ഇസ്രായേൽ തകർത്ത വടക്കൻ ഗസ്സയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് യു.എൻ സംഘം
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ കരാറിന് അടുത്ത ആഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചതിന് പിന്നാലെ ഇസ്രായേൽ തകർത്ത വടക്കൻ ഗസ്സയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് യു.എൻ സംഘം. ഐക്യരാഷ്ട്രസഭ പ്രതിനിധികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടത്.
ഇസ്രായേൽ ആക്രമണത്തിന്‍റെ വ്യാപ്തി വ്യക്തമാകുന്നതാണ് രണ്ട് മിനിറ്റ് നീണ്ടുനിൽക്കുന്ന ദൃശ്യം. അതിനിടെ ഗസ്സയിൽ ഇസ്രായേൽ സൈന്യം കനത്ത ആക്രമണം തുടരുകയാണ്. രണ്ട് ദിവസത്തിനിടെ 69 പേർ കൊല്ലപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 40074 ആയി. 92,537 പേർക്ക് പരിക്കേറ്റു.
അതേസമയം, വെടിനിർത്തൽ ചർച്ച അടുത്തയാഴ്ച ഈജിപ്തിൽ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ സംഘം ദോഹയിൽ തുടരുകയാണെന്നും കൈറോയിലെ ചർച്ച കൂടി കഴിഞ്ഞേ അവർ നാട്ടിലേക്ക് മടങ്ങൂവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുദ്ധം അവസാനിപ്പിച്ച് ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണമായി പിൻവലിക്കാൻ സമ്മതിക്കാതെ ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഒരു കരാറിലും ഒപ്പിടില്ലെന്ന് ഹമാസ് ആവർത്തിച്ചു.
ഗസ്സയിൽ വെടിനിർത്തൽ -ബന്ദിമോചന കരാറിലേക്ക് കൂടുതൽ അടുത്തിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ബൈഡൻ പൊള്ളയായ അവകാശവാദം നടത്തുകയാണെന്നും യുദ്ധം നിർത്താനല്ല, സമയം നീട്ടിക്കിട്ടാൻ മാത്രമാണ് അവർക്ക് താൽപര്യമെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.