വിഭജനം അതിർത്തിക്കപ്പുറത്താക്കിയ കുടുംബവീട് സന്ദർശിക്കാൻ 75 വർഷത്തിന് ശേഷം റീന പാകിസ്താനിൽ
text_fieldsലഹോർ: പാകിസ്താനിലെ കുടുംബവീട് സന്ദർശിക്കണമെന്ന റീന ഛിബ്ബർ വർമ (90)യുടെ ആഗ്രഹത്തിന് ഒടുവിൽ സാഫല്യം. പാകിസ്താൻ വിസ അനുവദിച്ചതിനെ തുടർന്ന് കുട്ടിക്കാലം ചെലവിട്ട വീടുകാണാൻ 75 വർഷത്തിന് ശേഷം അവർ വീണ്ടും വാഗാ അതിർത്തി കടന്ന് പാകിസ്താനിലെത്തി. അവിടെ നിന്ന് റാവൽപിണ്ടിയിലേക്ക് തിരിച്ച റീന, പ്രേം നിവാസ് എന്ന കുടുംബവീടും പഠിച്ച വിദ്യാലയവും ബാല്യകാല സുഹൃത്തുക്കളെയും സന്ദർശിച്ചേ മടങ്ങൂ.
ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് 15ാം വയസ്സിലാണ് റീനയുടെ കുടുംബം പാകിസ്താനിലെ വീടുപേക്ഷിച്ച് ഇന്ത്യയിലേക്ക് കുടിയേറിയത്. നിലവിൽ പുണെയിലാണ് റീന താമസിക്കുന്നത്. ബാല്യകാലം ചെലവിട്ട റാവൽപിണ്ടിയിലെ ഭവനം സന്ദർശിക്കണമെന്ന ആഗ്രഹത്തിൽ 1965 ൽ ആദ്യം വിസക്ക് അപേക്ഷിച്ചു. അന്ന് പാക് അധികൃതർ യുദ്ധവും മറ്റ് കാരണങ്ങളാലും അപേക്ഷ തള്ളി.
അടുത്തിടെ വീണ്ടും അപേക്ഷിച്ചെങ്കിലും നിരസിച്ചു. തുടർന്ന് തന്റെ ആഗ്രഹം അറിയിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിനെ ടാഗ് ചെയ്യുകയായിരുന്നു. അവരുടെ സഹായം ലഭിച്ചതോടെ ഇന്ത്യയിലെ പാക് ഹൈകമീഷൻ മൂന്ന് മാസ വിസ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.