യുദ്ധം അവസാനിക്കും; സൂര്യകാന്തിപ്പൂ വീണ്ടും തളിർക്കും...
text_fieldsകിയവ്: പൊട്ടിത്തെറിക്കാത്ത റോക്കറ്റ് വയലിന്റെ മൂലയിൽ കിടക്കുന്നു, മറ്റൊന്ന് ഫാം കോമ്പൗണ്ടിന്റെ നടുക്കുണ്ട്, കളകൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്ക് ക്ലസ്റ്റർ ബോംബ് കിട്ടി. തൊഴുത്തിന്റെ മേൽക്കൂരയിൽ വിടവുണ്ട്... സൂര്യകാന്തിപ്പൂ ചന്തം ചാർത്തിയിരുന്ന യുക്രെയ്നിലെ പാടങ്ങളിലൊന്നിന്റെ ഇന്നത്തെ അവസ്ഥയാണിത്. റഷ്യൻ അധിനിവേശം രാജ്യത്തെ കാർഷിക മേഖലക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
കൃഷിയിടങ്ങൾ, വിളകൾ, കന്നുകാലികൾ, യന്ത്രസാമഗ്രികൾ, സംഭരണ സൗകര്യങ്ങൾ എന്നിവക്ക് നാശനഷ്ടം വരുത്തി. ഗതാഗതത്തെയും കയറ്റുമതിയെയും ഗുരുതരമായി തടസ്സപ്പെടുത്തി. ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ധാന്യവും സൂര്യകാന്തി എണ്ണയും കയറ്റുമതി ചെയ്തിരുന്ന രാജ്യമായിരുന്നു യുക്രെയ്ൻ. യുക്രെയ്ൻ സമ്പദ്‌വ്യവസ്ഥയുടെ നിർണായക ഭാഗമാണ് കൃഷി.
യുനൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് യുദ്ധത്തിന് മുമ്പുള്ള മൊത്തം ദേശീയ ഉൽപന്നത്തിന്റെ 20 ശതമാനവും കയറ്റുമതി വരുമാനത്തിന്റെ 40 ശതമാനവും കൃഷിയിൽനിന്നായിരുന്നു. ഗർത്തം നിറഞ്ഞ ഭൂമിയിൽ വിതക്കാനും വിളവെടുക്കാനും കഴിയാതെ നിരാശയിലാണിന്ന് കർഷകർ.
ഏപ്രിലിൽ റഷ്യൻ സൈന്യം പിടിച്ചടക്കുകയും സെപ്റ്റംബറിൽ യുക്രെയ്ൻ തിരിച്ചുപിടിക്കുകയും ചെയ്ത തന്ത്രപ്രധാന നഗരമായ ഇസിയം, കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലെ കന്നുകാലി തൊഴുത്തിൽ പലതവണ റോക്കറ്റുകൾ വർഷിച്ചു. നൂറുകണക്കിന് തൊഴിലാളികളുണ്ടായിരുന്ന കാർഷിക ഫാമുകൾ പ്രേതാലയം പോലെയായി. വേറെ വഴിയില്ലാത്തതിനാൽ ഹെലികോപ്ടറുകളുടെയും യുദ്ധവിമാനങ്ങളുടെയും ഘോരശബ്ദത്തിന് താഴെനിന്ന് ജോലിയെടുക്കുകയാണ് ഇപ്പോഴും ഒരുപറ്റം കർഷകർ.
വിതകൊയ്യാത്ത കിനാവുപാടത്തിൽ പ്രതീക്ഷകൾ പൂത്തുനിൽക്കുകയാണ്. യുദ്ധം അവസാനിക്കും. സൂര്യകാന്തിപ്പൂക്കൾ വീണ്ടും തളിർക്കും... വെയിലേറ്റുണങ്ങിയ ഗോതമ്പുകതിർ വീണ്ടും തളിർക്കുമെന്നും താഴ്വരകൾ പച്ചയാകുമെന്നും അവർ ഇപ്പോഴും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.