റഷ്യൻ പ്രദേശങ്ങളെ ആക്രമിക്കാൻ പദ്ധതിയില്ല -സെലൻസ്കി
text_fieldsബർലിൻ: റഷ്യൻ പ്രദേശങ്ങളെ ആക്രമിക്കാൻ യുക്രെയ്ന് പദ്ധതിയില്ലെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ജർമൻ ചാൻസലർ ഒലഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, നിയമവിരുദ്ധമായി കൈയടക്കിയ പ്രദേശങ്ങളെ മോചിപ്പിക്കാൻ പ്രത്യാക്രമണത്തിന് തയാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായ കാലത്തോളം യുക്രെയ്നെ സഹായിക്കുമെന്ന് ഷോൾസ് പ്രഖ്യാപിച്ചു. യുക്രെയ്ന് 2.7 ബില്യൺ യൂറോയുടെ ആയുധങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അനുദിനമെന്നോണം നടക്കുന്ന റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അത്യാധുനിക ജർമൻ ലെപ്പാർഡ് ടാങ്കുകൾ, കൂടുതൽ വിമാനവേധ സംവിധാനങ്ങൾ തുടങ്ങിയവയാണ് നൽകുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യ ആക്രമണം തുടങ്ങിയശേഷം യുക്രെയ്ന് ലഭിക്കുന്ന ഏറ്റവും വലിയ ആയുധ സഹായമാണ് ഇതെന്ന് സെലൻസ്കി പറഞ്ഞു.
യുക്രെയ്ൻ നിരന്തരം റഷ്യൻ പ്രദേശങ്ങളിൽ ആക്രമണം നടത്തുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്. ഈമാസാദ്യം ക്രെംലിനിൽ ഡ്രോൺ ആക്രമണം നടത്തിയതായും ആരോപിച്ചിരുന്നു.
ഞായറാഴ്ച വൈകീട്ട് പടിഞ്ഞാറൻ നഗരമായ ആഖെനിലെത്തിയ സെലൻസ്കി പ്രശസ്തമായ കാൾമെയ്ൻ പുരസ്കാരം ഏറ്റുവാങ്ങി. യൂറോപ്യൻ ഐക്യം ഊട്ടിയുറപ്പിക്കാൻ നൽകുന്ന സംഭാവനകൾ പരിഗണിച്ച് സമ്മാനിക്കുന്നതാണ് ഈ പുരസ്കാരം. വിൻസ്റ്റൺ ചർച്ചിൽ, ഫ്രാൻസിസ് മാർപാപ്പ, ബിൽ ക്ലിന്റൺ തുടങ്ങിയവർ നേരത്തേ ഈ പുരസ്കാരം നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇറ്റലിയിൽനിന്നാണ് സെലൻസ്കി ജർമനിയിൽ എത്തിയത്. അദ്ദേഹത്തിെന്റ യാത്രയിൽ രണ്ട് ജർമൻ യുദ്ധവിമാനങ്ങളും അനുഗമിച്ചിരുന്നു. റോമിൽ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മറ്റരെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായും വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, ശനിയാഴ്ച രാത്രി റഷ്യ അയച്ച 25 ഡ്രോണുകളും മൂന്ന് ക്രൂസ് മിസൈലുകളും തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലെ യുക്രെയ്ൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.