ഇറാൻ എണ്ണക്ക് പുതിയ ഉപരോധം പ്രഖ്യാപിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഇസ്രായേലിന് വീണ്ടും ‘വല്യേട്ടൻ’ സഹായവുമായി യു.എസ്. ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയെന്ന പേരിൽ ഇറാനെതിരെ പുതിയ എണ്ണ ഉപരോധം പ്രഖ്യാപിച്ചു. ഇറാൻ എണ്ണ കടത്തുന്ന കപ്പലുകൾ, കമ്പനികൾ എന്നിവക്കെതിരെയാണ് പുതിയ ഉപരോധം. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല, ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ എന്നിവരെ വധിച്ചതിന് പ്രതികാരമായി ഒക്ടോബർ ഒന്നിനാണ് ഇസ്രായേലിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ എത്തിയത്. ഇറാൻ ആണവ പദ്ധതിക്കും മിസൈൽ നിർമാണത്തിനും പണമിറക്കാൻ സഹായിക്കുന്ന വരുമാന സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ഇറാനിലെ എണ്ണക്കമ്പനികൾ നേരത്തേ യു.എസ് ഉപരോധ പട്ടികയിലുള്ളതാണെങ്കിലും നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ആറ് സ്ഥാപനങ്ങൾ, ആറ് കപ്പലുകൾ എന്നിവയാണ് പുതുതായി സ്റ്റേറ്റ് വിഭാഗം പ്രഖ്യാപിച്ച ഉപരോധ പരിധിയിൽ വരുക. ട്രഷറി വിഭാഗം 17 കപ്പലുകൾക്കെതിരെയും ഉപരോധം നടപ്പാക്കും. യു.എ.ഇ, ചൈന, പാനമ അടക്കം രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ് കപ്പലുകൾ. ഇവയുടെ പേരിൽ യു.എസിലുള്ള ആസ്തികൾ ഇതോടെ മരവിപ്പിക്കും. അമേരിക്കക്കാർക്ക് ഈ കമ്പനികളുമായി ഇടപാടുകൾ വിലക്കുകയും ചെയ്യും.
മറ്റൊരു സംഭവത്തിൽ, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലക്കൊപ്പം കൊല്ലപ്പെട്ട ഇറാൻ റെവലൂഷനറി ഗാർഡ് മുതിർന്ന കമാൻഡർ അബ്ബാസ് നിൽഫറൂഷാന്റെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞ് വെള്ളിയാഴ്ച കണ്ടെത്തിയെന്നാണ് സ്ഥിരീകരണം. ഇറാഖിൽ നജഫ്, കർബല എന്നിവിടങ്ങളിലെത്തിച്ച ശേഷം വടക്കുകിഴക്കൻ ഇറാനിലെ മശ്ഹദിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെയും വിലാപയാത്രയൊരുക്കും. ചൊവ്വാഴ്ച തെഹ്റാനിലും വിലാപയാത്രയായി എത്തിച്ച ശേഷം ജന്മനാടായ ഇസ്ഫഹാനിൽ ഖബറടക്കും. ഹസൻ നസ്റുല്ലയുമായി കൂടിക്കാഴ്ചക്കിടെ ഇസ്രായേൽ ബങ്കർ ബസ്റ്റർ ബോംബുകൾ പതിച്ചായിരുന്നു നിൽഫറൂഷാന്റെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.