കുടിയേറ്റക്കാരെ യു.എസ് നാടുകടത്തിത്തുടങ്ങി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റായി അധികാരമേറ്റ് നാലുദിവസത്തിനകം കുടിയേറ്റക്കാരെ നാടുകടത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ഡോണൾഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കുടിയേറ്റവും പൗരത്വവുമായും ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ നാടുകടത്തിത്തുടങ്ങിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ട്രംപിന്റെ ഉത്തരവ് പ്രകാരം 538 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായതായും സൈനിക വിമാനങ്ങളിൽ നാടുകടത്താൻ തുടങ്ങിയതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിനെ ലീവിറ്റ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ രണ്ട് സൈനിക വിമാനങ്ങളിലായി ഗ്വാട്ടമാലയിലേക്ക് നാടുകടത്തിയതായി പ്രതിരോധ വകുപ്പും വ്യക്തമാക്കി. ബിഗ്സ് സൈനിക വ്യോമതാവളത്തിൽനിന്നാണ് 80 ഗ്വാട്ടമാലൻ പൗരന്മാരെ വെള്ളിയാഴ്ച പ്രതിരോധ വകുപ്പിന്റെ സഹായത്തോടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് തിരിച്ചയച്ചതെന്ന് കോൺഗ്രസ് അംഗം ടോണി ഗോൺസാലെസ് പറഞ്ഞു. നാടുകടത്തൽ വളരെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ക്രിമിനലുകളെയും കൊലപാതകികളെയുമാണ് രാജ്യത്തുനിന്ന് പുറത്താക്കുന്നതെന്നും നോർത് കരോലൈനയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പ്രതികരിച്ചു.
അതേസമയം, കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ട്രംപിന്റെ നയത്തെ രൂക്ഷമായി വിമർശിച്ച് യു.എസ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. കൂട്ട നാടുകടത്തലുകൾ സാമൂഹിക, സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് അംഗം ഗേബ് വാസ്ക്വസ് കുറ്റപ്പെടുത്തി. കൃഷിയിടങ്ങൾക്കും ഗ്രാമീണ ചെറുകിട ബിസിനസുകൾക്കും കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന കഠിനാധ്വാനികളായ കുടിയേറ്റക്കാർക്ക് താമസത്തിനും പൗരത്വത്തിനും അർഹതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.