പാകിസ്താൻ 12 ഭീകരസംഘടനകളുടെ താവളമെന്ന് യു.എസ് കോൺഗ്രസ് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് തുടങ്ങി അമേരിക്ക വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ച 12ഉം പ്രവർത്തിക്കുന്നത് പാകിസ്താൻ താവളമാക്കിയാണെന്ന് യു.എസ് കോൺഗ്രസ് റിപ്പോർട്ട്. ഇവയിൽ ചിലത് 1980കൾ മുതൽ പാകിസ്താനിൽ സജീവ സാന്നിധ്യമാണെന്നും ചരിത്രപ്രാധാന്യമുള്ള 'ക്വാഡ്' ഉച്ചകോടിക്ക് മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
അഞ്ചു വിഭാഗങ്ങളായാണ് ഈ ഭീകര സംഘടനകളുടെ പ്രവർത്തനം- പ്രവർത്തനം ആഗോള വ്യാപകമായത്, അഫ്ഗാൻ കേന്ദ്രീകൃതമായത്, ഇന്ത്യ- കശ്മീർ താവളമാക്കിയവ, നാട്ടിൽ പ്രവർത്തിക്കുന്നവ, ശിയാവിരോധത്തിെൻറ പേരിൽ രൂപമെടുത്തവ.
1980കളുടെ അവസാനത്തിൽ പാകിസ്താനിൽ രൂപമെടുത്ത ലശ്കറെ ത്വയ്യിബ 2001ലാണ് അമേരിക്കയുടെ വിദേശ ഭീകര സംഘടനാ പട്ടികയിലെത്തുന്നത്. 2008ലെ മുംബൈ ഭീകരാക്രമണമുൾപെടെ നിരവധി ആക്രമണങ്ങൾക്കു പിന്നിൽ ഈ സംഘടനയാണ്. കശ്മീരി ഭീകര നേതാവ് മസ്ഊദ് അസ്ഹർ 2000ൽ സ്ഥാപിച്ച ജയ്ശെ മുഹമ്മദ് തൊട്ടടുത്ത വർഷം യു.എസ് പട്ടികയിലെത്തി.
ഇന്ത്യൻ പാർലമെൻറ് ആക്രമണത്തിൽ മറ്റു സംഘടനകൾക്കൊപ്പം ജയ്ശെ മുഹമ്മദും പങ്കാളികളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 1980ൽ അഫ്ഗാനിസ്താനിൽ നിലവിൽ വന്ന ഹർകത്തുൽ ജിഹാദിൽ ഇസ്ലാമിയെ 2010ലാണ് യു.എസ് പട്ടികയിൽ പെടുത്തുന്നത്. സംഘടന ഇപ്പോൾ അഫ്ഗാനു പുറമെ പാകിസ്താൻ, ബംഗ്ലദേശ്, ഇന്ത്യ എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹിസ്ബുൽ മുജാഹിദീൻ 1989ൽ രൂപമെടുത്തതാണെങ്കിലും യു.എസ് ഭീകരപ്പട്ടികയിലെത്തുന്നത് 2017ൽ. പാകിസ്താനിലെ ഏറ്റവും പഴക്കമുള്ളതും എന്നാൽ, ജനപിന്തുണ കൂടുതലുള്ളതുമായ സംഘടനയാണിത്. അൽഖാഇദ, അഫ്ഗാൻ താലിബാൻ, ഹഖാനി ശൃംഖല, തഹ്രീകെ താലിബാൻ, ബലൂചിസ്താൻ വിമോചന സേന, ജുൻദുല്ല, സിപാഹെ സഹാബ, ലശ്കറെ ജംഗ്വി എന്നീ സംഘടനകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.