ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങൾ ഇവയാണ്... പട്ടികയിൽ രണ്ട് ഇന്ത്യൻ നഗരങ്ങളും
text_fieldsലണ്ടൻ: തിരക്കു കാരണം വീർപ്പുമുട്ടുന്ന നഗരജീവിതം ലോകത്തുടനീളമുള്ള കാഴ്ചകളാണ്. ഗതാഗതക്കുരുക്കിലകപ്പെട്ട് ഇഴഞ്ഞുനീങ്ങേണ്ടിവരുന്ന അനുഭവങ്ങൾ മനംമടുപ്പിക്കുന്നതാകും പലപ്പോഴും. ലണ്ടൻ നഗരത്തിൽ റോഡുവഴി പത്തുകിലോമീറ്റർ പിന്നിടാൻ ഒരു വ്യക്തി ചെലവിടുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കൻഡുമാണ്. 2023 ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളെ കുറിച്ച് ആംസ്റ്റർഡാം ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് ടോംടോം തയാറാക്കിയ പഠന റിപ്പോർട്ടിലാണ് നഗരത്തിരക്കിന്റെ തീക്ഷ്ണത വെളിവാക്കുന്ന വിവരങ്ങളുള്ളത്. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളുടെ ലിസ്റ്റിൽ ഈ 37 മിനിറ്റ് 20 സെക്കൻഡ് സമയവുമായി ലണ്ടൻ ആണ് ഒന്നാമത്.
ഇന്ത്യയിൽനിന്ന് രണ്ടു നഗരങ്ങൾ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ബെംഗളൂരുവും പുണെയുമാണ് യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതും തിരക്ക് കുറയ്ക്കുന്നതിനുള്ള തന്ത്രപരമായ നയങ്ങളും ടോംടോം പഠന റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
55 രാജ്യങ്ങളിലായി 387 നഗരങ്ങളിൽ നടത്തിയ സമഗ്രമായ പഠനത്തിലാണ് തിരക്കിന്റെ പ്രതിരൂപമായി ലണ്ടനെ വിശേഷിപ്പിച്ചത്. 29 മിനിറ്റും 30 സെക്കൻഡും കൊണ്ട് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനും 29 മിനിറ്റ് ശരാശരി യാത്രാ സമയമുള്ള ടൊറന്റോയും തൊട്ടുപിന്നാലെയാണ്. ലോകത്തിന്റെ ഫാഷൻ തലസ്ഥാനം എന്ന് വാഴ്ത്തപ്പെടുന്ന ഇറ്റലിയിലെ മിലാനാണ് നാലാം സ്ഥാനത്ത്. 2023ൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ മിലാൻ നഗരത്തിൽ വ്യക്തികൾ ശരാശരി 28 മിനിറ്റും 50 സെക്കൻഡും ചെലവഴിച്ചു.
പെറുവിലെ ലിമയാണ് 28 മിനിറ്റും 30 സെക്കൻഡും യാത്രാ സമയവുമായി അഞ്ചാം സ്ഥാനത്ത്. ആറാമതുള്ള ബംഗളൂരുവിൽ കഴിഞ്ഞ വർഷം 10 കിലോമീറ്റർ യാത്രയ്ക്ക് ശരാശരി 28 മിനിറ്റും 10 സെക്കൻഡും ചെലവിട്ടതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം, സമാനമായ ദൂരത്തിന് പുണെ ചെലവഴിച്ചത് 27 മിനിറ്റും 50 സെക്കൻഡുമാണ് .
പുണെക്കു പിന്നിലായി റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഫിലിപ്പീൻസിലെ മനില, ബെൽജിയത്തിലെ ബ്രസൽസ് എന്നിവ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.