ശൈഖ് ഹസീനക്ക് ബംഗ്ലാദേശ് വിടാൻ ആഗ്രഹമുണ്ടായിരുന്നില്ല; അമ്മയുടെ ജീവൻ നഷ്ടമാകുമെന്ന് ഭയന്നുവെന്ന് മകൻ
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് വിടണമെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്ന് മകൻ സജീബ് വസീദ് ജോയ്. ബുധനാഴ്ച നൽകിയ ഒരു അഭിമുഖത്തിലാണ് വാസാദ് ഇക്കാര്യം പറഞ്ഞത്. പിന്നീട് കുടുംബാംഗങ്ങൾ ബംഗ്ലാദേശിലെ സാഹചര്യം ഹസീനയെ പറഞ്ഞ് മനസിലാക്കുകയായിരുന്നു. ആൾക്കൂട്ടം കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോഴാണ് മാതാവ് നാട് വിടാൻ തയാറായതെന്നും സജീബ് വസീദ് പറഞ്ഞു.
അമ്മ ബംഗ്ലാദേശ് വിടുന്നതിലായിരുന്നില്ല തനിക്ക് ആശങ്ക. ബംഗ്ലാദേശിൽ നിന്നും അവർ വരാൻ തയാറാകാത്തതിലായിരുന്നു തനിക്ക് ആശങ്കയുണ്ടായിരുന്നത്. അവരുടെ ജീവൻ നഷ്ടമാകുമെന്ന് ഭയന്നു. ഇതൊരു രാഷ്ട്രീയമുന്നേറ്റമല്ല. ആൾക്കൂട്ടം മാത്രമാണ്. അവർ നിങ്ങളെ ചിലപ്പോൾ കൊലപ്പെടുത്തിയേക്കുമെന്ന് ശൈഖ് ഹസീനയോട് പറഞ്ഞുവെന്ന് മകൻ വ്യക്തമാക്കി.
യു.കെയിലോ യു.എസിലോ ശൈഖ് ഹസീന അഭയം തേടിയെന്ന വാർത്തകളും സജീബ് വസേദ് തള്ളി. കുറച്ചുകാലത്തേക്ക് കൂടി മാതാവ് ഇന്ത്യയിൽ തുടരുമെന്ന് സജീബ് വസീദ് ജോയി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപത്തിനൊടുവിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തിയത്.
സഹോദരിക്കൊപ്പം അവർ യു.കെയിൽ അഭയം തേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അഭയം നൽകണമെന്ന അവരുടെ അഭ്യർഥന നിരസിച്ച യു.കെ ഇപ്പോഴുള്ള രാജ്യത്ത് തന്നെ തുടരുകയാവും നല്ലതെന്ന നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.