യു.എസിനു മുന്നിൽ മെരുങ്ങാത്ത ഉത്തരകൊറിയയുടെ റഷ്യൻ ചങ്ങാത്തം ഭീഷണിയാകുമോ?
text_fieldsവാഷിങ്ടൺ: പതിറ്റാണ്ടുകളായി, പാശ്ചാത്യ രാജ്യങ്ങളും പ്രത്യേകിച്ച് യു.എസും സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഉത്തര കൊറിയ പോലുള്ള ഒരു പ്രശ്നം എങ്ങനെ പരിഹരിക്കും എന്നതാണ് അത്. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും സൗഹൃദം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഈ ചോദ്യം കൂടുതൽ പ്രസക്തമാണ്. ഉത്തരകൊറിയയും റഷ്യയും നിലവിൽ ഒപ്പുവെച്ച കരാറിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമല്ല. ബാലിസ്റ്റിക് മിസൈലുകളും ആണവ അന്തർവാഹിനികളും നിർമിക്കാനുള്ള റഷ്യയുടെ സാങ്കേതിക വിദ്യ ഉത്തരകൊറിയയുമായി പങ്കിടുന്നതിനെ കുറിച്ചാണ് ഏറ്റവും കൂടുതൽ ആശങ്ക.
ചൈനയെ നേരിടാൻ മറ്റ് രാജ്യങ്ങളുമായി സഖ്യത്തിലായ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എങ്ങനെ ഉത്തരകൊറിയയെ മെരുക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. എന്നാൽ കിമ്മുമായി ചർച്ചക്ക് തയാറാണെന്നാണ് ബൈഡൻ ഒരിക്കൽ പറഞ്ഞത്. ഈ വാഗ്ദാനത്തോട് കിം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പകരം തന്റെ രാജ്യം യു.എസിന് വലിയ ഭീഷണിയാണെന്ന് കാണിക്കാൻ ആണവായുധങ്ങൾ നിർമിക്കാൻ കൂടുതൽ താൽപര്യം കാണിച്ചു. 2022 മുതൽ കിം 100ലധികം മിസൈൽ പരീക്ഷണങ്ങൾ നടത്തി. ഒരു ചാര ഉപഗ്രഹം വിക്ഷേപിക്കാൻ രണ്ടുതവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതെല്ലാം യു.എസിന്റെ കടുത്ത ഉപരോധങ്ങൾക്കിടയിലായിരുന്നു.
2017 ൽ, തങ്ങളുടെ മിസൈലുകൾക്കുള്ളിൽ ഘടിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഒരു മിനിയേച്ചറൈസ്ഡ് ഹൈഡ്രജൻ ബോംബ് വിജയകരമായി സൃഷ്ടിച്ചതായി പ്യോങ്‌യാങ് അവകാശപ്പെട്ടു. തുടർന്ന് യു.എസ് പ്രസിഡന്റ്
ഡോണൾഡ് ട്രംപ് ഉത്തര കൊറിയയെ ഉപരോധത്തോടെ നേരിട്ടു.
തന്റെ മേശപ്പുറത്ത് ഒരു സമ്പൂർണ ആണവായുധ ശേഖരവും ഒരു ബട്ടണും ഉണ്ടെന്ന് കിം പ്രഖ്യാപിച്ചു. ഒടുവിൽ ട്രംപ് ചർച്ചക്ക് തയാറായി. 2018 ജൂണിൽ സിംഗപ്പൂരിൽ വെച്ച് ഇരുവരും ആദ്യമായി ഹസ്തദാനം ചെയ്തു.
2019 ഫെബ്രുവരിയിൽ നടന്ന ഹനോയ് ഉച്ചകോടി ഉത്തരകൊറിയയും യു.എസും തമ്മിലുള്ള നയതന്ത്രത്തെ മാറ്റിമറിച്ചു. ആണവ കേന്ദ്രം അടച്ചുപൂട്ടുകയാണെങ്കിൽ ഉപരോധങ്ങൾ ഭാഗികമായി പിൻവലിക്കാമെന്ന് ട്രംപ് ഓഫർ നൽകിയെങ്കിലും കിം അവഗണിച്ചു. എല്ലാം മറന്ന് വീണ്ടും ഉത്തരകൊറിയയുമായി ചർച്ച നടത്തണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എങ്ങനെയെന്ന് മാത്രം അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.