യുദ്ധം യുക്രെയ്നെ തകർക്കില്ല -സെലൻസ്കി
text_fieldsകിയവ്: യുദ്ധം രാജ്യത്തെ തകർക്കില്ലെന്നും ഒഡേസ തുറമുഖത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണം 'കാടത്ത' മാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ശനിയാഴ്ചത്തെ ആക്രമണം റഷ്യയുമായി ഇടപാടിനുള്ള സാധ്യത തന്നെ ഇല്ലാതാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അഞ്ച് മാസം പിന്നിടുമ്പോൾ തന്റെ രാജ്യം വിജയിക്കുമെന്ന് ഉറപ്പുണ്ട്. 'ഞങ്ങൾ വിട്ടുകൊടുക്കില്ല. നമ്മുടേതെല്ലാം സംരക്ഷിക്കും. നമ്മൾ ജയിക്കും' -ടെലിഗ്രാം സന്ദേശത്തിൽ സെലെൻസ്കി പറഞ്ഞു. പോരാട്ടങ്ങൾക്കിടയിലും തന്റെ രാജ്യത്ത് ജീവിതം തുടർന്നതായും അദ്ദേഹം തുടർന്നു. റഷ്യൻ മുന്നേറ്റവും കൈവശപ്പെടുത്തിയ പ്രദേശങ്ങളും വീണ്ടെടുക്കാൻ ശക്തമായ ആയുധങ്ങൾ നൽകാൻ യു.എസിനോടും മറ്റ് നാറ്റോ അംഗരാജ്യങ്ങളോടുമുള്ള അഭ്യർഥന സെലൻസ്കി ആവർത്തിച്ചു.
തുറമുഖങ്ങൾ ഉപരോധിച്ചില്ലെങ്കിൽ എട്ട് മുതൽ ഒമ്പത് മാസത്തിനുള്ളിൽ യുക്രെയ്‌ന് 60 ദശലക്ഷം ടൺ ധാന്യം കയറ്റുമതി ചെയ്യാനാകുമെന്നും എന്നാൽ ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണം കയറ്റുമതി എളുപ്പമല്ലെന്ന് തെളിയിച്ചതായും യുക്രെയ്ൻ പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അറിയിച്ചു. അതിനിടെ ഒഡേസ തുറമുഖത്ത് നടത്തിയ വ്യോമാക്രമണം സൈനിക ലക്ഷ്യങ്ങളിൽ മാത്രമേ പതിച്ചിട്ടുള്ളൂവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദീർഘദൂര മിസൈലുകൾ ഒഡേസ നഗരത്തിലെ തുറമുഖത്ത് ഡോക്ക് ചെയ്ത യുക്രേനിയൻ യുദ്ധക്കപ്പലിനെയും യു.എസ് വിതരണം ചെയ്ത ഹാർപൂൺ കപ്പൽ വിരുദ്ധ മിസൈലുകളുള്ള ഒരു സംഭരണശാലയെയും നശിപ്പിച്ചതായി മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരിങ്കടൽ തുറമുഖങ്ങളിൽ നിന്നുള്ള ധാന്യ കയറ്റുമതി പുനരാരംഭിക്കാനും യുദ്ധം മൂലമുണ്ടായ ആഗോള ഭക്ഷ്യക്ഷാമം കുറക്കാനും കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
ആഫ്രിക്കൻ പര്യടനം: ലാവ്റോവ് ഈജിപ്ത് സന്ദർശിച്ചു
കൈറോ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെ ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഈജിപ്ത് സന്ദർശിച്ചു. യുക്രെയ്‌ൻ അധിനിവേശത്തിന്റെ പേരിൽ പാശ്ചാത്യരാജ്യങ്ങളുടെ നയതന്ത്രപരമായ ഒറ്റപ്പെടുത്തലും ഉപരോധവും മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനത്തെ വിലയിരുത്തുന്നത്. ഇത്യോപ്യ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ആഫ്രിക്കൻ യാത്രയുടെ ആദ്യഘട്ടമെന്ന നിലയിൽ ശനിയാഴ്ച വൈകീട്ടാണ് ലാവ്റോവ് കൈറോയിലെത്തിയത്. ഞായറാഴ്ച രാവിലെ കൈറോ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തിയ ലാവ്‌റോവ് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേ ശുക്രിയുമായും ചർച്ച നടത്തി. അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയിതിനെ കണ്ട ലാവ്റോവ് അറബ് രാജ്യങ്ങളുടെ സംഘടനയുടെ സ്ഥിരം പ്രതിനിധികളെയും അഭിസംബോധന ചെയ്തതായാണ് റിപ്പോർട്ട്.
ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടി ചർച്ച ചെയ്തതായി ശുക്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ലാവ്‌റോവ് പറഞ്ഞു. വിശാലമായ വിഷയങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തങ്ങൾക്ക് മുൻവിധികളൊന്നുമില്ലെന്നും എന്നാൽ കാര്യങ്ങൾ തങ്ങളെ ആശ്രയിച്ചല്ല ഇരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.