‘ഇനി ബംഗ്ലാദേശിൽ ഇന്ത്യ-പാക് പക്ഷ രാഷ്ട്രീയത്തിന് ഇടമില്ല’
text_fieldsധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ ജനകീയ പ്രക്ഷോഭം നയിച്ച വിദ്യാർഥി കൂട്ടായ്മ പുതിയ പാർട്ടി രൂപവത്കരിച്ചു. സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനിഷേന്റെ (എസ്.എ.ഡി) നേതൃത്വത്തിലാണ് ജാതിയ നാഗരിക് പാർട്ടി (നാഷനൽ സിറ്റിസൻ പാർട്ടി) പ്രഖ്യാപിച്ചത്.
എസ്.എ.ഡി നേതാവായിരുന്ന നഹിദ് ഇസ്ലാമാണ് പാർട്ടിയുടെ കൺവീനർ. മധ്യ ധാക്കയിലെ മനിക് മിയ അവന്യൂവിൽ നടന്ന പാർട്ടി പ്രഖ്യാപന റാലിയിൽ വത്തിക്കാന്റെയും പാകിസ്താന്റെയും പ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കി ഒരു മിനിറ്റ് മൗനം ആചരിച്ചു.
ഇന്ത്യാപക്ഷ രാഷ്ട്രീയത്തിനും പാകിസ്താൻ അനുകൂല രാഷ്ട്രീയത്തിനും ബംഗ്ലാദേശിൽ ഇടമില്ലെന്ന് നഹിദ് ഇസ്ലാം പറഞ്ഞു. ബംഗ്ലാദേശ് ജനതയുടെ താൽപര്യങ്ങൾ മുൻനിർത്തിയായിരിക്കും രാജ്യത്തെ മുന്നോട്ടുനയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അവാമി ലീഗ് ഒഴികെയുള്ള പാർട്ടിനേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനിസിന്റെ പിന്തുണയോടെയാണ് പാർട്ടി രൂപവത്കരിച്ചതെങ്കിലും അദ്ദേഹം റാലിയിൽ പങ്കെടുത്തില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.