മോഷണത്തിനിടെ കൂർക്കം വലിച്ചുറങ്ങിപ്പോയ മോഷ്ടാവ് പിടിയിൽ
text_fieldsബെയ്ജിങ്: മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ തന്ത്രപൂർവം കുടുക്കി വീട്ടമ്മ. ചൈനയിലെ യുനാൻ പ്രവിശ്യയിൽ നവംബർ എട്ടിന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അർധരാത്രി മോഷ്ടിക്കാൻ കയറിയതായിരുന്നു കള്ളൻ. എന്നാൽ വീട്ടുകാർ ആ സമയമായിട്ടും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. തുടർന്ന് അവിടെ നിന്ന് പോകുന്നതിന് പകരം, വീട്ടുകാർ ഉറങ്ങുന്നത് വരെ കാത്തിരിക്കാൻ മോഷ്ടാവ് തീരുമാനിച്ചു. സിഗരറ്റൊക്കെ വലിച്ച് കള്ളൻ സമയം പോക്കി. കുറച്ചുകഴിഞ്ഞപ്പോൾ കള്ളൻ അറിയാതെ ഉറങ്ങിപ്പോയി. ഉറക്കത്തിനിടെ ഇയാൾ നന്നായി കൂർക്കം വലിക്കുന്നുമുണ്ടായിരുന്നു.
വീട്ടുകാരി തന്റെ ചെറിയ കുട്ടിയോടൊപ്പമാണ് ഉറങ്ങാൻ കിടന്നത്. എവിടെ നിന്നോ കൂർക്കം വലി കേട്ടപ്പോൾ അവർ ശ്രദ്ധിക്കാൻ തുടങ്ങി. അയൽപക്കത്തു നിന്നായിരിക്കുമെന്ന് കരുതി കൂടുതൽ ശ്രദ്ധിക്കാൻ നിന്നില്ല. എന്നാൽ കൂർക്കംവലി സമീപത്ത് നിന്നെങ്ങാനുമാണെന്ന് അവർക്ക് സംശയം തോന്നി. കുട്ടിയുടെ പാൽകുപ്പി വൃത്തിയാക്കാനായി എഴുന്നേറ്റപ്പോൾ കൂർക്കംവലി കൂടുതൽ വ്യക്തമായി കേട്ടു.
തുടർന്ന് വീട്പരിശോധിച്ചപ്പോഴാണ് മുറിയുടെ തറയിൽ കിടന്നുറങ്ങുന്ന മോഷ്ടാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങി മറ്റുള്ളവരെ വിളിച്ചുകൂട്ടി. അവർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സ്ഥിരം മോഷ്ടാവാണ് പിടിയിലായ യാങ് സംയുക്തി. മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞ് സെപ്റ്റംബറിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.