നോവുന്ന ഓർമകൾ മനസിൽ പേറി അവർ രക്തബന്ധത്തിന്റെ തണലിലേക്ക് മടങ്ങി; ഗസ്സയിലെ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ കുടുംബവുമായി കൂട്ടിച്ചേർത്ത് യുനിസെഫ്
text_fieldsഗസ്സാസിറ്റി: തെക്കൻ ഗസ്സയിലെ അൽ മവാസി ടെന്റിനും പുറത്തെ മണലിൽ ഒരുമിച്ച് കളിക്കുമ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി തെളിയുന്നുണ്ട്. അവരുടെ ജീവൻ അപകടത്തിലായിരുന്നു. കൊലപാതകങ്ങൾക്കും കൂട്ടക്കൊലക്കും വിധേയമായ ഒരു ജനതയുടെ ബാക്കി പത്രങ്ങളാണവരെന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശി കൗതർ അൽ മസ്‍രി പറയുന്നു.
ആറാഴ്ച മുമ്പ് വടക്കൻ പട്ടണമായ ബെയ്ത്ത് ലാഹിയയിലെ അവരുടെ വീടിന് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ ഒരു വയസുകാരൻ ജമാലിന്റെ മാതാപിതാക്കളും അമ്മയും ബന്ധുക്കളായ മരിയ, ജാന, സീന എന്നിവരുടെ രണ്ടും ഒമ്പതും വയസ് വരെ പ്രായമുള്ള രണ്ട് സഹോദരിമാരും കൊല്ലപ്പെട്ടു. പെൺകുട്ടികളുടെ പിതാവിനെ ഒരു വർഷം മുമ്പ് ഇസ്രായേൽ സേന അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടികളെ ജീവനോടെ പുറത്തേക്കെടുത്തപ്പോൾ അവരുടെ ഉറ്റവരെല്ലാം മരിച്ചുപോയിരുന്നു. അക്ഷരാർഥത്തിൽ അവർ ഒറ്റക്കായിപോയി.
ഗസ്സയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ 14,500 ലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 17000 കുഞ്ഞുങ്ങൾ ഉറ്റബന്ധുക്കളിൽ നിന്ന് അകന്നുപോയി. ചിലരുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടു. തീരെ ചെറിയ കുഞ്ഞുങ്ങളായതിനാൽ അതിൽ ചിലരുടെ പേരുകൾ പോലും അറിയില്ല.
അതിനിടെ, യുനിസെഫിന്റെ സഹായത്താൽ 63 കുട്ടികളെ കുടുംബത്തിനൊപ്പം ഒന്നിപ്പിച്ചു. അതിൽ പെട്ടതാണ് മസ്‍രി കുടുംബത്തിലെ നാലു കുഞ്ഞുങ്ങൾ. മാതാപിതാക്കളില്ലാത്ത കുടുംബത്തിലേക്കാണ് അവർ മടങ്ങിച്ചെന്നത്. മാതാപിതാക്കൾക്കൊപ്പമായിരുന്ന ആ കുഞ്ഞുങ്ങൾ നവംബർ മാസം പകുതി വരെ താമസിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ ആക്രമണത്തിൽ മാതാപിതാക്കൾ മരിച്ചതോടെ അവർ അനാഥരായി. തന്റെ പ്രാർഥനക്കുത്തരമായി പേരക്കുട്ടികളെയെങ്കിലും തിരികെ കിട്ടിയ സന്തോഷത്തിലാണ് മുത്തശ്ശി കൗതർ അൽ മസ്‍രി. കുഞ്ഞുങ്ങളെ തിരികെ കിട്ടാൻ കൗതർ ആവശ്യമായ രേഖകൾ യുനിസെഫ് അധികൃതർക്ക് കൈമാറി. എല്ലാ പരിശോധനകൾക്കും ശേഷം കുഞ്ഞുങ്ങളെ കൈമാറാൻ അധികൃതർ തയാറായി. യുദ്ധം അനാഥരാക്കിയ കുഞ്ഞുങ്ങളെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറുക എന്നത് ഏറെ പ്രയാസകരമായ ജോലിയാണെന്ന് യുനിസെഫ് പറയുന്നു.
നഷ്ടത്തിന്റെ കഥകൾ കേട്ടാണ് അവർ വളരുക. മനസിൽ ആഴത്തിലുള്ള മുറിവുകൾ ഏറ്റവരാണവർ. 14 മാസമായി കുഞ്ഞുങ്ങളെ കണ്ടിരുന്നില്ല കൗതർ. വളരെ വേദനിപ്പിക്കുന്ന കാത്തിരിപ്പായിരുന്നു അത്. ഒടുവിൽ നാലുപേരെയും കൺമുന്നിൽകണ്ടപ്പോൾ ആദ്യം ആരെ കെട്ടിപ്പിടിക്കണം എന്നാ ആശങ്കയിലായി ആ മുത്തശ്ശി. ആദ്യം ജനയെ മുറുകെ പുണർന്നു. അതു കഴിഞ്ഞ് സെയ്നയെയും...
2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയായി ഗസ്സയിൽ ഇസ്രായേൽ യുദ്ധം തുടങ്ങി. കൗതറും അവരുടെ മക്കളും എല്ലാം കെട്ടിപ്പെറുക്കി റഫയിലേക്ക് മാറി. എന്നാൽ ആൺമക്കളായ റമദാന്റെയും ഹംസയുടെയും യാത്ര മുടങ്ങി. തുടർന്ന് അവർ ഭാര്യമാർക്കൊപ്പം തങ്ങാൻ തീരുമാനിച്ചു. അതിൽ ഒരാൾ ഗർഭിണിയായിരുന്നു. 2023 നവംബറിൽ ബെയ്ത്ത് ലാഹിയയിൽവെച്ച് ഇസ്രായേൽ സൈന്യം ഹംസയെ അറസ്റ്റ് ചെയ്തു. ഹംസക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല. യുദ്ധകാലത്ത് ഹംസയെ പോലെ ആയിരക്കണക്കിന് ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ തടവിലാക്കിയിരുന്നു.
''ഇതാണ് ഞങ്ങളുടെ വിധി. ഞങ്ങൾക്ക് പിറന്ന വീടും ഭൂമിയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടു. ഞങ്ങളിപ്പോൾ വടക്കൻ ഗസ്സ, തെക്കൻ ഗസ്സ എന്നിങ്ങനയായി വിഭജിക്കപ്പെട്ടു.''-കൗതർ നിരാശയോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.