യു.എൻ ഏജൻസിക്ക് സഹായം മുടക്കൽ മഹാദുരന്തമാകുമെന്ന് യു.എൻ മേധാവി
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ കുരുതിക്കിടെ നേരിയ ആശ്വാസമായിരുന്ന യു.എൻ അഭയാർഥി ഏജൻസിക്ക് സഹായം നൽകുന്നത് യു.എസും യു.കെയും ജർമനിയുമടക്കം പ്രമുഖ രാജ്യങ്ങൾ നിർത്തിവെക്കുന്നത് മഹാദുരന്തം വിളിച്ചുവരുത്തുന്നതാകുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ചില അംഗങ്ങൾ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനൊപ്പം നിന്നുവെന്ന ഇസ്രായേൽ ആരോപണത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രമുഖ ദാതാക്കൾ സഹായം നിർത്തുന്നതായി പ്രഖ്യാപിച്ചത്.
ഒമ്പത് ജീവനക്കാരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ മാത്രം 13,000 ജീവനക്കാർ യു.എൻ അഭയാർഥി ഏജൻസിക്ക് കീഴിലുണ്ട്. അഞ്ചു രാജ്യങ്ങളിലായി മൊത്തം 40,000 പേരും. ഗസ്സയിൽ 30,000 വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതുൾപ്പെടെ സേവനങ്ങൾ ഏജൻസി നിർവഹിക്കുന്നു. 12 ജീവനക്കാർ ഹമാസിനൊപ്പം ആക്രമണത്തിൽ പങ്കെടുത്തെന്നാണ് ഇസ്രായേൽ ആരോപണം. 2022ൽ യു.എൻ ഏജൻസിക്ക് യു.എസ് 34 കോടി ഡോളർ നൽകിയിരുന്നു.
ഗസ്സയിൽ മറ്റു മാർഗങ്ങൾ ഇസ്രായേൽ കൊട്ടിയടച്ചതോടെ 20 ലക്ഷം പേരാണ് യു.എൻ ഏജൻസിയെ ആശ്രയിച്ചുകഴിയുന്നത്. ഇവർക്കു മേൽ ഇടിത്തീയായാണ് നെതന്യാഹു സർക്കാറിന്റെ പുതിയ നീക്കം. അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ വിധി വരുന്നതിന് തൊട്ടുമുമ്പാണ് ആരോപണവുമായി ഇസ്രായേൽ എത്തിയതെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.