ഇലോൺ മസ്കിനെനെതിരെ വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: സെമിറ്റിക് വിരുദ്ധത പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെ കുറ്റപ്പെടുത്തി വൈറ്റ് ഹൗസ്. ജൂതന്മാർ വെള്ളക്കാർക്കെതിരെ വിദ്വേഷം വളർത്തുന്നുവെന്ന കുറിപ്പിന് ‘അത് സത്യമല്ലേ’ എന്ന് മറുപടി നൽകിയതാണ് അമേരിക്കൻ ഭരണകൂടത്തെയും കോർപറേറ്റ് കമ്പനികളെയും ചൊടിപ്പിച്ചത്. ‘അമേരിക്കയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരായ, വംശീയ വിദ്വേഷം അടങ്ങുന്ന എല്ലാ പ്രതികരണത്തെയും അപലപിക്കുമെന്നും ഓരോ തിരിവിലും തങ്ങൾ ജൂതവിരുദ്ധതയെ അപലപിക്കുന്നത് തുടരുമെന്നും വൈറ്റ് ഹൗസ് വക്താവ് ആൻഡ്ര്യൂ ബേറ്റ്സ് പറഞ്ഞു.
ആപ്പിൾ ഉൾപ്പെടെ കമ്പനികൾ എക്സിൽനിന്ന് പരസ്യം പിൻവലിച്ചു
വാഷിങ്ടൺ: വംശീയ വിദ്വേഷം ആരോപിച്ച് വൻകിട കമ്പനികൾ ഇലോൺ മസ്കിന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽനിന്ന് പരസ്യങ്ങൾ പിൻവലിച്ചു. ആപ്പിൾ, ഐ.ടി ഭീമൻ ഐ.ബി.എം, ഒറാക്കിൾ, മാധ്യമ കമ്പനി ഡിസ്നി, വൻകിട സിനിമ കമ്പനികളായ വാർണർ ബ്രദേഴ്സ്, പാരാമൗണ്ട്, സോണി പിക്ചേഴ്സ്, എൻ.ബി.സി യൂനിവേഴ്സൽ തുടങ്ങിയവയാണ് പരസ്യം പിൻവലിച്ചത്. എക്സിന്റെ ഏറ്റവും വലിയ പരസ്യദാതാക്കളാണിവ.
ഒരോ വർഷവും പരസ്യത്തിനായി 10 കോടി ഡോളർ വരെ അവർ ചെലവഴിക്കാറുണ്ട്. അഡോൾഫ് ഹിറ്റ്ലറെയും നാസികളെയും പ്രകീർത്തിക്കുന്ന പോസ്റ്റുകൾക്കിടയിൽ ആപ്പിളിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യം പിൻവലിക്കൽ. വിദ്വേഷ ട്വീറ്റുകൾക്ക് സമീപം തങ്ങളുടെ പരസ്യങ്ങൾ വരുന്നതിൽ പ്രതിഷേധിച്ചാണ് ഐ.ബി.എം പരസ്യം പിൻവലിച്ചത്. പരസ്യം പിൻവലിക്കൽ തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്കെതിരെ ഇലോൺ മസ്ക് രംഗത്തെത്തി. ഫലസ്തീൻ വിമോചനത്തെ പിന്തുണക്കുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുന്ന എക്സ് അക്കൗണ്ട് മരവിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.