‘തെളിഞ്ഞ കാലാവസ്ഥയായിരുന്നു; പെട്ടെന്ന് പ്രസിഡന്റിന്റെ കോപ്ടർ കാണാതായി’
text_fields‘‘ഉച്ചക്കുള്ള നമസ്കാരത്തിനുശേഷം ഞങ്ങളുടെ ഹെലികോപ്ടറുകൾ തിബ്രീസിന്റെ ദിശയിലേക്ക് പുറപ്പെട്ടു. പ്രസിഡന്റിന്റെ കോപ്ടറിനു പിന്നിൽ മൂന്നാമത്തേതായിരുന്നു ഞങ്ങളുടേത്. തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ആശങ്കപ്പെടേണ്ട തരത്തിൽ ഒന്നുമുണ്ടായിരുന്നില്ല. യാത്ര സുരക്ഷിതമല്ലെന്ന കാലാവസ്ഥ പ്രവചനങ്ങളും ഉണ്ടായിരുന്നില്ല. യാത്ര തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ സൺഗൺ ചെമ്പു ഖനിയുടെ ഭാഗത്ത് എത്തുംമുമ്പ് ചെറിയ മേഘങ്ങളുടെ കൂട്ടം ഉണ്ടായിരുന്നു. താഴെ മൂടൽമഞ്ഞ് ഉണ്ടായിരുന്നുവെങ്കിലും കോപ്ടറിന്റെ സഞ്ചാരപാതയിൽ മഞ്ഞ് അനുഭവപ്പെട്ടില്ല.
ഇടുങ്ങിയ പ്രദേശത്ത്, ഒരു പാറക്കെട്ടിന് മുകളിൽ ചെറിയ മേഘങ്ങൾ ഉണ്ടായിരുന്നു. അവ ഞങ്ങളുടെ കോപ്ടറുകളുടെ അതേ ഉയരത്തിലായിരുന്നു. അപ്പോൾ പ്രസിഡന്റ് സഞ്ചരിച്ച കോപ്ടറിന്റെ പൈലറ്റ് ബാക്കിയുള്ള പൈലറ്റുമാരോട് മേഘങ്ങൾക്ക് മുകളിലൂടെ പോകാൻ നിർദേശിച്ചു. അദ്ദേഹമായിരുന്നു കോപ്ടർ വ്യൂഹത്തിന്റെ കമാൻഡർ. മേഘങ്ങൾക്കു മുകളിലൂടെയുള്ള പറക്കൽ ഒട്ടും ദുഷ്‍കരമായിരുന്നില്ല. ഒരു പ്രയാസവും അനുഭവപ്പെട്ടില്ല. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ വിമാനങ്ങളിൽ പ്രക്ഷുബ്ധാവസ്ഥ അനുഭവപ്പെടാറുണ്ട്. അങ്ങനെയൊന്നുമുണ്ടായില്ല. നിർദേശമനുസരിച്ച് മേഘത്തിനു മുകളിലൂടെ 30 സെക്കൻഡ് പറന്നപ്പോഴാണ് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന കോപ്ടർ കാണാനില്ലെന്ന് ഞങ്ങളുടെ പൈലറ്റിന് മനസ്സിലായത്. അൽപം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് താഴെ ചെമ്പുഖനിയുടെ ഭാഗം കാണാൻ കഴിഞ്ഞു. അപ്പോൾ മേഘങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
പൈലറ്റ് വേഗം യു ടേൺ എടുക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് ഒരു ഹെലികോപ്ടർ കാണാനില്ലെന്ന കാര്യം പറഞ്ഞത്. അവർ അടിയന്തര ലാൻഡിങ് നടത്തിയെന്നാണ് ഞങ്ങൾ കണക്കുകൂട്ടിയത്. റേഡിയോ സംവിധാനം വഴി ഞങ്ങൾക്ക് അവരുമായി ആശയവിനിമയം നടത്താൻ കഴിയുന്നുണ്ടായിരുന്നില്ല. ഒന്നര മിനിറ്റു മുമ്പാണ് അവരെ അവസാനമായി ബന്ധപ്പെട്ടത്, അതായത് മേഘത്തിനുമുകളിലൂടെ പറക്കാൻ പറഞ്ഞ സമയത്ത്. അതായിരുന്നു അവസാനത്തെ ആശയവിനിമയം.
കോപ്ടറിൽ സഞ്ചരിക്കവെ അബ്ദുല്ലഹിയാൻ, സുരക്ഷ ഉദ്യോഗസ്ഥൻ, കിഴക്കൻ അസർബൈജാൻ ഗവർണർ, തിബ്രീസിലെ ഇമാം ഉൾപ്പെടെ എല്ലാ യാത്രക്കാരുമായി സെൽഫോൺ വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. കാണാതായതോടെ ഞങ്ങൾ എല്ലാവരെയും മാറിമാറി വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. കുറെ ശ്രമങ്ങൾക്ക് ശേഷം, പ്രസിഡന്റിനെ അനുഗമിക്കുന്ന ക്യാപ്റ്റന്റെ സെൽഫോണിലേക്ക് വിളിച്ചപ്പോൾ ആരോ എടുത്തു. അത് തിബ്രീസിലെ ഇമാം ആയത്തുല്ല ഹാശിമായിരുന്നു.
തനിക്ക് അവശത തോന്നുന്നതായി അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞാൻ േചാദിച്ചു. അറിയില്ലെന്നായിരുന്നു മറുപടി. എവിടെയാണുള്ളതെന്ന് ചോദിച്ചപ്പോഴും അറിയില്ല എന്നായിരുന്നു മറുപടി. കുറെ മരങ്ങൾ മാത്രമാണ് ചുറ്റും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഒറ്റക്കാണെന്നും മറ്റൊന്നും കാണാൻ കഴിയുന്നില്ലെന്നും മറുപടി നൽകി. ചെമ്പ് ഖനിയിൽ ആംബുലൻസ്, വാഹനങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരുന്നു. കാണാതായവരെ അന്വേഷിക്കാൻ ഞങ്ങൾ ഒരു സംഘം രൂപവത്കരിച്ചു. അടിയന്തര സഹായത്തിനായി അഭ്യർഥിക്കുകയും ചെയ്തു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.