ദുഃസ്വപ്നം അവസാനിച്ചിരിക്കുന്നു; ബൊൽസൊനാരോ തകർത്തെറിഞ്ഞ ബ്രസീലിനെ പുതുക്കിപ്പണിയുമെന്ന് ലുല ഡ സിൽവ
text_fieldsസാവോ പോളോ: ജയ്ർ ബൊൽസൊനാരോ തകർത്തെറിഞ്ഞ ബ്രസീലിനെ പുതുക്കിപ്പണിയതുമെന്ന് ലുല ഡ സിൽവ. ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു ലുല. പുനരുദ്ധരണം എത്രയും പെട്ടെന്ന് തുടങ്ങുമെന്നും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നീതിക്കുമായിരിക്കും തന്റെ ഭരണകാലത്ത് മുൻഗണനയെന്നും ലുല വ്യക്തമാക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്ത് ആയിരക്കണക്കിന് അനുയായികളാണ് ലുല അധികാരമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. ബ്രസീൽ ചരിത്രത്തിലെ ഏറ്റവും മോശമായ യുഗം അവസാനിച്ചതായും ലുല പ്രഖ്യാപിച്ചു.
''ഇരുളും അനിശ്ചിതത്വവും വേദനകളും നിറഞ്ഞ കാലഘട്ടമായിരുന്നു അത്. എന്നാൽ ആ ദുഃസ്വപ്നം അവസാനിച്ചിരിക്കുന്നു. ഭിന്നിച്ചു പോയ ലാറ്റിനമേരിക്കൻ രാജ്യത്തെ ഒന്നിപ്പിക്കും. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചവർക്ക് വേണ്ടി മാത്രമല്ല, 21.5 കോടി ബ്രസീൽ ജനതയുടെ നൻമക്കായി പ്രവർത്തിക്കും.വിദ്വേഷ പ്രസംഗങ്ങൾക്കും കള്ളങ്ങൾക്കുമിടയിൽ നട്ടം തിരിയുകയായിരുന്നു ജനങ്ങൾ. വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത സൗഹൃദങ്ങളാണ് അത് തകർത്തെറിഞ്ഞത്. ബ്രസീൽ ജനത ഇനി ഒറ്റക്കെട്ടാണ്. ''-ലുല പറഞ്ഞു.
ഫാക്ടറി തൊഴിലാളിയിൽ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്തിയ ചരിത്രമാണ് 77കാരനായ ലുല ഡ സിൽവയുടെത്. 2003 മുതൽ 2010 വരെയാണ് ലുല പ്രസിഡന്റ് സ്ഥാനത്തിരുന്നത്. അധികാരത്തിൽ ഇത് മൂന്നാം ഊഴമാണ്. സ്ഥാനാരോഹണചടങ്ങിനിടെ തന്റെ മുൻഗാമിയുടെ പേര് ലുല പരാമർശിച്ചതേയില്ല.
തീവ്രവലതുപക്ഷക്കാരനായിരുന്ന ബൊൽസൊനാരോ യു.എസിലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയായിരുന്നു. കോവിഡ് കാലത്ത് ബൊൽസൊനാരോയുടെ കെടുകാര്യസ്ഥത മൂലം 7 ലക്ഷം ആളുകളാണ് രാജ്യത്ത് മരണപ്പെട്ടത്. ദശലക്ഷങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിലായി. പരിസ്ഥിതി സംരക്ഷണത്തിന് എതിരായ ബൊൽസൊനാരോയുടെ ഭരണത്തിൽ ആമസോൺ മഴക്കാടുകളുടെ സംരക്ഷണവും അവതാളത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.