'അവർ ഞങ്ങളെ കൊല്ലും'- അഫ്ഗാൻ യുദ്ധവിമാനങ്ങളുമായി നാടുവിട്ട് ഉസ്ബെക് ക്യാമ്പിൽ കഴിയുന്ന പൈലറ്റുമാർ ഭീതിയിൽ
text_fieldsതാഷ്കെന്റ്: താലിബാനു മുന്നിൽ കാബൂൾ അതിവേഗം വീഴുന്നത് കണ്ട് അഫ്ഗാനിസ്താനിലുണ്ടായിരുന്ന 22 യുദ്ധവിമാനങ്ങളും 24 സൈനിക ഹെലികോപ്റ്ററുകളുമായി രാജ്യംവിട്ടതായിരുന്നു അവർ. അഭയം തേടിയത് അയൽ രാജ്യമായ ഉസ്ബെകിസ്താനിലും. എന്നാൽ, എല്ലാം കീഴ്മേൽ മറിയുന്ന പുതിയ സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെടുമെന്ന ആധി അവരെ പിടികൂടിയിരിക്കുന്നു.
അമേരിക്ക പരിശീലിപ്പിച്ച 585 അഫ്ഗാൻ വ്യോമസേനാംഗങ്ങളാണ് യുദ്ധവിമാനങ്ങൾ താലിബാൻ നിയന്ത്രണത്തിലാകരുതെന്ന് കരുതി അവയുമായി അതിവേഗം നാടുവിട്ടത്. എല്ലാം തിർമിസ് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
എന്നാൽ, ഇവരെ എത്രയും പെട്ടെന്ന് അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്ന കണക്കുകൂട്ടൽ മൂന്നാഴ്ച കഴിഞ്ഞും നടപ്പായില്ലെന്ന് മാത്രമല്ല, അഫ്ഗാനിസ്താനിലേക്ക് തിരികെ പോകേണ്ടിവരുമെന്ന ഭീതി നിലനിൽക്കുകയാണ്. 'അഫ്ഗാനിലെത്തിയാൽ അവർ വധിച്ചുകളയും. 100 ശതമാനം ഉറപ്പാണ്''- ഒരു പൈലറ്റ് പറയുന്നു.
ഉസ്ബെകിസ്താനിലെ ക്യാമ്പിൽ കഴിയുന്ന ഇവർക്ക് കടുത്ത യാത്ര നിയന്ത്രണം നിലനിൽക്കുന്നതായി റിേപ്പാർട്ടുകൾ സൂചിപ്പിക്കുന്നു. ആവശ്യത്തിന് ഭക്ഷണവും മരുന്നും കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ജയിലിലടക്കപ്പെട്ട പോലെയാണ് ക്യാമ്പ് ജീവിതമെന്ന് വൈമാനികർ കുറ്റപ്പെടുത്തി.
അഫ്ഗാൻ യുദ്ധ വിമാനങ്ങളും ഈ വൈമാനികരെയും എന്തു ചെയ്യുമെന്ന് ബൈഡൻ ഇനിയും വ്യക്തമാക്കിയിട്ടില്ല. വിമാനങ്ങൾ അഫ്ഗാനിസ്ഥാന്റെത് ആയതിനാൽ ആരുടെ നിയന്ത്രണത്തിൽ സൂക്ഷിക്കുമെന്ന ചോദ്യം നിലനിൽക്കുകയാണ്. വൈമാനികരെ തിരികെയെത്തിക്കാൻ ഉസ്ബെകിസ്താനു മേൽ താലിബാൻ സമ്മർദം ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളുമായി അഫ്ഗാനിസ്താനിലുണ്ടായിരുന്ന മൊത്തം 160 എണ്ണത്തിൽ 46 എണ്ണമാണ് ഉസ്ബെകിസ്താനിലുള്ളത്. അധികവും കാബൂൾ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നവയാണ്. ചിലത് മസാറെ ശരീഫിെല ക്യാമ്പിൽനിന്നും. ഇതിലൊരു വിമാനം ഉസ്ബെക് വിമാനവുമായി കൂട്ടിയിടിച്ച് ദുരന്തമുഖത്തായതും റിപ്പോർട്ട് ചെയ്യപ്പെട്ടു. എ-29 സൂപർ ടുകാനോ വിമാനം, യു.എച്ച്-60 ബ്ലാക് ഹോക് ഹെലികോപ്റ്റർ, എം.ഡി- 530 ഹെലികോപ്റ്റർ, എം.ഐ-10 ഹെലികോപ്റ്റർ എന്നിവ പറത്തിയ വൈമാനികരാണ് ക്യാമ്പിൽ കഴിയുന്നത്. എല്ലാം യുദ്ധാവശ്യങ്ങൾക്കുള്ള ചെറിയ വിഭാഗത്തിൽപെട്ടവയാണ്. ഈ വിമാനങ്ങൾ കൂടി രാജ്യത്തിന് മടക്കി നൽകണമെന്ന് താലിബാൻ ആവശ്യമുന്നയിച്ചിട്ടുണ്ട്.
നാടുവിട്ടതിന് ആർക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കില്ലെന്നും ഇവർ കൂടി പുതിയ സർക്കാറിനു കീഴിൽ വൈമാനികരായി ചേരണമെന്നുമാണ് താലിബാൻ ആവശ്യം. ഇത് വൈമാനികർ സ്വീകരിക്കുമോയെന്നറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.