ട്രംപിന് താലിബാൻ പിന്തുണ; 'അഫ്ഗാനിൽ നിന്ന് ട്രംപ് സൈന്യത്തെ പിൻവലിക്കുമെന്ന് പ്രതീക്ഷ'
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് താലിബാന്‍റെ പിന്തുണ. ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കോവിഡ് സാഹചര്യത്തിൽ യു.എസ് തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ആശങ്കയുണ്ട്. ട്രംപ് കോവിഡ് പോസിറ്റീവായപ്പോൾ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം വേഗം സുഖം പ്രാപിക്കുകയാണ്- മറ്റൊരു താലിബാൻ നേതാവ് പറഞ്ഞു.
അതേസമയം, താലിബാൻ പിന്തുണ തള്ളുന്നതായി ട്രംപിന്‍റെ പ്രചാരണ വിഭാഗം വക്താവ് ടിം മുർടാഫ് പറഞ്ഞു. അമേരിക്കയുടെ താൽപര്യങ്ങൾ ട്രംപ് എപ്പോഴും സംരക്ഷിക്കുമെന്ന കാര്യം താലിബാൻ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്‍ സേനയേയും പിന്‍വലിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് ശേഷമാണ് താലിബാന്‍ ട്രംപിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. എന്നാൽ, ഇത് ട്രംപിന്‍റെ അനുയായികൾക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. താലിബാൻ പിന്തുണ എതിരാളികൾ പ്രചാരണായുധമാക്കുമോയെന്ന ഭയവുമുണ്ട്.
നിലവിൽ 5000ത്തോളം യു.എസ് സൈനികരാണ് അഫ്ഗാനിലുള്ളത്. ഇത് അടുത്ത വർഷം തുടക്കത്തിൽ 2500 ആയി കുറക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ പറഞ്ഞു. യു.എസും താലിബാനും തമ്മിൽ ഫെബ്രുവരിയിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പിട്ടിരുന്നു. 2021ലെ ക്രിസ്തുമസോടെ യു.എസ് സൈനികർക്ക് പിന്മാറാനുള്ള സമയക്രമവും നിശ്ചയിച്ചിരുന്നു. ഈ ഉടമ്പടി പ്രകാരം താലിബാൻ അൽ-ഖ്വയ്ദയുമായി ബന്ധം ഒഴിവാക്കുകയും അഫ്ഗാൻ സർക്കാറുമായി അധികാരം പങ്കുവെക്കാൻ ചർച്ച നടത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.