അഫ്ഗാനിൽ ജയിലിലുള്ള സോണിയയുടെ മോചനാപേക്ഷ എട്ടാഴ്ചക്കകം തീർപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭീകര സംഘടനയായ ഐ.എസിൽ ചേരാൻ അഫ്ഗാനിസ്താനിൽ പോയി ജയിലിലായ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകൾ സാറയെയും ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള അപേക്ഷ എട്ടാഴ്ചക്കകം തീർപ്പാക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി.
കേന്ദ്രം അനുകുല തീരുമാനമെടുത്തില്ലെങ്കിൽ മകളുടെ മോചനത്തിനായി ഹരജിക്കാരനായ അച്ഛൻ വി.ജെ. സെബാസ്റ്റ്യന്, ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരം ഹൈകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
താലിബാൻ അഫ്ഗാനിൽ ഭരണം പിടിക്കും മുമ്പാണ് മോചനത്തിനുള്ള ഹരജി സമർപ്പിച്ചതെന്ന് സെബാസ്റ്റ്യൻ സേവ്യറിനുവേണ്ടി ഹാജരായ അഡ്വ. രഞ്ജിത് മാരാർ വാദിച്ചു. 2021 ജൂലൈയിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. താലിബാൻ വന്ന ശേഷം ജയിലുകൾ തകർക്കപ്പെട്ടിട്ടുണ്ടെങ്കിലും സോണിയയും മകൾ സാറയും തടങ്കലിൽ അല്ലെന്ന് പറയാനാവില്ല.
നിലവിൽ അഫ്ഗാൻ-പാകിസ്താൻ അതിർത്തിയിലുള്ള മേഖലയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. സുപ്രീംകോടതി നിർദേശിച്ചാൽ സർക്കാറിന് നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാൻ കഴിയും. നാലാഴ്ചയോ ആറാഴ്ചയോ സമയം നിജപ്പെടുത്തണമെന്ന് അഡ്വ. മാരാർ ആവശ്യപ്പെട്ടു.
വിദേശ രാജ്യത്തുനിന്ന് പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നതിൽ സുപ്രീംകോടതിക്ക് തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ കേന്ദ്ര സർക്കാറിനോട് പറയാമെന്ന് ബെഞ്ച് ഇതിന് മറുപടി നൽകി. ഇത്തരം വിഷയങ്ങളിൽ സർക്കാറാണ് തീരുമാനിക്കേണ്ടത്. അഫ്ഗാനിലെ ഭരണമാറ്റം ഉഭയകക്ഷി ഉടമ്പടികളെ ബാധിക്കില്ലെന്ന് ജസ്റ്റിസ് റാവു അഭിപ്രായപ്പെട്ടു. അഫ്ഗാനിലെയും ഇന്ത്യയിലെയും ഭരണകൂടങ്ങൾ തമ്മിൽ നല്ല ബന്ധത്തിലാണെന്നാണ് പത്രങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഇവരുടെ മോചന കാര്യത്തിൽ കേന്ദ്രത്തിന് അഫ്ഗാൻ ഭരണകൂടത്തെ പ്രേരിപ്പിക്കാനാകും. അതിന് കേന്ദ്രത്തെ ഹരജിക്കാരൻ പ്രേരിപ്പിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കേന്ദ്രം അപേക്ഷ സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കട്ടെ എന്ന് ചോദിച്ച അഡ്വ. രഞ്ജിത് മാരാരോട് ഹൈകോടതിയിൽ പോയാൽ മതിയെന്ന് ജസ്റ്റിസ് റാവു മറുപടി നൽകി. ഹൈകോടതികൾ ഭരണഘടന ഉത്തരവാദിത്തങ്ങൾ നിറവേറ്റാറുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങൾ വ്യാഖ്യാനിക്കാറുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
അഫ്ഗാനിൽനിന്ന് സോണിയയെയും മകൾ സാറയെയും നാട്ടിലെത്തിക്കാൻ അവിടത്തെ ഭരണകൂടം അനുമതി നൽകുകയും ഹരജിക്കാർ അപേക്ഷ സമർപ്പിക്കുകയും ചെയ്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അതുമായി ബന്ധപ്പെട്ട പ്രക്രിയ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും കേന്ദ്ര വിദേശ മന്ത്രാലയ സെക്രട്ടറിയും തുടങ്ങിയിട്ടില്ല.
അതിനാൽ, അപേക്ഷയിൽ എട്ടാഴ്ചക്കകം തീരുമാനമെടുക്കണം. കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിൽ പരാതിയുണ്ടെങ്കിൽ ഭരണഘടനക്ക് അനുസൃതമായി കോടതിയെ സമീപിക്കാം. അതേസമയം, ഈ ഘട്ടത്തിൽ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഐ.എസിൽ ചേരാൻ പോയ സോണിയക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കേസ് ഇന്ത്യയിൽ നിലനിൽക്കുമ്പോഴാണ് അവരെ അഫ്ഗാനിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമുഖത കാണിക്കുന്നത്.
ഐ.എസിന് പ്രവർത്തിക്കാൻ അഫ്ഗാനിലേക്ക് സോണിയയെ കൊണ്ടുപോയ ഭർത്താവ് കാസർകോട് സ്വദേശി അബ്ദുൽ റാഷിദ് അഫ്ഗാനിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. നിരവധി മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത സൂത്രധാരൻ എന്നാണ് അബ്ദുൽ റാഷിദിനെ എൻ.ഐ.എ വിശേഷിപ്പിച്ചിരുന്നത്. സോണിയയെപോലെ ഐ.എസിൽ ചേരാൻ പോയ നിമിഷ ഫാത്തിമക്കായി അവരുടെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.