റ്റ്‌നന്റ് കേണലായി കെ.ജി.ബിയില്‍ നിന്നു പിരിഞ്ഞ് റഷ്യയിലേക്ക് മടങ്ങിയ പുടിനെ കുറിച്ച് സത്യസന്ധനും അച്ചടക്കമുള്ളവനുമെന്നാണ് ചാരസംഘടനയുടെ രേഖകള്‍ വിശേഷിപ്പിക്കുന്നത്.
1990 മുതല്‍ ലെനിന്‍ഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ റെക്ടറുടെ സഹായിയായി പ്രവര്‍ത്തിച്ച ശേഷമാണ് പുടിൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഉപപ്രധാനമന്ത്രിയായി. രാഷ്ട്രീയ ജീവിതത്തിലെ ഗണ്യമായ നേട്ടങ്ങളുടെ തുടക്കമായിരുന്നു അത്. 1996ല്‍ മോസ്‌കോയില്‍ പ്രസിഡന്റിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവിയിലാണ് ലോകം പിന്നീട് പുടിനെ കാണുന്നത്. ക്രെംലിനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്‌ട്രീയ നേതാവായി പുടിൻ മാറാൻ അധികകാലം വേണ്ടി വന്നില്ല. രാഷ്ട്രീയത്തിൽ സജീവമായി വെറും എട്ട് വർഷം കൊണ്ട് പ്രസിഡന്റ് പദവിയിലേക്ക് എത്താൻ അദ്ദേഹത്തിനെ സഹായിച്ചത് ഇക്കാലത്തെ പ്രവർത്തനങ്ങളാണ്. തുടര്‍ന്ന് അദ്ദേഹം പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്റെ ഡെപ്യൂട്ടി തലവനായി. 1998 മുതല്‍ റഷ്യയിലെ എഫ്.എസ്.ബി ഡയറക്ടറുടെയും സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയുടെയും ജോലി അദ്ദേഹം ഒരുമിച്ച് ചെയ്തു.
1999 ഡിസംബര്‍ 31ന് പുടിന്‍ ആക്ടിങ് പ്രസിഡന്റായി. 2000 മാര്‍ച്ചിലെ തെരഞ്ഞെടുപ്പിന് ശേഷം പുടിന്‍ പ്രസിഡന്റുമായി. 1999 മുതല്‍ 2008 വരെയും 2012 മുതല്‍ ഇന്നുവരെയും പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ട്. അഴിമതി ഇല്ലാതാക്കിയും ശക്തമായ കമ്പോളസംവിധാനം ഒരുക്കി സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തിയും ശക്തനായ ഭരണാധികാരിയെന്ന് പേരെടുത്താണ് അദ്ദേഹമത് സാധിച്ചത്. പ്രസിഡന്റ് സ്ഥാനമില്ലാതിരുന്ന കാലത്ത് റഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു പുടിൻ. രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്റായി തെരഞ്ഞെടുക്കാനാവില്ലെന്ന നിബന്ധനയുള്ളതിനാലായിരുന്നു ഈ മാറ്റം. രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ ഈ ഭരണഘടനാ ചട്ടത്തില്‍ ഭേദഗതി വരുത്തുകയാണ് പുടിൻ ചെയ്തത്. ഇതുപ്രകാരം പുടിന് ആറ് തവണ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകും. അതായത് 2036ല്‍ 83 വയസ്സ് വരെ റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ പുടിന് നിയമപരമായ തടസ്സമൊന്നുമില്ല.
2020 ജനുവരിയില്‍, അന്താരാഷ്‌ട്ര നിയമത്തേക്കാള്‍ ആഭ്യന്തര നിയമത്തിന് മുന്‍ഗണന നൽകുന്ന മാറ്റങ്ങൾക്കായി ശബ്ദമുയർത്തി പുടിൻ വിജയിച്ചശേഷം ലോകം കാണുന്നത് ഒന്നും നോക്കാതെ തന്റെ നിലപാടുകളും തീരുമാനങ്ങളും നടപ്പാക്കുന്ന ഏകാധിപതിയെയാണ്. യുക്രെയ്ൻ വിഷയത്തിൽ ലോകരാജ്യങ്ങളെല്ലാം എതിരുനിന്നപ്പോഴും നിലപാടിൽ നിന്ന് കടുകിട വ്യതിചലിക്കാതെ തീരുമാനങ്ങളെടുത്ത പുടിന്റെ കണ്ണുകളിൽ എതിരാളിയെ നിലംപരിശാകുന്ന പഴയ ജൂഡോ ചാമ്പ്യന്റെ അതേ തീഷ്ണത മാറാതെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.